പാലക്കാട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനപരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള ഗ്രാന്ത്തുക വര്‍ധിപ്പിക്കണമെന്ന് ആള് കേരള സ്പെഷ്യല്‍ സ്കൂള്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു.
272 സ്പെഷല്‍ സ്കൂളുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. ഇതില്‍ 54 സ്കുളുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഡിഡിആര്‍എസ് വഴിയും ബാക്കി 175 സ്പെഷല്‍ സ്കൂളുകള്‍ക്ക് ഒരുവര്‍ഷം 10 കോടി രൂപയുമാണ് ഗ്രാന്റ് അനുവദിക്കുന്നത്. എന്നാല്‍ സ്ഥിരമായി പത്തുകോടി രൂപ ബജറ്റില്‍ നീക്കിവെക്കുമ്പോള്‍ സ്പെഷല്‍ സ്കൂളുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തുക കുറഞ്ഞുകൊണ്ടിരിക്കുന്നു. ഏകദേശം പതിനേഴായിരത്തോളം കുട്ടികള്‍ പരിശീലനം നേടുന്നു. ഇവരെ പരിശീലിപ്പിക്കുവാന്‍ അധ്യാപകരും അനധ്യാപകരുമായി നിശ്ചിത യോഗ്യതനേടിയ അയ്യായിരം പേര് പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ അധ്യാപകരുടെ പ്രതിമാസ വേതനം 3800 രൂപയും അനധ്യാപകരുടേത് 2500 രൂപയുമാണ്. അതേസമയം ഇതേയോഗ്യതയുള്ള മറ്റ് സ്കൂളുകളിലെ അധ്യാപകരുടെ ചുരുങ്ങിയ ശമ്പളം 10000 രൂപയാണ്. തുച്ഛമായ ശമ്പളം ലഭിക്കുന്നതിനാല്‍ അധ്യാപകര്‍ മറ്റുമേഖലകളിലേക്ക് പോകുകയാണ്. സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകുന്നത് അധ്യാപകരുടേയും രക്ഷിതാക്കളുടേയും സന്നദ്ധ സംഘടനയുടേയും മാത്രം ചുമതലയാണെന്ന ധാരണയാണ് സര്‍ക്കാരിനുള്ളത്. ഈ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്നാണ് ആവശ്യം. ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള 60 കുട്ടികള്‍ ശരാശരി ഉണ്ടെന്നാണ് കണക്ക്.
ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി പരാതി കേള്‍ക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: