പടക്കങ്ങളുടെ വിരുന്നുകാലം ദീപാവലിയെത്തി. ആഘോഷാരവങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്ന ഒരു വ്യക്തിയുണ്ട്. കാലത്തിന്റെ പ്രതികൂലങ്ങളെ അവഗണിച്ച് പരമ്പരാഗത തൊഴിലായ പടക്കനിര്‍മാണത്തെ സ്നേഹിക്കുകയാണ് വാര്‍ദ്ധക്യത്തിലും ഈ കര്മനിരതന്. കേരളത്തിലെ പ്രായംചെന്ന വെടിക്കെട്ട് ആശാനായ അയിരക്കുഴി പുരുഷോത്തമന്.
ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത്, തറയില്‍ കാതടപ്പിക്കുന്ന അമിട്ടുകളുടെ തുടര്‍ പ്രകമ്പനങ്ങള്‍ കോരിത്തരിപ്പിക്കുന്ന വെടിക്കെട്ട് ആശാന് എന്നും ഹരമാണ്. അപകടരഹിതമായി കരിമരുന്ന് വിനിയോഗിക്കുന്നതില്‍ പുരുഷോത്തമന് ആശാനുള്ള പ്രാഗത്ഭ്യം ഇന്നത്തെ തലമുറയ്ക്ക് ഉണ്ടോയെന്ന് സംശയം.
അന്ന് ആശാന് പ്രായം 87. തന്റെ മുന്‍തലമുറയില്‍നിന്ന് സ്വായത്തമാക്കിയ കരിമരുന്ന് നിര്‍മാണ വൈദഗ്ധ്യം 60 വര്‍ഷം പിന്നിട്ടു. ഇങ്ങനെയൊരാള്‍ ഇന്നു വേറെയില്ല എന്നതാണ് വ്യത്യസ്ഥത. കേരളത്തിനകത്തും പുറത്തുമായി നടന്ന വെടിക്കെട്ട് മത്സരങ്ങളിലെല്ലാം വിജയം തനിക്കൊപ്പമായിരുന്നു എന്ന കാര്യം ആശാന് ഓര്‍ക്കുന്നു. ‘കരിമരുന്ന് കലയുടെ കുലപതി’ എന്ന വിശേഷണം ഇദ്ദേഹത്തിന് മാത്രം സ്വന്തം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലായി നടത്തിക്കഴിഞ്ഞ വെടിക്കെട്ടുകള്‍ അരലക്ഷം കവിയും. ഇക്കഴിഞ്ഞ കൊല്ലം പൂരത്തിലും തന്റെ വെടിക്കെട്ടിന്റെ മാസ്മരിക പ്രകടനം കാണികളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. ക്ഷേത്രോത്സവങ്ങള്‍ക്കൊപ്പം കേരളത്തിലെ പ്രസിദ്ധങ്ങളായ മണര്‍കാട്, പാല കടനാട്, പത്തനംതിട്ട മയിലപ്ര പള്ളികളിലും പുരുഷോത്തമനാശാന്റെ വെടിക്കെട്ട് അരങ്ങേറുന്നുണ്ട്. അനധികൃതമായി വെടിക്കെട്ട് അങ്ങിങ്ങ് നടക്കുമ്പോഴും സര്‍ക്കാര്‍ നിയമങ്ങളെ പാലിച്ചു തന്നെ മുന്നോട്ടു പോകുന്ന പുരുഷോത്തമന് ആശാന് പാരമ്പര്യവഴിയില്‍ കൂട്ടായി മകന് സാബു പുരുഷോത്തമനും ചേര്‍ന്നതോടെ കമ്പക്കെട്ടിന്റെ മാത്രമല്ല മറ്റ് വിശേഷ ദിവസങ്ങള്‍ക്കും ശബ്ദ -ദൃശ്യ-ആകാശക്കാഴ്ചയൊരുക്കുവാന് ഇവര്‍ സദാ സന്നദ്ധരാണ്. വര്‍ഷത്തിലെ ഏറ്റവും വലിയ പടക്ക വിപണനം നടക്കുന്നത് ദീപാവലിക്ക് മുമ്പുള്ള ഒരു മാസക്കാലമാണ്. ഈ കാലയളവില്‍ ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും ഇവിടെനിന്നും ഫാന്‍സി പടക്കങ്ങളും നിര്‍മിച്ച് നല്‍കുന്നുണ്ട്.
ക്രാക്ലിംഗ് സൂര്യകാന്തി, കോക്കനട്ട് അമിട്ട് വിവിധതരം കളര്‍ ഗുണ്ട് അമിട്ട്, പലവര്‍ണം, നീലത്താമര, ഡയമണ്ട് വൈറ്റ്, ഫൈറോബ്ലൂ, മാജിക് ബോട്ട്, സ്റ്റാര്‍ഡം, ക്രാക്ലിംഗ് കിംഗ്, സ്ക്കൈവിസില് റോക്കറ്റ് ഇങ്ങനെ നീളുന്നു പുതിയ ഇനങ്ങള്‍. ചൈനീസ് ഇനങ്ങളും നിര്‍മിച്ച് വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നു. ദിവസവും 25 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇതിനുപുറമേ ശിവകാശിയില്‍ നിന്ന് 12 വിദഗ്ധതൊഴിലാളികളുമുണ്ട്. ശിവകാശി വിലയിലും കുറച്ച് വിലയേയുള്ളൂ, പുരുഷോത്തമനാശാന്റെ പടക്കശാലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക്. സ്ഥിരമായി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സീസണ് പണികള്‍ കഴിഞ്ഞാല്‍ മറ്റ് തൊഴില്തേടിപോകേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പുരുഷോത്തമന് പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ പടക്കനിര്‍മാണത്തിന്റെ വ്യത്യസ്ഥമേഖലകള് കണ്ടെത്താനുള്ള ശ്രമത്തിലാണ് പുരുഷോത്തമന് ആശാന്. ദീപാവലി കച്ചവടത്തില്‍ ഏറെ ലാഭം കൊയ്യുന്നത് ചെറുകിട കച്ചവടക്കാരാണ്. എന്നാല്‍ നിര്‍മിക്കുന്ന തൊഴിലാളികള്‍ക്ക് അദ്ധ്വാനഭാരത്തിനുതക്ക ലാഭം കിട്ടാറില്ല.
ഇതിനൊക്കെ പുറമേയുള്ള അനധികൃത റെയ്ഡുകളും മറ്റും ഏറെ ബുദ്ധമുട്ടിക്കുന്നുണ്ട്. ശിവകാശി, ചെന്നൈ മേഖലകളില്‍ വെടിക്കെട്ട് അപകടങ്ങള്‍ അങ്ങേറുമ്പോള് അതിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് കടയ്ക്കലിലെ ആശാന്റെ പടക്കശാലകള്പ്പോലുള്ള കേന്ദ്രങ്ങളിലാണ്. ബേരിയം നെട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ടെസ്റ്റര്‍ പൗഡര്‍, കരി എന്നിവ സ്ഫോടകശേഷിയുള്ള വസ്തുക്കളല്ല. എന്നാല്‍ ഇത് വെടിക്കെട്ടിനായി പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുമ്പോള്‍ മാത്രമാണ് സ്ഫോടകശേഷിയുള്ളതായി മാറുന്നത്. ഒരു അംഗീകൃത ലൈസന്‍സിയുടെ കീഴില്‍ തുച്ഛമായ അളവില്‍ മാത്രമാണ് വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ഇതിന് അനുമതി നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാരാണ്.
ഒരു ലൈസന്‍സിക്ക് വെടിക്കെട്ടിനായി 15കിലോയുടെ അവകാശമാണ് ഉള്ളത്. കച്ചവടത്തിനായി 500 കിലോയും സൂക്ഷിക്കാം. എന്നാല്‍ ഇത് പരിമിതമാണെന്നാണ് ഈ രംഗത്ത് നിലനില്ക്കുന്നവര് പറയുന്നു. പരമ്പരാഗതമായി പടക്കനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറെ പ്രതിബന്ധമായി നില്ക്കുന്നതും ഇത്തരം നിയമത്തിന്റെ നൂലാമാലകളാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന തരത്തില്‍ നിശ്ചിത അകലത്തില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നും മാറി വലിയ ഷെഡുകളിലാണ് പടക്കനിര്‍മാണം നടത്തുന്നത്. വര്‍ഷങ്ങളായി തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള തങ്ങള്‍ക്ക് ചെറിയ അപകടംപോലും ഉണ്ടായിട്ടില്ലെന്ന് പുരുഷോത്തമന് പറയുന്നു. വേണ്ട ശ്രദ്ധ കൊടുക്കുക മാത്രമാണ് ഇതിന് വേണ്ടതെന്നാണ് ആശാന്റെ അഭിപ്രായം.
ചൈനീസ് പടക്കങ്ങളുടെ കടന്നുവരവാണ് പടക്കനിര്മാണത്തെയും പാരമ്പര്യപടക്ക നിര്‍മാതാക്കളെയും കാര്യമായി ബാധിച്ചിരിക്കുന്നത്. അസംസ്കൃതവസ്തുക്കള്‍ പുറത്തുനിന്ന് കിട്ടാനുള്ള ബുദ്ധിമുട്ടും കാലാവസ്ഥ പ്രതികൂലമാകുന്നതും നേരിടുന്ന മറ്റു പ്രധാന പ്രശ്നങ്ങളാണ്. ഇതാണ് പിന്നോട്ടടി.
പടക്കനിര്‍മാണത്തിനാവശ്യമായ പനയോലകള്‍ മുമ്പ് കടലോരമേഖലയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ കേരളത്തില്‍ കിട്ടാനില്ലാതായതോടെ തമിഴ്നാടിനെ ആശ്രയിക്കണം.
രാഷ്ട്രപതി അടക്കം വിഐപികളുടെ വരവ് പ്രൗഢ ഗംഭീരമാക്കാന്‍ തങ്ങളുടെ വെടിക്കെട്ട് വേണം. പക്ഷേ, വെടിക്കെട്ട് കഴിഞ്ഞാല്‍ പീഡനമാണ്. റെയ്ഡിലൂടെ അസംസ്കൃത വസ്തുക്കള്‍ പിടിച്ചെടുക്കുന്നതാണ് പ്രവണതയെന്ന പരാതി പുരുഷോത്തമനാശാനടക്കം ഈ മേഖലയിലുള്ളവര്ക്കെല്ലാമുണ്ട്. 2009-ല്‍ കേരള ഫയര്‍ വര്‍ക്സ് ലൈസന്‍സി രൂപീകരിച്ചതോടെ ഉദ്യോഗസ്ഥ പീഡനം കുറഞ്ഞിട്ടുണ്ടെന്നുമാത്രം.
പടക്കനിര്‍മാണം ഉപജീവനമായി കൊണ്ടുനടക്കുന്ന പുരുഷോത്തമന് പിന്തുണയുമായി മകന് മാത്രമല്ല, ഭാര്യ സുജാതയും മരുകള്‍ ആന്സിയുമടക്കം കുടുംബം ഒപ്പമുണ്ട്. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന ഇവരുടെ പ്രയത്നം രാത്രി വൈകിയാണ് തീരുക.
പുരുഷോത്തമനാശാന്റെ കുടുംബം മറ്റ് 25 കുടുംബങ്ങള്‍ക്കാണ് താങ്ങാവുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലുള്ള കടയ്ക്കല്‍ സാബു നിവാസില്‍ കരിമരുന്നിന്റെ തിരക്കാണ്.
>> കരവാളൂര്‍ ബി. പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: