കൊച്ചി: മെട്രോ റെയില്‍ അലൈന്‍മെന്റിന്റെയും നിര്‍ദിഷ്ട മെട്രോ സ്റ്റേഷനുകളുടെയും സ്ഥല പരിശോധന പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡിഎംആര്‍.സി പ്രൊജക്ട് ഡയറക്ടര്‍ പി. ശ്രീരാം, ചീഫ് എഞ്ചിനീയര്‍ ചന്ദ്രബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇടപ്പള്ളി മുതല്‍ പേട്ട വരെയുള്ള ഭാഗമാണ് ഇന്നലെ പരിശോധിച്ചത്. ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്തിന്റെ പരിശോധന കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.
ജോസ് ജംഗ്ഷനില്‍ മെട്രൊ റെയില്‍ തിരിയുന്ന സ്ഥലത്തെ വളവിന്റെ പരിധി വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് പത്ത് മീറ്റര്‍ വീതിയില്‍ സ്ഥലം കൂടുതലായി ഏറ്റെടുക്കും. റെയില്‍വെ സ്റ്റേഷന് സമീപം മെട്രോ റെയിലിനായി എടുക്കുന്ന റെയില്‍വെ ക്വാര്‍ട്ടേഴ്സുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പകരം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ സ്ഥലം കൈമാറും.
മഹാരാജാസ് കോളേജ് സ്റ്റേഷന്റെ സ്ഥലവും ഇന്നലെ നടത്തിയ പരിശോധനയില്‍ നിര്‍ണയിച്ചു. പേട്ട സ്റ്റേഷനു വേണ്ടി കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. മെട്രോ സര്‍വീസിന്റെ കണ്ട്രോള് സെന്റര്‍ ഇവിടെ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ സ്ഥലം എടുക്കുന്നത്. എറണാകുളം സൗത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും മെട്രോ പദ്ധതിക്കായി വിട്ടുകിട്ടേണ്ട ഷോപ്പിങ് കോംപ്ലക്സും സംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: