കണ്ണൂര്‍: ക്ഷേത്രഭൂമിയും മറ്റ് സ്വത്ത് വകകളും ഏറ്റെടുത്ത് ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച കേണല്‍ മണ്‍റോസായിപ്പിന്റെ ദുര്‍ഭൂതം സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പിടികൂടിയിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ക്ഷേത്രങ്ങളും സ്വത്തുക്കളും റവന്യുവില്‍ ലയിപ്പിച്ച് സര്‍ക്കാരിന്റെ സ്വന്തമാക്കണമെന്ന നിലപാടായിരുന്നു ദിവാന് കേണല്‍ മണ്‍റോയുടേത്. കോടിക്കണക്കിന് രൂപയുടെ ക്ഷേത്രസ്വത്ത് തന്മൂലം ക്ഷേത്രങ്ങള്‍ക്ക് നഷ്ടമായി. പത്മനാഭസ്വാമിക്ഷേത്രഭരണവും സ്വത്തും സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന് വാദിക്കുന്ന പിണറായി വിജയന് കേണല്‍ മണ്ട്രോ അടിച്ചേല്‍പ്പിച്ചതും കാലഹരണപ്പെട്ട് ജീര്‍ണ്ണിച്ചുപോയതുമായ ക്ഷേത്രഭരണ വ്യവസ്ഥിതി പുനഃസ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണ്. ക്ഷേത്രഭരണ സംവിധാനത്തെ ജനാധിപത്യവല്‍ക്കരിക്കുകയാണ് വേണ്ടത്. ക്ഷേത്രങ്ങളുടെ സര്‍വ്വവിധ അധികാരവും സര്‍ക്കാരില്‍ കേന്ദ്രീകരിച്ച് ദേശസാല്‍ക്കരിക്കുന്നതിലൂടെ ക്ഷേത്രങ്ങളെ രാഷ്ട്രീയാധികാരം നിലനിര്‍ത്തുവാനുള്ള ഉപാധിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് ക്ഷേത്രവിശ്വാസികള്‍ അനുവദിച്ചുകൊടുക്കില്ല. ഒരു കാലത്ത് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ഭരണാധികാരികള്‍ കയ്യടക്കി. അന്ന് ക്ഷേത്രവിശ്വാസികള്‍ ദുര്‍ബലരായിരുന്നു. ഇന്ന് ഭക്തജനങ്ങളാണ് ക്ഷേത്രങ്ങള്‍ നിലനിര്‍ത്തുന്നത്. വെള്ളം കോരിയും മണ്ണുചുമന്നും പടുത്തുയര്‍ത്തിയ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഭക്തജനങ്ങള്‍ക്കും ക്ഷേത്ര ഊരാളന്മാര്ക്കുമാണ് നല്‍കേണ്ടത്, സര്‍ക്കാരിനല്ല.
പത്മനാഭസ്വാമിക്ഷേത്രഭരണവും ക്ഷേത്രസ്വത്തും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന സി.പി.എം സെക്രട്ടറിയുടെ ആവശ്യം ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയും ക്ഷേത്രനിന്ദയുമാണ്.
മതേതരസര്‍ക്കാര്‍ മതവിശ്വാസികളുടെ ആരാധനാലയങ്ങളും സ്വത്തും ഭരിക്കുന്നത് ഭരണഘടനദത്തമായുള്ള മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാസ്വാതന്ത്ര്യത്തിന്റെയും പരസ്യമായ ധ്വംസനമാണ്. ഇതരമതസ്ഥര്‍ക്ക് സ്വന്തം ആരാധനാലയങ്ങള്‍ ഭരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്ഷേത്രങ്ങളും സ്വത്തുക്കളും മാത്രം സര്‍ക്കാര്‍ ഭരിക്കണമെന്ന വിവേചനപരമായ നിലപാട് ക്ഷേത്രത്തിന്റെ വിനാശത്തിന് വഴിവെക്കും. ഹിന്ദു മതത്തോട് മാത്രം വിവേചനവും നിന്ദയും കാട്ടുന്നവര്‍ക്ക് മതേതരത്വത്തെപ്പറ്റി പ്രസംഗിക്കാന്‍ ധാര്‍മ്മികാവകാശമില്ല .
പത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വത്ത് നല്‍കിയത് സര്‍ക്കാരല്ല. പത്മനാഭസ്വാമിക്ഷേത്രം പടുത്തുയര്‍ത്തിയതില്‍ രാജകൊട്ടാരത്തിനും ഭക്തജനങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്. അവരെ അവഗണിച്ചുകൊണ്ട് സര്‍ക്കാരിന്റെ കയ്യിലേക്ക് ക്ഷേത്രഭരണവും സ്വത്തും കൈമാറ്റം ചെയ്യണമെന്ന സി.പി.എമ്മിന്റെ നിലപാട് പിന്തിരിപ്പനാണ്.
പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് ക്ഷേത്രത്തിന്റേതാണെന്ന അമിക്കസ്ക്യുറിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. കോവളം കൊട്ടാരത്തിന്റെ ഭരണം സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കണമെന്ന് പറയുന്ന സി.പി.എം. രാജകൊട്ടാരം വക പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് വാദിക്കുന്നത് അത്ഭുതകരമായിരിക്കുന്നു. എല്ലാ മേഖലയിലും ജനാധിപത്യപ്രക്രിയയിലൂടെ അധികാരവികേന്ദ്രീകരണം നടക്കുന്ന ഇക്കാലത്ത് ക്ഷേത്രഭരണം മാത്രം സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാത്തവരാണ്. തെറ്റുതിരുത്തി ഹിന്ദുജനവികാരം ഉള്‍ക്കൊള്ളാന്‍ സി.പി.എം.തയ്യാറാകണം. രാജശേഖരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: