‘അയിത്തമാം വിന്ധ്യനെ തന്പദപ്രഹരത്താല്’
താഴ്ത്തിയതാമീ നരവരനഗസ്ത്യകല്പന്’
എന്നാണ് മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ വാഴ്ത്തിയത് തിരുവിതാംകൂറിന്റെ യശസ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിയ സംഭവം. അതാണ് ക്ഷേത്രപ്രവേശനവിളംബരം. മഹാഭൂരിപക്ഷം ജനങ്ങളെയും കോള്‍മയിര്‍കൊള്ളിച്ച ആ തീരുമാനത്തിന് ഇന്ന് മുക്കാല്‍നൂറ്റാണ്ട്. തീണ്ടല്, തൊടീല് തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരായ മഹാവിപ്ലവത്തിന്റെ ശംഖൊലിയായ വിളംബരം ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ 24-ാം ജന്മനക്ഷത്രസമ്മാനമായാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. 1936 നവംബര്‍ 12 നായിരുന്നു അത്. ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ ജന്മദിനവും അന്നായത് തികച്ചും യാദൃച്ഛികമെന്ന് പറഞ്ഞൊഴിയാന്‍ സാധിക്കുമോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ജന്മനക്ഷത്രദിവസം ഓരോ വര്‍ഷവും മാറും.
എന്നാല്‍ ജന്മദിനം മാറുന്നില്ല. ഫലത്തില്‍ ക്ഷേത്രപ്രവേശന വിളംബരദിനം ആഘോഷിക്കുന്നവര്‍ സര് സി.പിയുടെ ജന്മദിനം ആഘോഷിക്കുന്നതായി വ്യാഖ്യാനിക്കാം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഒന്നാം അവകാശി മഹാരാജാവാണെന്നതില് സംശയമില്ല. രണ്ടാമത്തെ അവകാശിയെ തേടുമ്പോള്‍ അത് സര് സി.പിയെയല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. ഇരുവര്‍ക്കും പിന്‍ബലം അമ്മമഹാറാണിയാണെന്നതും അവിതര്‍ക്കിതം. ഗാന്ധിജിയുടെ സാക്ഷ്യപ്പെടുത്തല്‍ തന്നെ അതിന് മതിയായ തെളിവ്.
‘ആധുനിക തിരുവിതാംകൂറിന്റെ സജീവതേജസായി പ്രവര്‍ത്തിച്ചത് ഒരു വനിതയായിരുന്നു. തിരുവിതാംകൂറിലെ അമ്മമഹാറാണി. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച് മഹാറാണിയെ കണ്ടിരുന്നു. ആ വിളംബരം പ്രഖ്യാപിച്ചത് തികച്ചും ധീരമായ നടപടിയായിരുന്നു. അതിനേക്കാള്‍ ധീരമായിരുന്നു അത് നടപ്പിലാക്കിയത്. തന്റെ മാതാവിന്റെ സഹായമില്ലാതെ മഹാരാജാവിന് ആ വിളംബരം നടത്താന്‍ കഴിയുമായിരുന്നില്ല.’ അമേരിക്കന്‍ പത്രലേഖികയോടാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗാന്ധിജി (1925) ശ്രീചിത്തിര തിരുനാളിനെ കണാനെത്തി. “അങ്ങേക്ക് അധികാരം പൂര്‍ണമായി ലഭിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ അധഃകൃതര്‍ക്ക് വേണ്ടി തുറന്നിടുമോ” എന്ന് ശ്രീ ചിത്തിരതിരുനാളിനോടാരാഞ്ഞു. “നിശ്ചയമായും” എന്നായിരുന്നു മറുപടി.
1924ല്‍ ശ്രീ ചിത്തിരതിരുനാള്‍ ഭരണം കയ്യേല്‍ക്കുമ്പോള്‍ വി.എസ്.സുബ്രഹ്മണ്യ അയ്യരായിരുന്നു ദിവാന്. അധഃകൃതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം വേണമെന്ന ആവശ്യം പരിഗണിക്കാന്‍ നിശ്ചയിച്ച പഠനസംഘത്തിന്റെ തലവനും സുബ്രഹ്മണ്യ അയ്യരായിരുന്നു. ചെത്പട്ട് പട്ടാഭിരാമ രാമസ്വാമി അയ്യര്‍ എന്ന സര് സി.പി മഹാരാജാവിന്റെ ലീഗല്‍ ആന്റ് കോണ്‍സ്റ്റിറ്റിയൂഷന്‍ അഡ്വൈസറായിട്ടാണ് തിരുവനന്തപുരത്തെത്തുന്നത്. അതിനുമുന്‍പ് അദ്ദേഹം മദിരാശിയില്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. 1936 ഒക്ടോബര്‍ 10നാണ് സര് സിപി ദിവാന്‍പദം ഏല്‍ക്കുന്നത്. അതിന് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനകളിലൊന്ന് ക്ഷേത്രപ്രവേശന വിളംബരമായിരുന്നു. ഒരുമാസം പിന്നിടുമ്പോഴേക്കും ആഗ്രഹിച്ചത് സംഭവിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദിവാനുള്ള പങ്ക് മഹാരാജാവ് മറച്ചുവയ്ക്കുന്നില്ല. 1949 ആഗസ്റ്റ് 19ന് തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ അസാധാരണ ഗസറ്റ് അതിന്റെ തെളിവാണ്. ദിവാന്റെ രാജി സ്വീകരിച്ചുക്കൊണ്ടുള്ളതായിരുന്നു ഗസറ്റ്.
ക്ഷേത്രപ്രവേശനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വി.എസ്.സുബ്രഹ്മണ്യ അയ്യര്‍ കമ്മറ്റിയില്‍ സദസ്യതിലകന്‍ ടി.കെ.വേലുപിള്ള, ചങ്ങനാശ്ശേരി പരമേശ്വരപിള്ള, എസ്.കെ.മഹാദേവ അയ്യര്‍, പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ, എം.ഗോവിന്ദന്, ടി.ടി.കേശവശാസ്ത്രി തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. കമ്മറ്റി ഏകകണ്ഠമായി ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുമെന്ന പ്രതീക്ഷ പലര്‍ക്കും ഉണ്ടായില്ല. അതുപോലെ സംഭവിച്ചു.
രണ്ടുവര്‍ഷത്തോളം സമയമെടുത്ത് പണവും സമയവും ചെലവാക്കി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് വൈരുദ്ധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. സങ്കീര്‍ണമായ അഭിപ്രായങ്ങളുടെ ഒരു നീണ്ട പട്ടിക. എന്നാല്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയും എം.ഗോവിന്ദനും ക്ഷേത്രപ്രവേശനത്തെ ശക്തമായി അനുകൂലിച്ചു. ചില അംഗങ്ങള്‍ അവര്‍ണര്‍ക്ക് വേണമെങ്കില്‍ കൊടിമരം വരെ വന്ന് ആരാധിക്കാമെന്നായിരുന്നു രേഖപ്പെടുത്തിയത്. ഇത് ഏറെ നിരാശ സൃഷ്ടിച്ചു. ഹിന്ദുവായി നിന്നിട്ട് കാര്യമില്ലെന്ന് ചിലര്‍ ചിന്തിച്ചു. ഇങ്ങനെയുള്ള ചിന്തകളെ പ്രൊഹത്സാഹിപ്പിക്കാനും ആളുണ്ടായി.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നു പറയുമ്പോലെ ക്ഷേത്രപ്രവേശനമനുവദിച്ചു കിട്ടിയില്ല എന്നുള്ളതുകൊണ്ട് മതംമാറുകയോ? പ്രക്ഷോഭണം തുടര്‍ന്നു നടത്തുക എന്നതല്ലാതെ അസമത്വം പരിഹരിക്കാന്‍ അവനവന്റെ കുലവും സംസ്ക്കാരവും ഉപേക്ഷിക്കാന്‍ തയ്യാറായവര്‍ ചുരുക്കം.
ഇടതടവില്ലാതെയുള്ള പ്രക്ഷോഭണങ്ങളും ഭീക്ഷണികളും ഒരറ്റത്ത്. ഹിന്ദുസമുദായത്തിനാകെ ബലക്ഷയം സംഭവിക്കാന്‍ പോകുന്നു എന്ന ധാരണ മറുവശത്ത്. നിവര്ത്തനസമുദായത്തില്പ്പെട്ട ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തി ഹിന്ദുക്കളെ ഒറ്റക്കെട്ടായിട്ട് അടുപ്പിച്ച് നിര്‍ത്തുക എന്നുള്ള സര്‍ക്കാരിന്റെ ഉള്‍വിളി മറുവശത്ത്. അങ്ങനെ തിരുവിതാംകൂറില്‍ ഒരു പ്രത്യേക പരിതഃസ്ഥിതി നിലവിലിരിക്കെ 1112 ആരംഭത്തില്‍ സര് ഹബീബുള്ള ദിവാന്‍പദത്തില്‍ നിന്നും വിരമിച്ചു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ ദിവാനായി. അപ്പോഴും ഗാന്ധിജിയുടെ ഹരിജന്‍ പ്രസ്ഥാനത്തിന്റെ ഊക്കേറിയ പ്രചരണവും പരിപാടിയും നടന്നുകൊണ്ടിരുന്നു. ഹരിജന്‍ സംഘടനയുടെ പ്രസിഡന്റ് ജി.ഡി.ബിര്‍ലയും മറ്റു പല പ്രശസ്ത വ്യക്തികളും തിരുവിതാംകൂറില്‍ സഞ്ചരിക്കുകയും മഹാരാജാവിനേയും സര് സി.പി.രാമസ്വാമി അയ്യരേയും കണ്ടു ക്ഷേത്രപ്രവേശന കാര്യം അടിയന്തരസ്വഭാവത്തില്‍ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എല്ലാം കൂടിയായപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.
ക്ഷേത്ര പ്രവേശനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിക്ക് മുന്പില് മൊഴികൊടുത്ത 90 ശതമാനം നായന്മാരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ നേരെ എതിരായിരുന്നു അന്നത്തെ ബ്രാഹ്മണസമൂഹം. എന്നാല്‍ ചെറിയൊരു വിഭാഗം മറിച്ചും ഉണ്ടായി. ബ്രാഹ്മണര്‍ എതിര്‍ത്താല്‍ നായന്മാരുടെ ക്ഷേത്രത്തിലും പ്രതിസന്ധി സംഭവിക്കും. പൂജ മുടങ്ങും. മറ്റ് ആചാരങ്ങള്‍ക്ക് ഭംഗംവരും. അതുകൊണ്ടുതന്നെ അനുകൂലിക്കുന്നവര്ക്ക്പ്പോലും പ്രത്യക്ഷത്തില്‍ എന്തെങ്കിലും ചെയ്യാന്‍ മടി. ദുര്‍ഘടം പിടിച്ച ഈ സാഹചര്യം മറികടക്കാന്‍ മഹാരാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയാത്ത സ്ഥിതി.
അശോകചക്രവര്ത്തിയെപോലും അതിശയിപ്പിക്കുന്ന ഒരു ചരിത്രസംഭവമായി ക്ഷേത്രപ്രവേശന വിളംബരം തികച്ചും നാടകീയമായിരുന്നു. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ കഴിഞ്ഞ് ഏറെ വൈകാതെ തന്നെ, ഭരണരംഗത്ത് അധികം പരിചയമില്ലാത്ത ശ്രീ ചിത്തിരതിരുനാളിന്റെ ധീരമായ പ്രഖ്യാപനം പ്രജകളറിയാന്‍ ഒരു ദിവസം വൈകി. രാജാക്കന്മാരുടെ തിരുനാള്‍ദിവസങ്ങളില്‍ പല പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകുക സാധാരണമാണ്. മഹാരാജാവിന്റെ തിരുനാള്‍ ദിവസം ക്ഷേത്രപ്രവേശനകാര്യത്തെക്കുറിച്ച് എന്തെങ്കിലുമൊരു പ്രഖ്യാപനം ഉണ്ടാകും എന്നു സ്വാഭാവികമായിത്തന്നെ ജനങ്ങള്‍ ധരിക്കുകയും ചെയ്തിരുന്നു.
1112 തുലാം! മഹാരാജാവിന്റെ തിരുനാള്‍ ദിവസവും വന്നു. സാധാരണയില്ക്കവിഞ്ഞുള്ള ജനക്കൂട്ടം അന്നു ഡര്‍ബാര്‍ ചടങ്ങിലും അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങിലും സംബന്ധിച്ചിരുന്നു. പക്ഷേ, ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന പ്രഖ്യാപനം അപ്പോഴുണ്ടായില്ല. ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുമെന്ന് ധരിച്ചവര്‍ നിരാശയോടും എതിര്‍പ്പുകാര്‍ ഉല്ലാസത്തോടും പിരിഞ്ഞുപോയി.
നേരം ഇരുട്ടി വെളുത്തു! അത്ഭുതത്തോടുകൂടി ആളുകള്‍ പത്രം വായിച്ചു. “തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കുമായി മഹാരാജാവ് തിരുമനസിലെ തിരുനാള്‍ പ്രമാണിച്ച് തുറന്നു തുല്യം ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. “മഹാരാജാവിന്റെ ആ പ്രഖ്യാപനം ഒരുതരത്തില്‍ ഒരു നയതന്ത്രംതന്നെയായിരുന്നു. തിരുനാള്‍ ചടങ്ങില്‍ പതിവിലുമധികം മഹുജനങ്ങള് കൂടിയിരുന്നു. വിവാദപരമായ ഈ പ്രശ്നം അപ്പോള്‍ പ്രഖ്യാപിച്ചാല്‍ എന്തെങ്കിലും അപശബ്ദങ്ങള്‍ ചിലപ്പോള്‍ ഉണ്ടായെങ്കിലോ എന്നു ധരിച്ചായിരിക്കും ഈ നയം സ്വീകരിച്ചത് എന്നുവേണം ഊഹിക്കാന്‍.
പുരോഗമനവാദികളായ ആളുകള്‍ പ്രതീക്ഷിച്ച അര്‍ത്ഥത്തിലും വ്യാപ്തിയിലും ആ വിളംബരം പുറത്തുവന്നപ്പോള്‍ അതുവരെയും അസ്വസ്ഥത അനുഭവിച്ചുവന്നിരുന്ന ജനവിഭാഗത്തിനുണ്ടായ സംതൃപ്തിയുടെ വേലിയേറ്റത്തില്‍ എതിര്‍ശക്തി നിശേഷം നിഷ്പ്രഭവമായിപ്പോയി. പരിപക്വമായപ്പോള്‍ അതു നടന്നുകഴിഞ്ഞു. ദേവനും ദേവിയും ഒരമ്പലവും വിട്ടില്ല. ശാന്തിയൊട്ടുമുടങ്ങിയതുമില്ല. ഭക്തജനങ്ങളുടെ തള്ളിക്കയറ്റം അമ്പലങ്ങളിലെങ്ങും ദൃശ്യമായി ശിഥിലീകരണം പ്രവണതകള്‍ക്ക് സമുദായമദ്ധ്യത്തില്‍ വിലയില്ലാതായി. ഹിന്ദുസമുദായമാകെ ബലപ്പെട്ടു.
തിരുവിതാംകൂറിലുണ്ടായ ഈ പ്രഖ്യാപനത്തോടുകൂടി കേരളത്തിലാകമാനമെന്നല്ല, ഭാരതമൊട്ടുക്കുതന്നെ ഇതിന്റെ അലകളാഞ്ഞടിച്ചു.
ഗാന്ധിജി ഈ പ്രഖ്യാപനമറിഞ്ഞ് പുളകംപൂണ്ടു. ഹരിജന്‍ പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്ക് ഈ പ്രഖ്യാപനം സഹായകരമായി. ഗാന്ധിജിയും രാജഗോപാലാചാരിയും മറ്റും ഇവിടെയെത്തി ക്ഷേത്രപ്രവേശന വിളംബരത്തെ പ്രകീര്‍ത്തിച്ചുക്കൊണ്ട് നിരവധി യോഗത്തില്‍ പ്രസംഗിച്ചു.
മഹാരാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പുതന്നെ അകറ്റിനിര്ത്തപ്പെട്ടവര്ക്കായി ക്ഷേത്രവാതില്‍ തുറന്നിടാനുള്ള വിശാല മനസ്ഥിതി പ്രകടിപ്പിച്ചവരുമുണ്ട്. എന്‍എസ്എസിന്റെ സ്ഥാപകാചാര്യന്‍ മന്നത്തു പത്മനാഭന് ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തിനടുത്തുള്ള മാരണത്തുകാവ് അംബികാദേവീക്ഷേത്രം വിലക്കുവാങ്ങി അവര്‍ണരെന്ന് കരുതി ആക്ഷേപിച്ചവര്‍ക്കായി ആരാധനാ സൗകര്യം ഏര്‍പ്പെടുത്തി.
ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സുദീര്‍ഘമായ പോരാട്ടത്തില്‍ മുന്നാക്ക വിഭാഗങ്ങളും വഹിച്ച വലിയ പങ്കിന്റെ ചെറിയ ഉദാഹരണം മാത്രമാണത്. ഹൈന്ദവജനതയുടെ യോജിച്ച മുന്നേറ്റങ്ങളുടെ സദ്ഫലമായ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പ്രസക്തി എന്നെന്നും നിലനില്ക്കുക തന്നെചെയ്യും.
>> കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: