അഴിമതിയുടെ ആവര്ത്തനങ്ങള്ക്കിടയില് അതിനെതിരേ ഉയര്‍ന്നുവന്ന ‘ജനലോക്പാല്‍ ബില്ല്’ എന്ന ജനവികാരം പതിയെ കെട്ടടങ്ങുകയാണ്. അല്ലെങ്കില്‍ തന്നെ യുപിഎ നടപ്പിലാക്കുന്ന ഏതൊരഴിമതി നിരോധന നിയമവും അതിന്റെ മൗലികദൗത്യം നിറവേറ്റുന്നതായിരിക്കില്ല. കാരണം ഇവിടെ അഴിമതി സാമൂഹ്യ വിരുദ്ധരുടെയോ വ്യവസായ ഭീകരരുടെയോ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയോ മാത്രം കുത്തകയല്ല. അത് അധികാരത്തിന്റേയും അതിന്റെ അനുഗാമികളുടെയും കുത്തകയാണെന്നതാണ് വസ്തുത. ഭരിക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്ന വിരോധാഭാസം അതിന്റെ വ്യാപകമായ അര്‍ത്ഥത്തില്‍ നിര്‍വഹിക്കപ്പെടുന്നു; കോണ്‍ഗ്രസിലൂടെ. ആര്ത്തിമോഹങ്ങളുടെ സമാനതയാല്‍ കാലാകാലങ്ങളില്‍ കൂട്ടുചേര്ന്നുനീങ്ങുന്ന ജാതി, വര്‍ഗ്ഗ, ദളിത്, ഗോത്ര, സിനിമാ രാഷ്ട്രീയങ്ങളിലൂടെ. ഇത്തരം അധമവും വികലവുമായ ഒരു അധികാര പരമ്പര സ്വന്തം നിലനില്‍പ്പിനെ തകര്‍ക്കുന്ന ഒരു നിയമത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നതേ വിഡ്ഢിത്തം.
ഇന്ത്യയിലെ അഴിമതിയുടെ കുത്തക കോണ്‍ഗ്രസിന്റെ കുടുംബാവകാശമാണ്. സ്വതന്ത്ര്യം മുതലിങ്ങോട്ട് പട്ടിണിയും യാതനയും മാത്രം കൈമുതലായുള്ള ഒരു ദരിദ്ര ജനതയത്രയും അതിനുള്ള കരുക്കളായിരുന്നു. നെഹ്റു അഴിമതിയുടെ പാരമ്പര്യം തുടങ്ങിവച്ചിരുന്നില്ല. ഒരു മഹാരാജ്യത്തിന്റെ പട്ടിണിയില്‍ നിന്നുകൊണ്ട് രാജകീയമായി ജീവിക്കുക. സ്വന്തം കുടുംബത്തെ ജനത്തിന്റെ ചെലവില്‍ പ്രഭുത്വ പൂര്‍ണമാക്കുക. അധികാരത്തിന്റെ ചുറ്റുപാടുകളെയും ചിട്ടവട്ടങ്ങളെയും ആഡംബരാധിഷ്ഠിതമാക്കുക. സ്വന്തം നാടിന് ഗതികണ്ടെത്താതെ മൂന്നാം ലോകത്തെ മൊത്തം നേരെയാക്കാനിറങ്ങിപ്പുറപ്പെടുക. കുടുംബത്തെ കൊണ്ടുപോയി അധികാരത്തിന്റെ തുടര്‍ച്ചയില്‍ കണ്ണിചേര്‍ക്കുക എന്നിവയൊക്കെ നെഹ്റു ഇന്ത്യയോട് ചെയ്ത പാതകങ്ങളായിരുന്നു. ജനത്തിന്റെ കഠിനമായ പട്ടിണിയില്‍നിന്ന് ആഘോഷം കണ്ടെത്തുന്നത് നെഹ്റുവിന്റെ തമാശയായിരുന്നു. പാടവും കരകളും വിറ്റ് ഉത്സവം കൂടിയ നാട്ടുകാരണവരായിരുന്നു നെഹ്റു. എന്നാല്‍ സ്വന്തം കീശയിലേക്കും ലോക്കറിലേക്കും രാജ്യം കഷ്ണങ്ങളായി കടത്തുന്ന പതിവ് അദ്ദേഹം തുടങ്ങി വെച്ചില്ല. അത് ചെയ്യാന്‍ ശ്രമിച്ചവരെ സംരക്ഷിച്ചതുമില്ല. ഗാന്ധിജിയുടേയും സ്വാതന്ത്ര്യസമര സ്മരണകളുടേയും ആദര്ശവെയില് ചാഞ്ഞുവീണുകൊണ്ടിരുന്നതിനാല് അഴിമതിയുടെ കുഞ്ഞിരിട്ടുകള്ക്കുപോലും അന്ന് സാധ്യതയുണ്ടായിരുന്നുമില്ല.
ഇന്ദിര തുടങ്ങിയത് പരിചയമില്ലായ്മയുടെ ക്ഷമാപണത്തോടെയും ആകസ്മികതയുടെ സംഭ്രമത്തോടെയുമായിരുന്നു. എന്നാല്‍ പെട്ടെന്നുതന്നെ അധികാരവുമായി അവര്‍ പൊരുത്തപ്പെട്ടു. അതിലും പെട്ടെന്ന് അവര്‍ക്ക് ലഹരിയാവുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഴിമതിയുടേയും ഹുങ്കിന്റേയും സ്വജനപക്ഷപാതത്തിന്റെയും ഒരു ഓവുചാല്‍ അവര്‍ വെട്ടി. അധികാരത്തിന്റെ തുടര്‍ച്ചകളിലൂടെ ഒഴുകി അത് ഒരു സമുദ്രമായി സോണിയയോളം എത്തിനില്‍ക്കുന്നു. ഇന്ത്യയെ മുക്കിക്കൊല്ലാന്‍ പര്യാപ്തമായ ഒരു ചാവുകടല്‍. ഇന്ദിര ആദര്‍ശത്തിന്റെയോ സമന്വയത്തിന്റെയോ പാതയല്ല സ്വീകരിച്ചത്. അവര്‍ അധികാരത്തെ ജന്മാവകാശമെന്നവിധം സമീപിച്ചു. ജനം അത് അംഗീകരിക്കേണ്ടവരാണെന്ന ബോധത്തോടെ മുമ്പോട്ടുപോയി. പ്രതിപക്ഷ ബഹുമാനത്തിനുപകരം പ്രതികാരബുദ്ധി പുലര്‍ത്തി. അഴിമതി അനുഷ്ഠിക്കുകയും അകമ്പടിക്കാരെ സംരക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയത്തെ കുടിലവും വൈകാരികവുമാക്കി. അധികാര കേന്ദ്രീകരണത്തിന്റെ പാരമ്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്ക് ചുവടുകള്‍ വച്ചു. പക്ഷേ അടിയന്തരാവസ്ഥയുടെ കാരണം അധികാരഭ്രമം ആയിരുന്നില്ല. അത് അല്ലാതെ അവര്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ കാരണം അഴിമതി ആയിരുന്നു. ആ മഞ്ഞുമലയുടെ ഒരറ്റത്തേക്ക് ഹൈക്കോടതി വെളിച്ചം വീശുകയായിരുന്നു. അധികാര ഭ്രഷ്ടയായാല് ആ ഭീകരാകാരം പുറത്തുവരുമെന്ന് തീര്‍ച്ചയായപ്പോഴാണ് ഇന്ദിര രോഷാകുലയും ഭയസംഭ്രമ ചിത്തയുമായി മാറിയത്.
രാജീവിന്റെ കാലമെത്തുമ്പോഴേക്കും അഴിമതി അതിന്റെ ഗ്രാമ്യമായ തലങ്ങള്‍വിട്ട് വളര്‍ന്നിരുന്നു. തോക്കും പീരങ്കിയും മുങ്ങിക്കപ്പലും തൊട്ടുതുടങ്ങുന്ന അഴിമതിയുടെ അനുഭവങ്ങള്‍ക്ക് രാജ്യാന്തരമാനം കൈവന്നിരിക്കുന്നു. ഈ വളര്‍ച്ചയില്‍ അന്നേ സോണിയ തന്റെ ഗണ്യമായ പങ്ക് സസന്തോഷം നിര്‍വഹിച്ചിരുന്നു. ക്വത്വറോച്ചിയുമായി അന്നുണ്ടായിരുന്ന ബന്ധം ഇന്ന് അയാളുടെ മകനുമായി തുടരുന്നതിലൂടെ വന്നവഴി മറക്കുന്നവളല്ല താനെന്ന് സോണിയ വെളിവാക്കുന്നു. അധികാരത്തെ അടുക്കളക്കാര്യമാക്കുന്നതില് ഇന്ദിരയേക്കാളധികം വിദഗ്ദ്ധയായിരുന്നു സോണിയ. രാജീവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന പലരേയും പരസ്യമായി ശാസിച്ചുകൊണ്ട് സോണിയ തന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ മുഴുവന്‍ കളങ്കവും സഞ്ജയന്റെ തലയില്‍ കെട്ടിവെയ്ക്കാനും അയാളുടെ വിധവയെ വീട്ടില്‍നിന്നിറക്കിവിട്ട് അധികാരത്തിന്റെ പിന്നിലം ഏകാങ്കമാക്കാനും സോണിയ ശ്രദ്ധിച്ചു.
അതിനൊക്കെയും മൗനാനുവാദം നല്കിയ രാജീവിന്റെ നിശബ്ദത നിസ്സഹായതയോ ദൗര്‍ബല്യമോ വിധേയത്വമോ അതോ ഭയമോ എന്തായിരുന്നുവെന്നറിയില്ല. അല്ലെങ്കില്‍ അന്നേ രാജീവ് സോണിയയെ ഇന്ദിരയുടെ തുടര്‍ച്ചയായി സങ്കല്‍പ്പിച്ചിരിക്കണം. രാജീവിന്റെ ഭരണത്തിന്റെ അവസാന നാളുകളിലേക്കെത്തുമ്പോഴും അഴിമതി ഒരു വാര്‍ത്തയോ വിവാദമോ അല്ലാതായി മാറിയിരുന്നു. മന്മോഹന്സിംഗിലൂടെ രാജീവ് നടപ്പിലാക്കിയ നവലിബറല്‍ സാമ്പത്തികനയങ്ങള്ക്കൊപ്പം അഴിമതിയും നവീകിയ്ക്കപ്പെട്ടു. അതിന്റെ സംഖ്യകള്‍ കോടിയില്‍നിന്ന് ശതകോടിയിലേക്കും സഹസ്രകോടിയിലേക്കും വളര്‍ന്നു. അഴിമതി അധികാരത്തിന്റെ ഔദ്യോഗിക ഭാഷയായി മാറി.
ഇന്ത്യയിലെ അഴിമതിയുടെ സുവര്‍ണകാലഘട്ടമാണ് സോണിയ നേതൃത്വം നല്കുന്ന ഒന്നും രണ്ടും യുപിഎ ഗവണ്മെന്റുകളുടെ കാലഘട്ടം. അഴിമതിയില്‍ ശിക്ഷിക്കപ്പെട്ടവരും അഴിമതിയനുഷ്ഠിക്കുന്നവരും ഭരണത്തില്‍ പങ്കാളികളാകുന്നു എന്നത് മാത്രമല്ല, അഴിമതിയുടെ വ്യാപ്തി ലക്ഷം കോടികള്‍ കടന്നു എന്നു മാത്രമല്ല, ആശയവിനിമയ തരംഗങ്ങളളന്നുവിറ്റ് ആകാശവും കല്‍ക്കരി കുഴിച്ചെടുത്തും മരുമകന് പതിച്ചുകൊടുത്തും ഭൂമിയും വില്‍പ്പന നടത്തുന്നു എന്നത് മാത്രമല്ല അതിനും അപ്പുറത്തുള്ള ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഇന്ദിരയും രാജീവും തുടര്‍ന്നുവന്ന അഴിമതി സുഖലോലുപതയുടേയും അത്യാര്‍ത്തിയുടേയും ആശ്രിതവാത്സല്യത്തിന്റേയും സൃഷ്ടിയായിരുന്നുവെങ്കില്‍ സോണിയയ്ക്ക് ഭാരതത്തെ വിറ്റ് നശിപ്പിക്കുവാനുള്ള ആഗ്രഹമാണുള്ളത്. മതാത്മകമായ അസഹിഷ്ണുതയും ഭാരതസംസ്ക്കാരത്തോടുളള കഠിനമായ വിരോധവും ഈ വിറ്റുതീര്ക്കലിനുള്ള ശക്തമായ പ്രേരണയാകുന്നു. വില്‍പ്പനയില്‍ നിന്നും കിട്ടുന്ന പണം അതിനുള്ള ബോണസായിത്തീരുന്നു എന്നേയുള്ളൂ: ഒരു വെടിക്ക് കിട്ടുന്ന ഒന്നിലധികം പക്ഷികള്‍.
രാജ്യത്തിന്റെ തീറെഴുത്ത് സോണിയായിലൂടെയും ഭൃത്യരിലൂടെയും പുരോഗമിക്കുമ്പോഴാണ് അഴിമതി തടയുന്നതിനുള്ള സമഗ്രവും ഫലപ്രദവുമായ നിര്‍ദ്ദേശങ്ങളുമായി അണ്ണാഹസാരെയും അതിന് പിന്നിലെ ജനകീയ വിക്ഷോഭവും ഉയര്‍ന്നുവന്നത്. അനുനയിപ്പിച്ചും പ്രീണപ്പിച്ചും നോക്കി ഭരണകൂടം. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും അടിച്ചമര്‍ത്താന്‍ ശ്രമിച്ചും നോക്കി. പ്രകോപിപ്പിച്ചും വര്ഗീയതയാരോപിച്ചും നോക്കി. അതൊക്കെയും പരാജയപ്പെട്ടിടത്താണ് ബദല്‍ നിര്‍ദ്ദേശങ്ങള്‍ വച്ചും ആശയക്കുഴപ്പം വരുത്തിയും അനാവശ്യ തര്‍ക്കങ്ങളുണ്ടാക്കിയും സോണിയയുടെ ബുദ്ധികേന്ദ്രങ്ങള്‍ ചുവടുമാറ്റിയത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയും ഹസാരെ സംഘത്തിലെ അന്തഃഛിദ്രങ്ങളും അവര്‍ വളര്‍ത്തിവിട്ട അരാഷ്ട്രീയതയും അവരിലെ തന്നെ ഒരു വിഭാഗത്തിന്റെ ബാലിശമായ രാഷ്ട്രീയ പ്രവേശനവും ഒക്കെ ജനകീയ വിക്ഷോഭത്തെ ശിഥിലമാക്കുന്നതില്‍ കോണ്‍ഗ്രസിന് തുണയായി.
മികച്ച ജനാധിപത്യ ഫലിതങ്ങളില്‍ ഒന്നായിരുന്നു ലോക്പാലിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തപ്പെട്ട വിപുലമായ ചര്‍ച്ചകള്‍. പങ്കെടുത്തവരില്‍ പ്രധാനികള്‍ ഇവരായിരുന്നു. രണ്ടായിരം കോടിയുടെ അഴിമതിക്കേസില്‍ ശിക്ഷയനുഭവിച്ച ലാലുപ്രസാദ്, ഭരണത്തിലിരുന്ന് സഹസ്രകോടീശ്വരിയായിത്തീര്ന്ന മായാവതി, ആകാശം അളന്നുവിറ്റതിന് മകളും ചോരന്മാരായ മാരന്മാരും ജയിലിലടയ്ക്കപ്പെട്ട കരുണാനിധിയുടെ ഭൂതഗണം കായികരംഗം മറിച്ചുവിട്ട കല്‍മാഡി, സാമാജികര്‍ക്കു കൂടി കോടികള്‍ കോഴ കൊടുക്കാന്‍ തക്കവിധം മഹാമനസ്കനായ അമര്‍സിങ്. ജയിലിലേക്ക് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ചിദംബരം ചെട്ടിയാര്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ‘സത്യം വദ ധര്‍മ്മംചര’ വാദികള്‍ അഴിമതി തടയാനുള്ള അമിതാവേശത്തോടെ ഇടപെട്ടു; സംവദിച്ചു. അതോടൊപ്പം ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ-ദളിത്-വനിതാ സംവരണങ്ങള്‍ വേണമെന്ന വിചിത്ര വാദം കോണ്‍ഗ്രസ് ഉന്നയിക്കുകയും പിന്‍വലിക്കുകയും ചെയ്തു; ഭരണഘടനാ വിരുദ്ധമെന്ന അനുബന്ധത്തോടെ. അതോടെ മുന്‍ധാരണാപ്രകാരം ലല്ലുപ്രസാദും പരിവാരങ്ങളും അതേറ്റെടുത്തു. മുലായംസിംഗും മായാവതിയും തൊട്ട് മുച്ചാണ് തികയാത്ത പ്രാദേശിക കക്ഷികളത്രയും സംവരണ മന്ത്രം മുഴക്കി രംഗത്തിറങ്ങി. ന്യൂനപക്ഷ പ്രീണനത്തിന്റെ പ്രശ്നമാകയാല്‍ ബിജെപി ഒഴികെ ഒരാള്‍ക്കും സംവരണം വേണ്ടെന്ന് പറയാനുള്ള ധൈര്യമുണ്ടായില്ല. സംവരണമില്ലാതെ ബില്‍ നടപ്പാക്കാന്‍ കക്ഷികള്‍ സമ്മതിക്കില്ല സംവരണം നടപ്പാക്കാന്‍ ഭരണഘടന അനുവദിക്കുന്നതുമില്ല എന്ന സ്ഥിതിയായി. അങ്ങനെ ഒരിക്കലും അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കില്‍പ്പെടുത്തി കോണ്‍ഗ്രസ് ലോക്പാല്‍ സമിതിയേയും ബില്ലിനേയും മരവിപ്പിച്ചുവച്ചു; മതേതരത്വത്തിന്റെ ഫ്രീസറില്‍.
>> വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: