കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം നവീകരണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. നിലവിലുളള പ്രദര്ശനവസ്തുക്കള് ആധുനിക ഡിസ്പ്ലേ സംവിധാനങ്ങളിലൂടെ 25 ദൃശ്യ വേദികളിലായി പുന:ക്രമീകരിച്ച് സന്ദര്‍ശകര്‍ക്ക് മ്യൂസിയം ആസ്വദിക്കുന്നതിനുളള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അന്തര്‍ ദേശീയ നിലവാരമുളള മ്യൂസിയമാക്കി രണ്ടു വര്‍ഷത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ മ്യൂസിയം ശാസ്ത്രീയമായി നവീകരിക്കുന്നതിന് സാംസ്കാരിക വകുപ്പ് തീരുമാനിക്കുകയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരള ചരിത്ര പൈതൃക മ്യൂസിയത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പുരാവസ്തു വകുപ്പിനായി കേരളം ചരിത്ര പൈത്യക മ്യൂസിയം തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അഞ്ച് കോടി രൂപ മ്യൂസിയം നവീകരണത്തിനായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചി രാജാക്കന്മാരുടെ ഔദ്യോഗിക രാജമന്ദിരമായിരുന്ന തൃപ്പൂണിത്തുറ കനകക്കുന്ന് കൊട്ടാരത്തില്‍ 1985 ലാണ് പുരാവസ്തു വകുപ്പ് പുരാവസ്തു മ്യൂസിയവും പൈതൃക മ്യൂസിയവും സജ്ജീകരിച്ചിട്ടുളളത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ചതും കൊച്ചി-തിരുവിതാംകൂര്‍ രാജവംശങ്ങളില്‍ നിന്നും പാലിയം ദേവസ്വത്തില്‍ നിന്നും വിലകൊടുത്തതും സംഭാവനയായി ലഭിച്ചതുമായ പുരാവസ്തുക്കളാണ് മ്യൂസിയത്തിലെ വിവിധ ദൃശ്യ വേദികളിലായി സജ്ജീകരിച്ചിട്ടുളളത്.
കരിവീട്ടിയില്‍ കടഞ്ഞെടുത്ത ഗജവീരന്റെ ജീവല്രൂപം, തടിയിലും ആനക്കൊമ്പിലും നിര്‍മ്മിച്ചിട്ടുളള രാജകീയ ഉപകരണങ്ങള്‍, 1862-ല്‍ ലണ്ടനില്‍ നിന്നും കൊച്ചി രാജാവിന് സമ്മാനമായി ലഭിച്ച സംഗീതപ്പെട്ടി, വിവിധ മാര്‍ബിള്‍ പ്രതിമകള്‍, 1800-ല്‍ വീട്ടിത്തടിയില്‍ നിര്‍മ്മിക്കപ്പെട്ട കൊച്ചി രാജവംശത്തിന്റെ രജത സിംഹാസനം, അത്യപൂര്‍വ്വമായ എണ്ണച്ചായ ചിത്രങ്ങള്‍ എന്നിവ പ്രധാനപ്പെട്ട പ്രദര്‍ശന വസ്തുക്കളാണ്.
ഇവയില്‍ ഏറ്റവും ആകര്‍ഷകമാകുന്നത് നവരത്നങ്ങള്‍ പതിപ്പിച്ചിട്ടുളള തങ്കകിരീടമാണ്. 1.75 കിലോഗ്രാം ഭാരമുളള രത്ന ഖചിതമായ ഈ തങ്ക കിരീടം പോര്‍ട്ടുഗീസ് വൈസ്രോയിയായ ഡി.അല്‍മേഡ കൊച്ചി രാജാവിന് സമ്മാനമായി നല്‍കിയതാണ്. രാജാക്കന്മാന് അണിഞ്ഞിരുന്ന ഗൗരീശങ്കരമാല, തുറൈബലിബന്ധം, വിവിധയിനം മുത്തുമാലകള്‍ എന്നിവയും തദ്ദേശ-വിദേശ നാണയങ്ങളുടെ ഒരു വന്‍ശേഖരവും ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹീബ്രു ഭാഷയില്‍ ആട്ടിന്‍തോലില്‍ എഴുതിയിട്ടുളള ജൂതന്മാരുടെ വിശുദ്ധഗ്രന്ധമായ തോറ പ്രദര്‍ശന വസ്തുക്കളില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
പഴയകാലത്ത് രാജാക്കന്മാരും നാടുവാഴികളും ഉപയോഗിച്ചിരുന്ന പല്ലക്കുകളും മേനാവുകളും യുദ്ധോപകരണങ്ങളും കൊച്ചിരാജാക്കന്മാര് അത്തച്ചമയാഘോഷങ്ങളില് പ്രത്യേകമായി ഉപയോഗിച്ചിരുന്ന വെളളിക്കസേരയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 52 ഏക്കറോളം വരുന്ന കൊട്ടാരവളപ്പില്‍ ഒരു രാജകീയ ഉദ്യാനവും മാന്‍പാര്‍ക്കും പ്രീഹിസ്റ്റോറിക് പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: