കോഴിക്കോട്: എയര്‍ കേരളയുമായി ബന്ധപ്പെട്ട് തനിക്ക് ഇത് വരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് അജിത്സിംഗുമായി ചര്‍ച്ച നടത്തിയിരുന്നതായി മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. കോവളം കൊട്ടാരം സര്‍ക്കാറിന്റെ പക്കല്‍ നിലനിര്‍ത്താനുള്ള നടപടികളായിരുന്നു ടൂറിസം മന്ത്രിയായപ്പോള്‍ സ്വീകരിച്ചത്. ഇപ്പോഴത്തെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടത്. തനിക്കതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
പരാതികള്‍ പരിഹരിച്ച് എയര്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. എയര്‍ ഇന്ത്യയുടെ യാത്രാ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കും. കോഴിക്കോട് വിമാനത്താവള വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിന്റര്‍ ഷെഡ്യൂള്‍ പ്രകാരം 56 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ പ്രധാന പ്രശ്നം സ്ഥലമില്ലായ്മയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായത്. വിമാനങ്ങളുടെ ലാന്റിംഗ് സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പായോ അല്ലെങ്കില്‍ പതിനൊന്ന് മണിക്ക് ശേഷമോ ലാന്റ് ചെയ്യുക എന്ന നിര്‍ദ്ദേശമാണുള്ളത്.
എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യാ എക്സ്പ്രസിനെയും കൊല്ലുകയല്ല പരിഹാര മാര്‍ഗം. സ്വകാര്യ വിമാനക്കമ്പനികളേക്കാള്‍ എത്രയോ കുറഞ്ഞ ചാര്‍ജാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. അതിനാലാണ് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യം. വലിയ ചാര്‍ജ് ഈടാക്കുന്നെന്ന പരാതി പരിഹരിക്കാന്‍ നടപടിയെടുക്കും. കിംഗ് ഫിഷര്‍ പോലുള്ള വിമാനക്കമ്പനികളോട് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.കെ. രാഘവന് എം.പി, ഡി.സി.സി പ്രസിഡന്റ് കെ സി അബു, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോസഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: