‘അധികാരം തോക്കിന് കുഴലിലൂടെ’ എന്ന മാവോസൂക്തത്തിന് കാറല്‍ മാര്‍ക്സിന്റെ വചനങ്ങളേക്കാളും ലെനിനിസ്റ്റ് സംഘടനാതത്വത്തേക്കാളും പ്രചാരം ലഭിക്കുകയുണ്ടായി. 1949 ല്‍ ചൈനയുടെ അധികാരം പിടിച്ചെടുത്ത മാവോ സേതൂങ്ങ് 28 വര്‍ഷത്തെ ജനകീയ ജനാധിപത്യ വാഴ്ചയ്ക്കുശേഷം 1977 ല്‍ അന്തരിച്ചു. മാവോയില്ലാത്ത ചൈന ഡെംഗ് സിയാവോ പിംഗിലൂടെ ഇന്ന് ‘മാര്‍ക്കറ്റ് സോഷ്യലിസ’ത്തിലും ചുവന്ന മുതലാളിത്വത്തിലും എത്തിനില്ക്കുമ്പോള് അധികാരമല്ല, അഴിമതിയാണ് തോക്കിന് കുഴലിലൂടെ വരുന്നത്.
‘ജനകീയ പ്രധാനമന്ത്രി’ എന്ന് വിളിപ്പേരുള്ള വെന്‍ ജിയാബൊയുടെ കുടുംബം 2.7 ബില്യണ്‍ ഡോളര്‍ സ്വത്തിന്റെ ഉടമകളാണെന്ന ‘ന്യൂയോര്‍ക്ക് ടൈംസ്’ മാസിക വെളിപ്പെടുത്തുമ്പോള്‍ അഴിമതിയുടെ മഹത്തായ കുതിച്ചു ചാട്ടം തന്നെയാണ് ചൈനയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാവും. വെന്‍ ജിയാബോയുടെ അമ്മ യാങ്ങ് ഷിയുന്, ഭാര്യ ഷാങ്ങ് ബെയ്ലി, മകന് വെന്‍ യുങ്ങ്സോങ്ങ്, ഇളയ സഹോദരന് വെന്‍ജിയാ ബോങ്ങ്, സഹോദരി ഭര്‍ത്താവ് എന്നിവരുള്‍പ്പെട്ട സംഘം കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിന് കീഴില്‍ ഒരു സാമ്പത്തിക സാമ്രാജ്യം തന്നെയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
ദാരിദ്ര്യപൂര്‍ണമായ ചുറ്റുപാടില്‍നിന്ന് വെന്നിന്റെ വിധവയായ അമ്മ യാങ്ങ് എടുത്തെറിയപ്പെട്ടത് കോടാനുകോടികളുടെ സമ്പാദ്യത്തിലേക്കാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ചൈനയിലെ ‘പിങ് ആന്‍’ എന്ന വമ്പന്‍ കമ്പനിയില്‍ വെന്നിന്റെ തൊണ്ണൂറുകാരിയായ അമ്മയ്ക്ക് ഉള്ളത് 120 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ്. ഇത്രയേറെ പണം എങ്ങനെ സ്വരൂപിച്ചുവെന്നോ ഇങ്ങനെയൊരു നിക്ഷേപം തനിക്കുള്ളതായി അവര്‍ക്ക് അറിയുമോ എന്നും വ്യക്തമല്ലെന്ന് പറയുന്ന ‘ന്യൂയോര്‍ക്ക് ടൈംസ്’ പക്ഷെ ഒരു കാര്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മകന് 1998 ല്‍ ചൈനയുടെ ഉപപ്രധാനമന്ത്രിയായും അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഉയര്‍ന്നതിന് ശേഷമായിരുന്നു അമ്മ കോടികളുടെ അധിപയായത്. വെന്നിന്റെ സ്വന്തം നഗരമായ ടിയാന്‍ജിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘തായ് ഹോങ്ങ്’ എന്ന കമ്പനിയുടെ പേരിലാണ് അമ്മയുടെ നിക്ഷേപമുള്ളത്. 2007ലെ ഔദ്യോഗിക രേഖകളും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ചാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ ഈ തുക കണക്കാക്കിയിട്ടുള്ളത്.
വെന്‍ ജിയാബോയുടെ ‘ഡയമണ്ട് ക്യൂന്‍’ എന്നറിയപ്പെടുന്ന ഭാര്യ ഷാങ്ങ് ബെയ്ലി ചൈനയിലെ മുന്‍നിര ആഭരണ-രത്ന വ്യാപാരിയാണ്. രാജ്യത്തെ വൈരക്കല്ല് നിര്‍മാണ കമ്പനികളുടെ അധിപയായ ഷാങ്ങ് ഇതുവഴി തന്റെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഉണ്ടായിരുന്ന ചെറിയ തോതിലുള്ള നിക്ഷേപത്തെ ശതകോടികളാക്കി ഉയര്‍ത്തിയെന്നാണ് ‘ടൈംസ്’ കണ്ടെത്തിയിട്ടുള്ളത്. ഷാങ്ങ് ബെയ്ലിയെക്കുറിച്ച് ‘ന്യൂയോര്‍ക്ക് ടൈംസ്’നല്കുന്ന ദീര്‍ഘമായ വിവരണം ഇങ്ങനെ ചുരുക്കാം: “പ്രധാനമന്ത്രിയുടെ ഭാര്യയായ ഷാങ്ങ് ബെയ്ലി സമ്പന്നയാണെന്ന് ചൈനയിലെ ഭരണവൃത്തങ്ങള്ക്കറിയാം. എന്നാല്‍ അവരുടെ വജ്രവ്യാപാരം കുതിച്ചുയര്‍ന്നത് ഭര്‍ത്താവ് രാജ്യത്തിന്റെ ഉന്നതപദവിയിലെത്തിയശേഷമാണ്. ചൈനക്കാര്‍ക്ക് അത്ര സുപരിചിതയല്ലാത്ത ഷാങ്ങ് അപൂര്‍വമായി മാത്രമേ പ്രധാനമന്ത്രിക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ളൂ. മരതകങ്ങളും നല്ല വൈരക്കല്ലുകളും ഇഷ്ടപ്പെടുകയും ആധുനികവേഷം ധരിക്കുകയും പിന്നില്‍നിന്ന് ചരടുവലിക്കുകയും ചെയ്യുന്നവളെന്നാണ് പരിചയമുള്ളവര്‍ അവരെക്കുറിച്ച് പറയുന്നത്. വൈരക്കല്ലു വ്യാപാരത്തിനായി താനുമായുള്ള ബന്ധം ഷാങ്ങ് ചൂഷണം ചെയ്യുകയാണെന്ന് കണ്ട് ഒരിക്കല്‍ വിവാഹമോചനത്തെക്കുറിച്ച് വെന്‍ ആലോചിച്ചുവത്രെ. 2007 ല്‍ ബിജീംഗില്‍ നടന്ന ഒരു വ്യാപാരമേളയില്നിന്ന് ഷാങ്ങ് ഒരു ജോഡി മരതകക്കല്ല് വാങ്ങിയത് 27500 ഡോളറിനാണ്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത തയ്വാനീസ് ടിവിയെക്കൊണ്ട് ചൈനീസ് സര്‍ക്കാര്‍ പിന്നീട് അത് നിഷേധിപ്പിച്ചു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ഭര്‍ത്താവ് ഉപപ്രധാനമന്ത്രിയായപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി ചേര്‍ന്ന് വ്യാപാര സംരംഭങ്ങള്‍ തുടങ്ങുന്ന തിരക്കിലായിരുന്നു ഷാങ്ങ്. താന്‍ നടത്തിയിരുന്ന സര്‍ക്കാര്‍ കമ്പനിയിലെ നിക്ഷേപം ഷാങ്ങ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കമ്പനികളിലേക്ക് മാറ്റി. 1993 ല്‍ ഷാങ്ങിന്റെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട ‘ബീജിംഗ് ഡയമണ്ടി’ന്റെ 80 ശതമാനം ഓഹരിയും അവരുടെ ഇളയ സഹോദരന് ഷാങ്ങ് ജിയാന്‍ പിങ്ങിന്റെയും രണ്ട് സുഹൃത്തുക്കളുടേയും പേരിലാക്കി. ‘ബീജിംഗ് ഡയമണ്ടാ’കട്ടെ പ്രധാനമന്ത്രിയുടെ ഇളയസഹോദരന്റെ ‘ഷെന്‍ചെന്‍ ഡയമണ്ടി’ല്‍ നിക്ഷേപം നടത്തി. സര്‍ക്കാര്‍ ധനസഹായമുള്ള ‘സിനോ-ഡയമണ്ട്’ കമ്പനിയ്ക്ക് ഷാങ്ങിന്റെ മറ്റൊരു സഹോദരന് ഷാങ്ങ് ജിയാന്കുന് മേധാവിയായ സര്‍ക്കാര്‍ കമ്പനിയുമായി വ്യാപാര ബന്ധമുണ്ട്. 1999 ല്‍ റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും വജ്രം ഇറക്കുമതി ചെയ്യാന്‍ കരാറുണ്ടാക്കിയ ശേഷം ‘സിനോ-ഡയമണ്ടി’ന്റെ ഓഹരി മൂലധനം 50 ദശലക്ഷം ഡോളറായി ഉയര്‍ന്നു. ഇതില്‍ എട്ട് ദശലക്ഷം ഡോളര്‍ ഷാങ്ങ് കുടുംബത്തിന്റെ വകയായിരുന്നു.
വെന്‍ ജിയാബൊയുടെ വിന്‍സ്റ്റണ്‍ വെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരേയൊരു മകന് വെന്‍ യുന്സോങ്ങും അമ്മയുടെ പാതയിലാണ്. സര്‍ക്കാരിന്റെ വാഹനനിര്‍മ്മാണ കമ്പനിയായ ‘ചൈന മൊബെയില്‍’ തുടങ്ങിയപ്പോള്‍ തന്നെ നാല്‍പ്പതുകാരനായ വിന്സ്റ്റന് വെന്‍ അതിന്റെ മേധാവിയാണ്. സമീപവര്‍ഷങ്ങളില്‍ ഹോളിവുഡ് സ്റ്റുഡിയോകളുമായി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിന്സ്റ്റന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബീജിംഗിന്റെ പ്രാന്തപ്രദേശങ്ങളില്‍ 150 ദശലക്ഷം ഡോളര്‍ മുടക്കി ഉന്നതരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബോര്‍ഡിംഗ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിനായി കണക്റ്റികട്ടില്‍(അമേരിക്ക)നിന്ന് വിന്സ്റ്റന് വെന്‍ ഹെഡ്മാസ്റ്റര്‍മാരെ വാടകക്കെടുക്കുകയുണ്ടായി. ടെക്നോളജി വ്യവസായം, വൈദ്യുത കമ്പനി എന്നിവകളില്‍ ഓഹരി നിക്ഷേപമുള്ള വിന്സ്റ്റനിനും ഭാര്യയ്ക്കും ഓണ്‍ലൈന്‍ പെയ്മെന്റിനായി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘യൂണിയന് മൊബെയില്‍ പേയ്’ എന്ന കമ്പനിയില്‍ ബിനാമി നിക്ഷേപവുമുണ്ട്. ബീജിംഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിച്ചുകൊണ്ടാണ് വിന്സ്റ്റന് ഇതെല്ലാം ചെയ്യുന്നത്. “കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സ്വാധീനം ഉപയോഗിക്കുന്നതില്‍ മടിയുള്ളയാളല്ല വെന്‍” എന്നാണ് അദ്ദേഹത്തെ സ്ഥിരമായി സന്ദര്‍ശിക്കുന്ന ഒരു കമ്പനിയുടമ പറയുന്നത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ‘യൂണി ഹബ് ഗ്ലോബല്‍’ എന്ന പേരില്‍ രണ്ട് ദശലക്ഷം ഡോളര്‍ മുടക്കി വിന്സ്റ്റന് വെന്‍ 2000 ല്‍ ഒരു കമ്പനി തുടങ്ങുകയുണ്ടായി. ബന്ധുക്കളില്‍നിന്നും അമ്മയുടെ സുഹൃത്തുക്കളില്‍നിന്നും വജ്ര വ്യാപാരികളില്‍നിന്നുമാണ് ഇതിനായി പണം സ്വരൂപിച്ചത്. ഹോംങ്കോംഗിലെ രണ്ടാമത്തെ ധനാഢ്യനായ ചെങ്ങ് യു-ടുങ്ങും ഇക്കാര്യത്തില്‍ കയ്യയച്ച് സഹായിച്ചു. 2005 ല്‍ നോര്‍ത്ത് വെസ്റ്റേണില്നിന്നുള്ള സഹപാഠികളുമായി ചേര്‍ന്ന് വിന്സ്റ്റന് തുടക്കമിട്ട ‘ന്യൂ ഹോറിസോണ്‍ ക്യാപ്പിറ്റല്‍’ എന്ന സ്വകാര്യ കമ്പനി വളരെ പെട്ടെന്ന് നിക്ഷേപകരില്‍നിന്ന് സ്വരൂപിച്ചത് 100 ദശലക്ഷം ഡോളറാണ്. നാലിരട്ടി ലാഭമുണ്ടാക്കിയ ഈ കമ്പനി നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി നല്‍കിയത് 430 ദശലക്ഷം ഡോളറാണ്. ഇപ്പോള്‍ 2.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ‘ന്യൂ ഹോറിസോണി’നുള്ളത്. 2010 ല്‍ ‘സിഹുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്’ എന്ന കമ്പനിയുടെ ഒമ്പത് ശതമാനം ഓഹരി നിയമവിരുദ്ധമായി ‘ന്യൂ ഹോറിസോണ്‍’ വാങ്ങുകയുണ്ടായി.
പ്രധാനമന്ത്രി പദവിയില്‍ രണ്ടാമൂഴം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വെന്‍ ജിയാബൊ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. അഴിമതിക്കെതിരെ, പ്രത്യേകിച്ച് ഉന്നതോദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതിക്കെതിരെ പോരാടണമെന്നതായിരുന്നു അത്. “എല്ലാ തലത്തിലുമുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ മുന്നിട്ടിറങ്ങണം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അടുത്ത സഹായികള്‍ തുടങ്ങിയവര്‍ ഭരണസ്വാധീനം ദുരുപയോഗിക്കാന്‍ പാടില്ല” -വെന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രീയ നേതാക്കളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വത്ത് വെളിപ്പെടുത്തണമെന്ന് വെന്‍ മുമ്പൊരിക്കല്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ സ്വന്തം കുടുംബത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ വെന്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തായാലും ഇത്തരം എന്തെങ്കിലും വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
‘ന്യൂയോര്‍ക്ക് ടൈംസ്’ കണ്ടെത്തിയ 2.7 ബില്യണ്‍ ഡോളറില്‍ എണ്‍പത് ശതമാനവും പ്രധാനമന്ത്രി വെന്നിന്റെ അമ്മ, ഇളയ സഹോദരന്, രണ്ട് ഭാര്യാ സഹോദരന്മാര്, ഒരു ഭാര്യ സഹോദരി, മരുമകള്‍, മരുമകളുടെ മാതാപിതാക്കള്‍ എന്നിവരുടേതാണ്. ഇവരൊന്നും പാര്‍ട്ടി നിയമങ്ങള്‍ പാലിക്കേണ്ടവരല്ല. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഭാര്യ, മക്കള്‍ എന്നിവര്‍ക്കാണ് പാര്‍ട്ടി നിയമം ബാധകം. ‘ന്യൂയോര്‍ക്ക് ടൈംസ്’ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രതികരണത്തിനായി ചൈനീസ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ബന്ധുക്കളുടെ നിക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. പ്രത്യേകം അഭ്യര്‍ത്ഥിച്ചിട്ടും വെന്നിന്റെ കുടുംബവും നിശബ്ദത പാലിച്ചു. ഒരുകാര്യം ചെയ്യാന്‍ ചൈനീസ് ഭരണകൂടം മറന്നില്ല. ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്സൈറ്റിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി.
വെന്‍ ജിയാബൊയെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്നിട്ടുള്ള സാമ്പത്തിക സാമ്രാജ്യത്തിന്റെ ഭീകരത മനസ്സിലാവണമെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയതിന്റെ പശ്ചാത്തലം കൂടി അറിയണം. “കുട്ടിക്കാലത്ത് എന്റെ കുടുംബം അങ്ങേയറ്റം പാവപ്പെട്ടതായിരുന്നു” എന്ന് ഏറ്റുപറഞ്ഞിട്ടുള്ളയാളാണ് വെന്‍. അമ്മ സ്കൂള്‍ അധ്യാപികയായിരുന്നു. മാവോയുടെ കാലത്ത് പന്നി വളര്‍ത്തലായിരുന്നു വെന്നിന്റെ പിതാവിന്റെ ജോലി. ഈ അവസ്ഥയില്‍നിന്നാണ് 2.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്ക് വെന്നിന്റെ കുടുംബം ഉയര്‍ന്നത്. വെന്നിന്റെ ഉപപ്രധാനമന്ത്രി പദവും പ്രധാനമന്ത്രി പദവുമാണ് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഈ ‘മഹത്തായ കുതിച്ചുചാട്ട’ത്തിന് കാരണമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
പാഠപുസ്തകമാര്ക്സിസത്തെ പലനിലയ്ക്കും തിരുത്തിയാണ് മാവോ സേതൂങ്ങ് ചൈനയില്‍ ‘ജനകീയ ജനാധിപത്യം’ സ്ഥാപിച്ചത്. ലെനിനും സ്റ്റാലിനുമൊന്നുമല്ല, താനാണ് കാറല്‍ മാര്‍ക്സിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന ഭാവം മാവോയ്ക്കുണ്ടായിരുന്നു. മാവോയ്ക്കുശേഷം തനത് മാതൃകയിലുള്ള സോഷ്യലിസം കെട്ടിപ്പടുക്കുകയാണ് തങ്ങളെന്നാണ് ചൈനീസ് ഭരണാധികാരികള്‍ അവകാശപ്പെട്ടിട്ടുള്ളത്. അതാണിപ്പോള്‍ ‘ചുവന്ന മുതലാളിത്ത’വും ‘മാര്‍ക്കറ്റ് സോഷ്യലിസ’വുമായി മാറിയിരിക്കുന്നത്. പാര്‍ട്ടി ശത്രുക്കളുടെയും പാര്‍ട്ടിയിലെ ശത്രുക്കളുടെയും ഉന്മൂലനം ലക്ഷ്യമിട്ട് പ്രാവര്‍ത്തികമാക്കിയ സാംസ്ക്കാരിക വിപ്ലവത്തിന്റെ നായകനായിരുന്ന മാവോ ‘നിരന്തര വിപ്ലവ’ത്തിന്റെ വക്താവുമായിരുന്നു. അഴിമതിക്കെതിരാണ് എന്ന നാട്യമുണ്ടായിരുന്നെങ്കിലും ചൈനയിലെ രാഷ്ട്രീയ-സാമ്പത്തിക അഴിമതിയുടെ വേരുകള്‍ മാവോയിലാണെന്ന് പില്ക്കാലത്ത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു വന്മതിലിനും തടഞ്ഞുനിര്‍ത്താനാവാത്തവിധം അഴിമതിയുടെ സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറംലോകമറിയുന്നു എന്നതാണ് വെന്‍ ജിയാബൊയുടെ കാലത്തെ മാറ്റം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: