ചങ്ങനാശ്ശേരി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തും ഭരണവും പൊതുവാക്കണമെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. പത്മനാഭസ്വാമിക്ഷേത്രം നിലനില്‍ക്കുന്നത്ക്ഷേത്രഭക്തജനങ്ങളും പത്മനാഭസ്വാമിയും പത്മനാഭദാസനായി ഭരിക്കുന്ന രാജാവുമടങ്ങുന്ന ത്രിമാനബിന്ദുവിലാണ്. അതില്‍ സര്‍ക്കാരോ ബാഹ്യശക്തികളോ ഇടപെടുന്നത് ശരിയല്ല. മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാകേന്ദ്രത്തില്‍ മാത്രം ഇടപെടണമെന്നും ഭരിക്കണമെന്നും പിണറായി വിജയന് ശഠിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ദേവനില്‍ വിശ്വാസമില്ലെന്ന് പറയുന്നവര്‍ ദേവന്റെ സ്വത്ത്വേണമെന്ന് നിര്‍ബന്ധിക്കുന്നത് വിരോധാഭാസമാണ്.
പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് പൊതുവായിട്ടുള്ളതല്ല. വിശ്വാസികളായ ഭക്തജനങ്ങള്‍ ദേവന് മുന്നില്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചതാണ്. അത് വിനിയോഗിക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് ഭക്തജനങ്ങളും രാജാവിനും പങ്കാളിത്തമുള്ള ഭരണസമിതിയാണ്.
ക്ഷേത്രഭരണംജനാധിപത്യവല്ക്കരിക്കേണ്ടതിന് പകരം സര്‍ക്കാരില്‍ സര്‍വ്വ നിയന്ത്രണവും നിക്ഷിപ്തമാക്കുന്നത് ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. പിണറായി വിജയന് ക്ഷേത്രഭരണത്തില്‍ ജനാധിപത്യമല്ല, സര്‍ക്കാരിന്റെ ഏകാധിപത്യമാണ് ആഗ്രഹിക്കുന്നത്. ഭക്തിയും വിശ്വാസവും വര്‍ദ്ധിച്ചുവരുന്നതിലുള്ള അസഹിഷ്ണുതയാണ് അതിന് കാരണം.
കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായശേഷം പുരോഗതി പ്രാപിച്ചിട്ടില്ല. ഒട്ടനവധി ദേവസ്വംഭൂമി നഷ്ടപ്പെട്ടു. അതേ സമയം ഭക്തജനങ്ങള്‍ ഭരിക്കുന്ന ക്ഷേത്രങ്ങളെല്ലാം വികസിച്ചു. ഭക്തജനക്ഷേമവും ആധ്യാത്മികോന്നതിയും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും പാടില്ലെന്ന ദേവസ്വം പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: