മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി പ്രശ്ന പരിഹാരത്തിനായി കെഎസ്ഇബി ഏരിയല്‍ ബഞ്ച്സ് കേബിള്‍ സിസ്റ്റം നടപ്പാക്കുന്നു. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് ഒരുകോടി രൂപ ഭരണാനുമതി ലഭിച്ചതായി ജോസഫ് വാഴക്കന് എംഎല്‍എ പറഞ്ഞു. നാഷണല്‍ ഇലക്ട്രിസിറ്റി ഫണ്ട് പ്രോഗ്രാമില്പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന മാര്‍ച്ചോടുകൂടി പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യം. പെരുമ്പാവൂര്‍ എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളി സബ്സ്റ്റേഷനില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ജംഗ്ഷന് വരെ നീളുന്ന ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ ശൃംഖല വരിക.
വെള്ളൂര്‍ക്കുന്നം, ഇലക്ട്രിക്കല്‍, നമ്പര്‍ രണ്ട് സെക്ഷന്‍, മേജര്‍ ഇലക്ട്രിക്കല്‍ തുടങ്ങി മൂന്ന് സെക്ഷനുകളാണ് ഇപ്പോഴുള്ളത്. ഈ മേഖലയിലുണ്ടാകുന്ന ചെറിയ തകരാറുമൂലം മൂവാറ്റുപുഴ നഗരത്തിലും പരിസര പ്രദേശത്തും വൈദ്യുതി വിതരണം മുടങ്ങുന്നത് പതിവാണ്. പുതിയ പദ്ധതി വരുന്നതോടെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. മൂവാറ്റുപുഴ നഗര പ്രദേശത്ത് 24 ഹൈടെന്‍ഷന്‍ ഉപഭോക്താക്കളും 32,000ത്തിലേറെ ഇതര ഉപഭോക്താക്കളും ഉണ്ട്. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍, ഫാക്ടറികള്‍, കമ്പനികള്‍ എന്നിവക്കും നവീകരണം പൂര്‍ത്തിയായി വുരന്ന താലൂക്കാശുപത്രിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മൂവാറ്റുപുഴ മേജര്‍ സെക്ഷനില്‍ പ്രതിമാസം 1.3 കോടിയും വെള്ളൂര്‍ക്കുന്നത്ത് 1.2 കോടിയും നമ്പര്‍ രണ്ടില്‍ 85 ലക്ഷവും വരുമാനം നിലവിലുണ്ട്. എബിസി പദ്ധതി വരുന്നതോടെ അഞ്ച് വര്‍ഷംകൊണ്ട് ലാഭകരമാകുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്.
പായിപ്ര സബ്സ്റ്റേഷനില്‍ നിന്നുള്ള കച്ചേരിത്താഴത്തെ ട്രാന്‍സ്ഫോര്‍മറിലും അവിടെ നിന്ന് ആരക്കുഴ, മാറാടി ഭാഗത്തും എത്തും വിധത്തിലാണ് സജ്ജീകരിക്കുന്നത് ഇതിനായി പായിപ്ര സബ്സ്റ്റേഷനില്‍ 12.5 മെഗാവാട്ടിന്റെ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും. ഇതോടൊപ്പം പദ്ധതിയുടെ പ്രവര്‍ത്തനവും തുടങ്ങുവാനുള്ള നടപടിയും പൂര്‍ത്തിയാവും എന്നും എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: