അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയായിട്ടാണ് ലോകമെങ്ങും കരുതുന്നുത്. മാനവരാശിക്കുമുന്നില്‍ ഏറ്റവും വലിയ രാഷ്ട്രീയാധികാരം കുടിയിരിക്കുന്ന കസേരയാണ് യു.എസ്.എ പ്രസിഡന്റിന്റേത്. ബറാക്ക് ഹുസ്സൈയിന്‍ ഒബാമയ്ക്ക് രണ്ടാമൂഴം തെരഞ്ഞെടുപ്പു വഴി ലഭിച്ചത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ട വാര്‍ത്തയുമാണ്. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തിയ ‘വാര്‍ത്താവിപ്ലവം’ അതിരുവിട്ടതല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
തൊഴിലില്ലായ്മ, ധനക്കമ്മി, ഭവനവില വീഴ്ച, ബാങ്കിങ്ങ് തകര്‍ച്ച, വിപണി നിയന്ത്രണ പരാജയം എന്നിവകൊണ്ട് നട്ടം തിരിയുന്ന അമേരിക്ക ഇപ്പോഴും ഏകധ്രുവ ലോകാധിപത്യത്തിനുവേണ്ടി ചരടുവലിക്കുന്ന നാടാണ്. ‘പാന്‍ ഇസ്ലാമിക്’ ഏകധ്രുവ ലോകാധിപത്യം മോഹിക്കുന്ന ഭീകരവാദികള്‍ മറുവശത്തും മാനവികതയ്ക്ക് ഭീഷണിയായി നിലയുറപ്പിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ വിശ്വസ്നേഹത്തിന്റെ പ്രണവ മന്ത്രം ഉരുവിടുന്ന ഭാരതത്തിന്റെ നിയാമക പങ്ക് വിസ്മരിക്കപ്പെട്ടുപോകുന്നു എന്ന ദുഃഖസത്യവും ഓര്‍ക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളെ അക്രമിച്ചു കീഴടക്കാനോ ചൂഷണം ചെയ്യാനോ ആഗ്രഹിക്കാത്ത യഥാര്‍ത്ഥ മാനവികതയുടെ സന്ദേശമാണ് ഭാരതം ചരിത്രാതീതകാലം മുതല്‍ ഉദ്ഘോഷിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും യു.എസിന്റെ 44-ാം പ്രസിഡന്റ് ഇന്ത്യയെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ലെന്ന പോരായ്മ നാം കാണേണ്ടതുണ്ട്. രണ്ടാമൂഴം കിട്ടിയ സ്ഥിതിയില്‍ ഇന്ത്യയെപ്പറ്റി ഇനിയെങ്കിലും പഠിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.
600 കോടി ഡോളര്‍ മുടക്കി ഒബാമയും റോംനിയും നടത്തിയ തീപാറുന്ന മത്സരം പല സവിശേഷതകളുമുള്ക്കൊള്ളുന്നതാണ്. പുറം ലോകത്തിന് താല്പര്യമുള്ള ഒരു വിഷയത്തിലും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നത് പകല്‍ പോലെ വ്യക്തമായിട്ടുണ്ട്. മുന്‍കാലങ്ങളെപ്പോലെ പടിഞ്ഞാറന്‍ തീരം, കിഴക്കന്‍ തീരം, വടക്കുഭാഗം എന്നിവിടങ്ങളില്‍ ഡമോക്രാറ്റുകളും തെക്കും മധ്യവും ഉള്‍ക്കൊള്ളുന്ന ഭാഗങ്ങളില്‍ റിപ്പബ്ലിക്കന്‍ കക്ഷിയും മുന്നേറ്റം സംഘടിപ്പിച്ചു. ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ ചാഞ്ചാട്ടക്കാരായ എട്ട് സംസ്ഥാനങ്ങള്‍ ഒബാമയ്ക്കനുകൂലമായി മാറിയതുകൊണ്ട് അദ്ദേഹം ജയിക്കുകയും ചെയ്തു. 19 കോടിയോളം വരുന്ന വോട്ടര്‍മാരില്‍ ഇരു കക്ഷികളോടുമുള്ള സമീപനത്തില്‍ കാര്യമായ നയവ്യതിയാനങ്ങള്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇടയാക്കിയിട്ടില്ല.
ചുരുക്കത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബരാക് ഒബാമയും മിറ്റ് റോംനിയും ഇരട്ടപെറ്റ മക്കളെപ്പോലെയാണെന്ന സത്യം തെരഞ്ഞടുപ്പ് വിളിച്ചോതുന്നു. വരാനിരിക്കുന്ന അമേരിക്കയുടെ കൂടുതല്‍ നല്ല കാലത്തിന്റെ വിളംബരമാണ് ‘കറുത്ത മുത്ത്’ പ്രഖ്യാപിച്ചത്. നാടിനുവേണ്ടിയുള്ള റോംനിയുടെയും കുടുംബത്തിന്റെയും സേവനസംഭാവനകളെ ഒബാമ വാനോളം പുകഴ്ത്തി. താന്‍ പുതിയ മനുഷ്യനായി വൈറ്റ് ഹൗസിലേക്കു പോകുമ്പോള്‍ മറുപക്ഷത്തിന്റെ പിന്തുണ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. പരാജയം സമ്മതിച്ചുകൊണ്ടുള്ള റോംനിയുടെ പ്രസംഗത്തിലെ ആഹ്വാനം സക്രിയമായി ഒബാമയ്ക്കുള്ള പൂര്‍ണ പിന്തുണയും അമേരിക്കയുടെ നേട്ടത്തിനുവേണ്ടിയുള്ള കൂട്ടായ്മയ്ക്കുള്ള പ്രാര്‍ത്ഥനയുമായിരുന്നു.
രാഷ്ട്രീയ അതിപ്രസരം അമേരിക്കയെ തകര്‍ക്കുകയോ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയോ ഇല്ലെന്ന ഉറപ്പാണ് പരാജിതന്റെയും വിജയിയുടെയും ഭാഷണങ്ങളിലൂടെ തെളിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് സാധനാപാഠമാകേണ്ട മാതൃകയാണ് ഈ സമീപനം. രാഷ്ട്രീയ എതിരാളിയെ ശത്രുവായി കാണുകയും രാഷ്ട്രീയം ജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും വേണമെന്നുള്ള കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ സ്വാധീനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ്. രാഷ്ട്രീയ വൈരത്തിന്റെ ബലിപീഠത്തില്‍ രാജ്യതാല്‍പ്പര്യങ്ങള്‍ ഹോമിക്കപ്പെടാന്‍ പാടില്ലെന്ന സത്യം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ പഠിക്കേണ്ട പാഠമാണ്.
മനുഷ്യാവകാശ സംരക്ഷണവും, അന്യരോടുള്ള മാന്യതയും അടിസ്ഥാന നീതിസങ്കല്പ്പങ്ങളുമൊക്കെ അനിവാര്യമായും ലോകമെമ്പാടും നടപ്പാക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, ലോകരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങളിലൊക്കെ നീതി ബോധത്തേക്കാള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നു എന്നതാണ് അപ്രിയ സത്യം. അമേരിക്കയും ചൈനയും ജപ്പാനുമൊക്കെ രാജ്യതാല്പ്പര്യങ്ങള്ക്കനുസരിച്ച് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നവരാണ്. അന്ധമായ അമേരിക്കന്‍ വിരോധത്തിനുപകരം അവരെ നമുക്കെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇന്ത്യ ചിന്തിക്കേണ്ടതായിട്ടുള്ളത്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കയറ്റിറക്കുമതി മേഖലയില്‍ ഇന്ത്യ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്ന ഘട്ടത്തിലാണ് ബിജെപി സഖ്യം അധികാരത്തില്‍ വന്നത്. എന്നാല്‍ കുറഞ്ഞകാലം കൊണ്ട് മറിച്ചാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു എന്നത് വാജ്പേയി ഭരണകൂടത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. എന്നാല്‍ യുപിഎ ഭരണത്തിന് കീഴില്‍ സ്ഥിതി പഴയപടിയാവുകയാണ്. പൊഖ്റാനിലെ ആണവപരീക്ഷണം കൊണ്ട് അമേരിക്കയുടെ കണ്ണിലെ കരടായ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ വാജ്പേയ് ഭരണകൂടം എങ്ങനെ പിന്‍വലിപ്പിച്ചു എന്നത് ഇന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയമാണ്. ബില്‍ ക്ലിന്റണ് ഇന്ത്യയെ കടിച്ച വിഷം ജോര്‍ജ് ബുഷ് തിരിച്ചെടുത്തു എന്നത് എന്‍ഡിഎ ഭരണകൂടത്തിന്റെ നേട്ടമായിരുന്നു.
എന്നാല്‍ കാശ്മീരിനെ സംബന്ധിച്ച് ഒബാമ ഭരണകൂടം ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി നടത്തിയ പരാമര്‍ശം ഇപ്പോഴും ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനും തേച്ചുമാച്ചു കളയാനും മാത്രമാണ് യു.എസ്.എ തയ്യാറായിട്ടുള്ളത്. ഒബാമയില്‍ അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതിനുപകരം ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയുമാണ് വേണ്ടത്.
2001ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിനുശേഷം അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദത്തിനെതിരെ അമേരിക്ക പൊരുതുകയാണ്. ഇതേ ഭീകരവാദികള്‍ ‘ടാര്‍ജറ്റ്’ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. 2001നുശേഷം അമേരിക്കയില്‍ മറ്റൊരു ഭീകരസംഭവത്തിന് വിജയിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ അമേരിക്കയുമായി യോജിച്ച പോരാട്ടത്തിന് ഇന്ത്യ തയ്യാറാവുകയാണ് വേണ്ടത്. രാജ്യസുരക്ഷയുടെ കാര്യത്തിലും ഇറാഖിലെ സേനാ പിന്മാറ്റത്തിലും യു.എസ്.എമ ബിന്ലാദന് വധത്തിലും ഭീകരരെ ചെറുക്കുന്നതിലും വിജയിച്ച പ്രസിഡന്റാണ് ഒബാമ. ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി വിറങ്ങലിപ്പിക്കുന്ന സ്ഥിതിയിലേക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ പോകുന്നു. അന്താരാഷ്ട്ര ഭീകരതയെ നേരിടുന്നതില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്നതാണ്.
അമേരിക്കന്‍ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ഡെയിലി മെയില്‍ ലോകമെമ്പാടും അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. 81 ശതമാനം ജനങ്ങള്‍ ഒബാമയ്ക്കനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ചൈനയിലെ ഭൂരിപക്ഷം പേരും റോംനിക്ക് അനുകൂലമായിരുന്നു. ഇന്ത്യയില്‍ 64 ശതമാനം പേര് ഒബാമയെ പിന്തുണച്ചിരുന്നു. വംശീയതയുടെ പേരില്‍ കറുത്തവനെന്ന് വിളിച്ച് ഒബാമക്കെതിരെ ഉറഞ്ഞുതുള്ളുകയും കടുത്ത യാഥാസ്ഥിതിക നിലപാടു സ്വീകരിക്കുകയും ചെയ്ത റോംനിക്കുവേണ്ടി ചൈനയിലെ ജനങ്ങള്‍ ചിന്തിക്കുന്നു എന്നതിന്റെ പൊരുള്‍ വരും നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഒബാമയുടെ വിജയം തൊഴില്‍ മേഖലയിലും മറ്റും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യന്‍ വംശജര്‍ കുഴപ്പത്തിലാകാന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥത്തില്‍ ഒബാമയുടെ വിജയത്തെ വെല്ലുവിളിയും അവസരവുമാക്കി ഇന്ത്യ കാണുകയാണ് വേണ്ടത്.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: