സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറി അവിടത്തെ എസ്ഐയെ കുത്തിന് പിടിച്ച് രണ്ട് തെറിവിളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്ത് ഭരണം? ഭരണം നടക്കുന്നില്ലെങ്കില്‍ അത് നേര്വഴിക്കാക്കാനല്ലേ ജനപ്രതിനിധികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്. മണലായാലും മണ്ണായാലും സാധുക്കള്‍ അതൊക്കെ വിറ്റാണ് ജീവന് നിലനിര്‍ത്തുന്നത്. അത് ഒരു സ്വയംതൊഴിലാണ്. അങ്ങനെ മറ്റ് തൊഴിലൊന്നും കിട്ടാതാവുമ്പോള്‍ സ്വന്തമായി ചെയ്യുന്ന തൊഴിലിലും ഇടങ്കോലിടാന്‍ വന്നാല്‍ എന്ത് ചെയ്യും. അണികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ജനപ്രതിനിധികള്‍ക്കും അധികാരമുണ്ട്. വസ്ത്രധാരണം കൊണ്ടു മാത്രമല്ല, അധികാരം പ്രകടിപ്പിക്കുക. അതില്ലാതെയും അങ്ങനെയൊക്കെയാവാം.
ഇതൊന്നും തെക്കുള്ള നേതാക്കന്മാര്ക്ക് അറിയില്ല എന്നതത്രേ പ്രശ്നം. തിരുവഞ്ചൂരെ നേതാവിന് ഇതെക്കുറിച്ച് ഒരു ചുക്കുമറിയാത്തതിനാല് പ്രശ്നമായി. ഒന്നുമില്ലെങ്കില്‍ കോടിയേരി സഖാവിനോടോ, ജയരാജന് സഖാവിനോടോ ഒന്നു ചോദിക്കാമായിരുന്നു. കണ്ണൂരിന്റെ പൊന്നോമനപ്പുത്രനാണ് സുധാകരനെന്ന് ഇനിയെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ന ആഭ്യന്തര മുതലാളി അറിയണം. സുധാകരനെ അറിയില്ല എന്നു വന്നാല്‍ കണ്ണൂരിനെ അറിയില്ലെന്നാവും.
അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് ഇക്കാണായ പോലീസ് സേനയെ നിയന്ത്രിക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. ഒരു പോലീസുകാരനുനേരെ നിവര്‍ന്നുനിന്ന് രണ്ടക്ഷരം പറയാന്‍ എംപിക്ക് അധികാരമില്ലെങ്കില്‍ പിന്നെ ഇപ്പണിക്ക് ആരെങ്കിലും ഇറങ്ങിപ്പുറപ്പെടുമോ? എങ്ങനെയാണ് പോലീസിനെ നിയന്ത്രിക്കേണ്ടതെന്നും പാര്‍ട്ടിക്കാരെ സ്നേഹിക്കേണ്ടതെന്നും അറിയില്ലെങ്കില്‍ മന്ത്രിയുടെ മൂക്കിനുതാഴെ എ.കെ.ജി സെന്റര്‍ എന്നൊരു സ്ഥാപനമുണ്ട്. അവിടെ പോയി ഏറ്റവും ചുരുങ്ങിയത് മൂന്നു ദിവസത്തെ ക്ലാസിലെങ്കിലും പങ്കെടുക്കണം. പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല. സ്വൈരത്തോടെ സമാധാനത്തോടെ പോലീസ് പടയേയും അണികളേയും സ്വയമ്പനായി നയിക്കാം. ഗാന്ധിജിയന്‍ സമരമുറയുടെ ആധുനിക രൂപം സുധാകരന് പുറത്തെടുത്തതില്‍ മതിമറന്ന് അദ്ദേഹത്തിന് ഒരു നല്ല നമസ്കാരം പറയുകയും ആവാം. വിശ്വാസം…. അതാണല്ലോ എല്ലാം.
എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠപദവി ലക്ഷ്യമിട്ട് ചില നീക്കങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാട്ടുകാരുടെ ഭാഷയ്ക്ക് ഒരു സ്ഥാനവും കിട്ടാത്തതുകൊണ്ട് ചെകുത്താന് നിറഞ്ഞുനില്‍ക്കുകയാണ്. ആളെക്കൊല്ലാനും പകതീര്‍ക്കാനും ക്വട്ടേഷന്‍ കൊടുത്ത് പരിചയമുള്ള നമ്മള് ശ്രേഷ്ഠപദവി പീഠത്തില്‍ മലയാണ്മയെ കുടിയിരുത്താനും ക്വട്ടേഷന്‍ കൊടുത്തതിന്റെ വിവരങ്ങള്‍ ഇതിനകം അറിഞ്ഞുകഴിഞ്ഞു. തലസ്ഥാന നഗരിയില്‍ വിശ്വമലയാള മഹോത്സവത്തിന്റെ പേരില്‍ നടന്ന കെട്ടുകാഴ്ചകള്‍ കണ്ട് എനിക്കൊരു പദവിയും വേണ്ട മക്കളേ ഞാനിങ്ങനെ കഞ്ഞിയും കുടിച്ച് കഴിഞ്ഞുകൊള്ളാം എന്നാണത്രേ മലയാളം നെഞ്ചത്തടിച്ച് കരഞ്ഞ് സഹ്യാദ്രിയും കേറിമറിഞ്ഞ് അന്യനാട്ടിലേക്ക് സ്ഥലം വിട്ടത്. ഭാഷയുടെ പേരില്‍ കാശടിച്ചുമാറ്റിയ നാടകങ്ങളെക്കുറിച്ച് സമകാലിക മലയാളം വാരിക (നവം. 6) വിശദീകരിക്കുന്നു. വിഴുപ്പലക്കുന്ന വിശ്വമലയാളം എന്ന പേരില്‍ ബാബുജേക്കബ്ബും ദൈവത്തിന്റെ കൈയൊപ്പും സാത്താന്മാരുടെ കള്ള ഒപ്പും എന്ന് വിജയകുമാര്‍ കുനിശ്ശേരിയും എഴുതുന്നു. ഒപ്പം വിശ്വമലയാള മഹോത്സവ നടത്തിപ്പിന് അക്കാദമി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് അയച്ച കത്തിനുള്ള മറുപടിയുമുണ്ട്. ഒരു കാര്യം സത്യമാണ്. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും അതിന്റെ പേരില്‍ നാലക്ഷരം അച്ചടിച്ചുവരാനും കാല്‍പ്പണം അടിച്ചുമാറ്റാനും ബന്ധപ്പെട്ടുവര്ക്കൊക്കെ കഴിഞ്ഞിട്ടുണ്ട്. ശ്രേഷ്ഠപദവിക്കുവേണ്ടി വാദിക്കുന്നവര്‍ ശ്രേഷ്ഠന്മാരുടെ സ്വഭാവം കൈവശം വെക്കാത്തവരാണെന്ന് ജനങ്ങള്‍ക്ക് മൊത്തം മനസ്സിലാക്കാന്‍ സാധിച്ചു എന്നതാണ് ഏറെ ശ്രേഷ്ഠമായത്. സി.വി. രാമന്‍പിള്ളയ്ക്കുപകരം ശാസ്ത്രജ്ഞനായ സി.വി. രാമനേയും വയസ്സനാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും അവതരിപ്പിച്ച എല്ലാ മാന്യമഹിതാശയന്മാര്ക്കും മലയാളം ശരിക്കറിഞ്ഞുകൂടാത്ത കാലികവട്ടത്തിന്റെ സാഷ്ടാംഗ നമസ്കാരം. നാടോടുമ്പോള്‍ വെറുതെയങ്ങനെ ആര്‍ക്കു നില്ക്കാനാവും, ഓടുക തന്നെ.
ഇനി മലയാള ഭാഷയെക്കുറിച്ച് കേരളപ്പിറവി ദിനാഘോഷവേളയില്‍ സാറാജോസഫ് എഴുതിയതും കൂടി വായിക്കുക. കാലാവസ്ഥ പംക്തിയിലെ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: പച്ചമണ്ണിന്റെ മണമുള്ള ഭാഷ. ഇനി നാലുവരി കൂടി: ഒരു ജനതയ്ക്കും അതിന്റെ ഭാഷ മാത്രമായിട്ട് നഷ്ടപ്പെടുകയില്ല. ജീവിക്കുന്ന ജീവിതം മാറുമ്പോള്‍ അല്ലെങ്കില്‍ നഷ്ടപ്പെടുമ്പോള്‍, അതടയാളപ്പെടുത്താന് ഭാഷയിലും മാറ്റം വരിക സ്വാഭാവികം. ജീവിതത്തില്‍ എന്ത് ആവശ്യമില്ലയോ അതിനെ അടയാളപ്പെടുത്തിയിരുന്ന വാക്കും പതുക്കെ നിത്യവ്യവഹാരത്തില്‍ നിന്ന് അപ്രത്യക്ഷമാവും. ഓര്‍മയുടെ കലവറയില്‍ കുറേയേറെക്കാലം ക്ലാവു പിടിച്ചു കിടക്കും.
കാര്‍ഷിക ജീവിതത്തെ അടയാളപ്പെടുത്തിയിരുന്ന വാക്കുകളും ശൈലികളും പഴമൊഴികളും ഉപമകളും അലങ്കാരങ്ങളുമൊന്നും സൈബര്‍ മലയാളത്തിന് ആവശ്യമില്ല. മലയാളത്തിന് ആവശ്യമുള്ളത് കണ്ടെത്തുന്ന പണിയല്ലല്ലോ ശ്രേഷ്ഠപദവിക്കാര് ലക്ഷ്യമിടുന്നത്. ചന്ദനലേപസുന്ധവുമായി തുഞ്ചന്‍പറമ്പില്‍ കിളിമകള്‍ ചൊല്ലിത്തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന മുന്‍ ചീഫ് സെക്രട്ടറി ജയകുമാറിന് കാര്യങ്ങള്‍ നന്നായറിയാം. അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകാതിരിക്കില്ല എന്ന് ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന ചിലരെങ്കിലും പ്രതീക്ഷിക്കുന്നു; അതിനായി പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ ജയകുമാറിനെ പിന്തിരിപ്പിക്കാനിടവരുത്തില്ലെന്ന് പ്രത്യാശിക്കുക.
ദൈവത്തെ ഒരു സംഘം ഹൈജാക്ക് ചെയ്തുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദു:ഖിക്കുന്നത് ദൈവം തന്നെയാവും എന്ന് ഏതോ മഹാന് പറഞ്ഞിട്ടുണ്ട്. കാരുണ്യത്തിന്റെ കലവറയില്‍ കലയ്ക്ക് അര്‍ഹമായ സ്ഥാനമുണ്ടെന്ന് ജീവിതം കൊണ്ട് തെളിയിച്ച കലാകാരനായിരുന്നു ടി.എ. ഷാഹിദ്. അദ്ദേഹത്തെ താമസംവിനാ ദൈവം തന്റെയുടത്തേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. മനുഷ്യരുടെ ഇടയില്‍ കിടന്ന് ആ ആര്‍ദ്രഹൃദയം നരകിക്കേണ്ടെന്ന് വിചാരിച്ചു കാണും. മരിച്ചിട്ടും ആ മനുഷ്യനോട് മതത്തിന്റെ പേരില്‍ വൈതാളികസംഘം കണക്കു തീര്‍ക്കുകയായിരുന്നുവെന്ന് കേരളശബ്ദം (നവം.18) പറയുന്നു. പ്രദീപ് ഉഷസ്സിന്റേതാണ് രചന. വിശ്വാസികള്‍ എന്ന് മതത്തിന്റെ ലേബലില്‍ ഞെളിഞ്ഞു നടക്കുന്നവര്‍ ഷാഹിദിന്റെ പിതാവും മറ്റു പൂര്‍വ്വികരും അന്ത്യവിശ്രമം കൊള്ളുന്ന തുറയ്ക്കല്‍ പള്ളിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഖബറിടത്തിന് അനുമതി നിഷേധിച്ചു. പള്ളിക്കമ്മറ്റിക്കാരുടെ എതിര്‍പ്പിന്റെ മൂലകാരണം എന്തായിരുന്നു? അതിനെക്കുറിച്ച് പ്രദീപ് പറയുന്നതിങ്ങനെ: തുറയ്ക്കലിലെ കലാസാംസ്കാരിക സംഘടനയായ ‘അരങ്ങി’ന്റെ പ്രവര്‍ത്തകനായിരുന്ന ഷാഹിദ് സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനന്മയില് മാത്രം വിശ്വസിച്ച ആ പച്ച മനുഷ്യന് ജീവിതപങ്കാളിയായി ഒപ്പം കൂട്ടിയത് നിരാലംബയായ ഒരു അമുസ്ലിമിനെയായിരുന്നു. ഒന്നിച്ചു പഠിച്ചവര്‍, മതത്തിനപ്പുറം മാനവികതയെ സ്നേഹിച്ച ഷാഹിദിന് അങ്ങനെയേ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ മതാന്ധതയുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ മനസ്സിനെ തളച്ചിട്ടവര്‍ക്ക് ആ ഹൃദയവിശാലതയുടെ ആഴം തിരിച്ചറിയാനായില്ല. അവര്‍ക്ക് ഷാഹിദ് മതനിഷേധിയായിരുന്നു. അമുസ്ലീമിനെ വിവാഹം കഴിച്ചവന്; ഭാര്യയെ മതം മാറ്റി ‘ഖൗമി’ന്റെ ഭാഗമാക്കാത്ത അവിശ്വാസി. ആ അവിശ്വാസിക്ക് വിശ്വാസികളുടെ ഖബറിടത്തില്‍ എന്തിന് സ്ഥാനം നല്‍കണം? യത്തീമിന് കണ്ണുനീര് ഒപ്പുവാനെന്നെന്നും എത്തുന്നോനല്ലയോ ദൈവദൂതന് എന്ന് പറയുന്നവരും വിശ്വാസികളുടെ കൂട്ടില്‍ ചിറകിട്ടടിച്ച് നിന്നതേയുള്ളൂ. കണ്ണീരൊപ്പാന്‍ തയ്യാറായ ദൈവദൂതനെ ഇനിയും ഭൂമിയില്‍ പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ കഴിയാന്‍ അനുവദിക്കേണ്ടെന്ന് ദൈവത്തിനു തോന്നിയെങ്കില്‍ തെറ്റെന്ത്?
കോണ്‍ഗ്രസ്സിലെ പുഷ്കരന്മാര്‍ എന്ന കവര്‍ക്കഥയുമായാണ് കലാകൗമുദി (നവം.11) രംഗത്തുവരുന്നത്. ശശി തരൂരിന്റെ ഭാര്യസുനന്ദ പുഷ്കറിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അപമാനമേറ്റതിനെക്കുറിച്ച് വിവിധ വനിതാ നേതാക്കളുടെ പ്രതികരണമാണ് അവര്‍ നിരത്തിയിരിക്കുന്നത്. അതിന്റെ തലക്കെട്ടാണ് മേല്‍സൂചിപ്പിച്ചത്. ശോഭസുരേന്ദ്രന്‍, ഇന്ദുമേനോന്, പി.എം. ആതിര, ബിന്ദുകൃഷ്ണ, കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ.കെ. ശൈലജ, ഡയാന .കെ എന്നിവരാണ്. പ്രതികരണാക്ഷരങ്ങളാല് സുനന്ദയ്ക്ക് കവചം തീര്‍ക്കുന്നത്. രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും സ്ത്രീയുടെ ഇടവും തുടങ്ങി പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുവെങ്കിലും എല്ലാം പഴകിത്തേഞ്ഞ ഫെമിനിസത്തിന്റെ വര്‍ണക്കുപ്പായം മാത്രം. ആരും ആത്മാര്‍ത്ഥമായി പ്രശ്നം നിര്‍ധാരണം ചെയ്തിട്ടില്ല എന്നതാണ് പ്രശ്നം. താന്‍ പിടിച്ച പൂച്ചയ്ക്ക് രണ്ട് കൊമ്പെന്ന നയം തന്നെ. നടക്കട്ടെ. ഓരോരുത്തര്‍ക്കും ആവുന്നതല്ലേ ചെയ്യാനാവൂ.
തൊട്ടുകൂട്ടാന്‍
തരിമണലോ ഉമിക്കരിയോ കൊണ്ട്
പണ്ടെന്നോ
തേച്ചുമിനുക്കിയ
മഞ്ഞപ്പ്
ബിജോയ്ചന്ദ്രന്
കവിത: മഞ്ഞപ്പകല്‍
മാധ്യമം ആഴ്ചപ്പതിപ്പ് (നവം.12)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: