ഒന്നര പതിറ്റാണ്ടു മുന്‍പ് നിത്യ ചൈതന്യയതി ശ്രീനാരായണീയരോടഭ്യര്ത്ഥിച്ചു, “ഇന്നത്തെ സ്ഥിതിയില്‍ ശിവഗിരിമഠം, ശിവഗിരിമഠമല്ല. സര്‍ക്കാര്‍ ഓഫീസാണ്. അത് തിരികെ ശിവഗിരി മഠമാകുന്നതുവരെ ഗുരുഭക്തന്മാരെല്ലാവരും നിസ്സഹകരിക്കണം. ഭക്തിയുടെ പാരമ്യംകൊണ്ട് തീര്‍ത്ഥാടനകാലത്ത് ശിവഗിരിയില്‍ പോകാതെ നിവൃര്ത്തിയില്ലെന്നാണ് തോന്നുന്നതെങ്കില്‍ അങ്ങനെയുള്ളവര്‍ ശിവഗിരിയിലെത്തി മഹാസമാധിയിലും വൈദികമഠത്തിലും ശാരദാമഠത്തിലും മനമലര്കൊയ്ത് പൂജചെയ്ത് മടങ്ങിപ്പോവുക. സമ്മേളനപ്പന്തലിലോ പണമടയ്ക്കാനുള്ള കൗണ്ടറിലോ ആരും കയറാതിരിക്കുക.”
ഏത് ചേരിയിലുള്ളവരായാലും ഒരു ചേരിയിലും പെടാത്തവരായാലും അന്ന് ശ്രീനാരായണ ഭക്തരുടെ വികാരം ഏതാണ്ട് ഇതുപോലെയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ശിവഗിരിയിലെ അന്തരീക്ഷം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇല്ലാത്തവിധം തീര്‍ത്തും ദുഃഖകരമായിരുന്നു. സന്ന്യാസിമാര്‍ ചേരിതിരിയുകയും അവരെ പിന്തുണച്ച് നിലപാട് സ്വീകരിച്ചവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തതോടെ ശിവഗിരി പോലീസ്വലയത്തിലായി. തുടര്‍ന്നുള്ള സംഭവങ്ങള്‍ ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകം എന്നുതന്നെ പറയാം.
ശിവഗിരിയിലെ തര്‍ക്കങ്ങള്‍ക്ക് ഏതാണ്ട് ആറ് പതിറ്റാണ്ടോളം പഴക്കമുണ്ട്. ആദ്യം ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കോടതിയിലെത്തുന്നത് 1954ല്‍ ആണ്. ആറ്റിങ്ങല്‍ സബ്കോടതിയിലെത്തിയ അന്യായവും അതിലെ ഉപഹര്‍ജികളും പല തലത്തിലും പരിശോധിക്കപ്പെട്ടു. ചിലത് സുപ്രീംകോടതിവരെയെത്തി. ശിവഗിരി ട്രസ്റ്റിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹൈക്കോടതിയിലെ മധ്യസ്ഥരുടെ ശ്രമഫലമായി 58 വര്‍ഷം പഴക്കമുള്ള കേസുകള്‍ ഒത്തുതീരുകയാണ്. മധ്യസ്ഥതയിലെ ധാരണ ഇരുപക്ഷവും അംഗീകരിച്ചതിനെത്തുടര്‍ന്ന് അന്യായവും ഉപഹര്‍ജികളും തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. ആറ് മാസംമുന്‍പാണ് ഹൈക്കോടതിയിലെ മീഡിയേഷന് കേന്ദ്രത്തില്‍ മധ്യസ്ഥശ്രമം തുടങ്ങിയത്. പിന്നീട് ശിവഗിരി മഠത്തിലും പലതവണ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്.
ശിവഗിരിയെ സര്‍ക്കാര്‍ അധീനത്തിലാക്കാനുള്ള നീക്കവും അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആരാധനാലയങ്ങളില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും ഇടപെടാന്‍ ധൈര്യംകാണിക്കാത്ത മതേതരസര്‍ക്കാര്‍ ശിവഗിരിയില്‍ സ്വാധീനമുറപ്പിക്കാന്‍ തയ്യാറായതില്‍ ദുരൂഹത കാണുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെയാണ് നിത്യചൈതന്യയതിയെപ്പോലുള്ള “ആത്മീയാചാര്യന്മാര്ക്ക് ശ്രീനാരായണീയരോട് സര്‍ക്കാരിന് എന്തുമാവാമെന്നോ” എന്ന ചോദ്യം ഉന്നയിക്കേണ്ടിവന്നത്.
ശിവഗിരിമഠത്തിന്റെ ജനകീയാടിത്തറ എസ്എന്‍ഡിപി യോഗമാണെന്ന കാര്യത്തില്‍ സംശയമില്ല. യോഗവും മഠവും ഇടയ്ക്ക് ഇടയുന്ന സന്ദര്‍ഭംപോലുമുണ്ടായി. പരസ്പര പൂരകമായി പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനവും ധര്‍മസ്ഥാപനവും നേര്‍ക്കുനേര്‍ പോര്‍വിളിക്കുന്നത് കാണാന്‍ ആള്ക്കാരുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ശിവഗിരിയോടോ ശ്രീനാരായണ പ്രസ്ഥാനങ്ങളോടോ ഭക്തിയോ ആദരവോ ഉള്ളവരല്ലെന്ന് തിരിച്ചറിയാന്‍ എന്തുകൊണ്ടോ അന്ന് കഴിയാതെപോയി.
അനേകം ആരാധനാലയങ്ങളും ആദ്ധ്യാത്മിക സ്ഥാപനങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അതിന്റെയെല്ലാം നടത്തിപ്പുകാര്‍ അവയുടെ സുഗമമായ നടത്തിപ്പിന് അന്തിമമായ ആശ്രയമായിക്കാണുന്നത് സര്‍ക്കാരിനെയും സര്‍ക്കാരിന്റെതന്നെ ഭാഗമായ നീതിന്യായ കോടതികളെയുമാണ്. അവിടെയെല്ലാം രമ്യമായ പരിഹാരത്തിനു പകരം പ്രശ്നങ്ങള്‍ വഷളാക്കുന്ന സ്ഥിതിയുണ്ടായത് അവിചാരിതമായാണെന്ന് പറയാന്‍ കഴിയില്ല. ചില ക്ഷുദ്ര ജീവികള്‍ ശിവഗിരിയിലെ അന്തരീക്ഷം വഷളാക്കാനും അതില്‍നിന്നും മുതലെടുക്കാനും നിഗൂഢപരിശ്രമങ്ങള്തന്നെ നടത്തുകയുണ്ടായി.
ഒന്നര പതിറ്റാണ്ടുമുന്‍പ് ശിവഗിരി സംഘര്‍ഷഭൂമിയാക്കുന്നതിന് ബാഹ്യശക്തികള്‍ സംഘടിതമായെത്തിയതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഏതായാലും ഏറ്റവുമൊടുവില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് എല്ലാംകൊണ്ടും പ്രശംസനീയവും മാതൃകാപരവുമാണെന്നതില് സംശയമില്ല. ഒരു തീര്ത്ഥാടനംകൂടി ശിവഗിരിയില്‍ അടുത്തെത്തിയിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷത്തില്‍ നിറഞ്ഞമനസ്സോടെ തീര്‍ത്ഥാടനലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ശ്രീനാരായണീയര്‍ക്ക് ഹൈക്കോടതി വഴിതുറന്നിരിക്കുകയാണ്. ഗുരുധര്‍മത്തിന്റെ ആത്മീയതയും ഭൗതികവുമായ മാനങ്ങള്‍ ജനഹൃദങ്ങളില്‍ നിറയ്ക്കാനുള്ള പറ്റിയ അവസരമാണ് ശിവഗിരി തീര്‍ത്ഥാടനം. പോയ വര്‍ഷത്തിന്റെ അപഗ്രഥനവും വരാന്‍പോകുന്ന വര്‍ഷങ്ങളുടെ മാര്‍ഗദര്‍ശനവും സ്വീകരിക്കുവാന്‍ തീര്‍ത്ഥാടനംകൊണ്ട് സാധിക്കുകതന്നെചെയ്യും.
ശിവഗിരിമഠം ഒരു ഹിന്ദു സ്ഥാപനമല്ലെന്ന വാദം ചിലര്‍ ഉന്നയിക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പ്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല. ശ്രീനാരായണ ഗുരുദേവന് നാം ഹിന്ദുവല്ലെന്ന് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. അതേസമയം ശ്രീശങ്കരന്റെയും നമ്മുടെയും മതം ഒന്ന്തന്നെ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ നീക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ക്കൊപ്പം അന്യമതത്തിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തിയതും ചരിത്രസത്യങ്ങളാണ്. സ്തോത്രങ്ങള്‍ മാത്രമല്ല, ക്ഷേത്രങ്ങളും സ്ഥാപിച്ച ഗുരുദേവന് ഹിന്ദു സന്ന്യാസിയല്ല എന്ന് പറയുന്നവര്‍ക്ക് എന്തോ തകരാറുണ്ടെന്നേ കാണാന്‍ കഴിയൂ. ജാതിക്കും ഭേദങ്ങള്ക്കുമുപരിയായി ഹിന്ദുക്കളെ ഒറ്റക്കെട്ടായി ഉന്നതിയിലെത്തിക്കാന്‍ ഗുരുദേവന് അരുളിച്ചെയ്ത കാര്യങ്ങളെല്ലാം മുഴുവന്‍ മാനവരാശിക്കും ഉപയുക്തമാകുന്നത് ഗുരുദേവന്റെ ഔന്നത്യംകൊണ്ടാണ്. ഹിന്ദുമതത്തിലെ ജാതിക്കോട്ടകളെയും ഉച്ചനീചത്വങ്ങളെയും ഇല്ലാതാക്കാനാണ് ഒന്നേകാല്‍ നൂറ്റാണ്ടിനുമുന്പ് അരുവിപ്പുറത്ത് ഗുരുദേവന് ഒരു മഹാവിപ്ലവത്തിന് തുടക്കമിട്ടത്. അവിടെ നടത്തിയ ശിവപ്രതിഷ്ഠയാണ് കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ആണിക്കല്ലായത്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും ഗുരുദേവന്റെ പ്രതിഷ്ഠകളെല്ലാം ഹൈന്ദവസമൂഹത്തെ സ്ഫുടംചെയ്യാന് ഉപയുക്തമാകുകയായിരുന്നു. 1959 മാര്‍ച്ച് 26-ാം തീയതി ഹൈക്കോടതി അംഗീകരിച്ചതാണ് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സ്കീം. അതിലെ ആറാം വകുപ്പിന്റെ ബി, സി ഉപവകുപ്പുകള്‍ ട്രസ്റ്റും മഠവും മതസ്ഥാപനമാണെന്ന് വ്യക്തമാക്കുന്നതാണ്.
ബി- സംഘത്തിലെ സന്ന്യാസി അംഗങ്ങളുടെയും ത്യാഗികളുടെയും മതപരമായ അനുഷ്ഠാനങ്ങള്‍ക്കും വാസത്തിനും ഭക്ഷണത്തിനും സൗകര്യമായവിധം മതങ്ങള്‍, ആശ്രമങ്ങള്‍, ബ്രഹ്മവിദ്യാ മന്ദിരങ്ങള്‍ മുതലായവ സ്ഥാപിച്ച് നടത്തുക.
സി- വേണ്ടത്ര വാസനയും കര്‍ത്തവ്യബോധവും നിസ്വാര്‍ത്ഥ സേവനബുദ്ധിയുമുള്ള ആളുകളെ പരിശീലിപ്പിക്കുന്നതിനായി ഒരു മത മഹാപാഠശാല സ്ഥാപിക്കുകയും പരിശീലനം കഴിഞ്ഞ് അവര്‍ സന്ന്യാസദീക്ഷ സ്വീകരിക്കുവാന്‍ യോഗ്യരാണെന്ന് ബോധ്യമായശേഷം യഥാസമയം അവരെ സംഘത്തില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യുക.
ഇതില്‍പ്പറയുന്ന മതം ഹിന്ദുമതമല്ലാതെ മറ്റേതെങ്കിലും മതത്തെയാണോ ലക്ഷ്യമിട്ടിരിക്കുന്നത്? ഹിന്ദുമതത്തെ തള്ളിപ്പറയുന്നവര്‍ ഈവക കാര്യങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് പറയാന്‍ സാധിക്കില്ല. കണ്ണടച്ചിരുട്ടാക്കുക എന്ന സമീപനം സൗകര്യപൂര്‍വം സ്വീകരിക്കുന്നുവെന്ന് മാത്രം.
ശിവഗിരിയിലെ തര്‍ക്കങ്ങള്‍ക്കും ഹൈന്ദവസമൂഹത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പങ്കുള്ളതായി ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും പുകമറ സൃഷ്ടിക്കാനും ഹൈന്ദവപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഗുരുദേവന്റെ പേര് ഉപയോഗപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയുണ്ടായി. സത്യവുമായി അത്തരം പ്രചാരണങ്ങള്‍ക്ക് പുലബന്ധംപോലും ഇല്ലായിരുന്നുവെന്ന് കാലം തെളിയിക്കുകയുംചെയ്തു. ഏതായാലും ശിവഗിരിയില്‍ ഇന്ന് തീഗോളങ്ങളില്ല. തെളിഞ്ഞ അന്തരീക്ഷത്തില്‍ നിറഞ്ഞ മനസ്സുമായി വര്‍ത്തമാനകാല പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഗുരുധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ വരാന്‍പോകുന്ന തീര്‍ത്ഥാടനം മാറുന്നതിന് ഹൈക്കോടതിയുടെ സ്വാഗതാര്‍ഹമായ ഇടപെടല്‍ ഉപകരിക്കുമെന്ന് ആശ്വസിക്കാം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: