കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറയുന്നതുപോലെയാണ് ക്ഷേത്രങ്ങളോടുള്ള സിപിഎം സമീപനം. എത്ര രാഷ്ട്രീയമായി തിരിച്ചടി നേരിട്ടാലും ഹിന്ദുക്കളെ ദ്രോഹിക്കാതെ സിപിഎം നേതാക്കള്‍ക്ക് ഉറക്കം വരില്ല. നിരീശ്വരവാദികളാണ്, ദൈവങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ മിഥ്യകളാണ്, ക്ഷേത്രങ്ങള്‍ അന്ധവിശ്വാസകേന്ദ്രങ്ങളാണ് എന്നൊക്കെ അവകാശപ്പെടുമെങ്കിലും ക്ഷേത്രഭരണത്തിന്റെയും സ്വത്തിന്റെയും കാര്യം വരുമ്പോള്‍ സിപിഎമ്മിന്റെ മട്ടും ഭാവവും മാറും. അവര്‍ക്ക് ക്ഷേത്രം ഭരിക്കണം, ക്ഷേത്രസ്വത്തില്‍ കയ്യിട്ടുവാരണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് അമിക്കസ്ക്യൂറി സുപ്രീംകോടതിയെ ബോധിപ്പിച്ച കാര്യങ്ങളോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്ത് ഏതു തരത്തില്‍ ചെലവിടണമെന്ന് ജനാധിപത്യ പരമായി എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും ഇതിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നുമാണ് പിണറായി വാദിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന് പിന്നില്‍ ക്ഷേത്ര ഭരണം വീണ്ടും രാജകുടുംബത്തിന്റെ കയ്യിലെത്തിക്കാനുള്ള നീക്കമാണത്രെ. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിക്കരുത്. റിപ്പോര്‍ട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ക്ഷേത്രം രാജാവിന്റെ സ്വകാര്യ സ്വത്തെന്ന രീതിയിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ രാജകുടുംബത്തിന് ചെറിയൊരു അവകാശമേയുള്ളൂ. ക്ഷേത്രം കൊട്ടാരം വകയായിരുന്നില്ല. എട്ടരയോഗക്കാരുടെ ഭരണത്തിലായിരുന്നു ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ് കൊട്ടാരത്തിന്റെ ഭരണത്തില്‍ വന്നത്. തൃപ്പടി ദാനം നടത്തി ദൈവത്തിന്റെ പ്രതിപുരുഷനായി ഭരണം കയ്യടക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ് പിണറായിയുടെ കണ്ടുപിടിത്തങ്ങള്‍.
ഭക്തരില്‍നിന്ന് കാണിക്കയായി ലഭിച്ചതും രാജഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ ലഭിച്ച സ്വത്തുക്കളുമെല്ലാം പൊതുസ്വത്തായി കണ്ട് രാഷ്ടത്തിന്റെ സമ്പത്താക്കണമെന്നും ക്ഷേത്രകാര്യങ്ങള്‍ക്കുള്ള സ്വത്ത് മാറ്റിവെച്ചിട്ട് ബാക്കി രാഷ്ട്രത്തിന്റെ പുരോഗതിക്ക് വിനിയോഗിക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായിയുടെ മകന് ആദിത്യ വര്‍മയെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും എം ജി ശശിഭൂഷണെ ക്ഷേത്രപുനരുദ്ധാരണ സമിതിയംഗമായും ഇദ്ദേഹത്തിന്റെ മകന് ഗൗതമിനെ ജോയിന്റ് എക്സിക്യൂട്ടിവ് ഓഫീസറായും നിയമിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികളെ ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെയും പിണറായി വിമര്‍ശിക്കുകയാണ്. എന്നാല്‍ പിണറായിയുടെ നിലപാടുകളിലെ പൊള്ളത്തരവും ഇരട്ടത്താപ്പും ചരിത്രപണ്ഡിതനായ എം.ജി. ശശിഭൂഷണ്‍ തുറന്നുകാട്ടുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയെ ക്കുറിച്ചുമുള്ള പിണറായി വിജയന്റെ പ്രതികരണം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് ശശിഭൂഷണ്‍ പറയുന്നത് പിണറായിക്ക് ഉചിത മറുപടിയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കമാത്രമാണോ പൊതുസ്വത്ത് അതോ വേളാങ്കണ്ണി പള്ളി, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ കാണിക്കയും പൊതുസ്വത്താണോ എന്നറിയണം. ഇത് വിശദീകരിക്കാനുള്ള ആര്‍ജവം കാട്ടണമെന്ന് ശശിഭൂഷന്റെ അഭ്യര്‍ത്ഥനയോട് പിണറായിക്ക് എന്ത് മറുപടിയുണ്ടെന്ന് അറിയണം.
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തതേയുള്ളൂ. തീരുമാനം ഉണ്ടായിട്ടില്ല. ഇതില്‍ എന്തെല്ലാം അംഗീകരിക്കണമെന്ന് തീരുമാനിക്കുന്നത് സുപ്രീം കോടതിയാണ്. സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരും രാജകുടുംബവും അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. എട്ടരയോഗക്കാരായിരുന്നു ക്ഷേത്ര ഉടമകളെന്നാണ് പിണറായി പറയുന്നത്. എട്ടരയോഗം എന്നത് രാജകീയ സമിതിയാണ്. ഇതിന്റെ മേല്‍ക്കോയ്മ രാജാവിനായിരുന്നു. ഇവര്‍ രാജാവിന്റെ ഉപദേശക സമിതി അംഗങ്ങളായിരുന്നു. ഇവര്‍ ഊരാളന്മാരല്ല. പഴയകാലത്ത് ഇവരെ വിളിച്ചിരുന്നത് സമുദായം എന്നാണ്. എട്ട് പേരില്‍ രണ്ട് പേരുടെ സാന്നിധ്യം മാത്രമാണ് എപ്പോഴും ഉണ്ടാവുക. ഇവരുമായിട്ടാണ് രാജാവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇവരെ വാരിയം എന്നാണ് അറിയപ്പെട്ടിരുന്നത്.
മതിലകം രേഖകളില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പിണറായി വിജയന് വ്യഗ്രത കാട്ടുന്നതെന്തിനെന്നാണ് ബിജെപി അധ്യക്ഷന്‍ മുരളീധരന് ചോദിക്കുന്നത്. പദ്മനാഭസ്വാമിയുടെ സമ്പത്ത് ചെലവിടാനുള്ള വഴിയായാണ് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദം പിണറായി മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് സമ്പത്തും ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ പല സര്‍ക്കാരുകളും തയ്യാറായ അനുഭവം നമുക്കു മുന്നിലുണ്ട്. ഇതിനെതിരായ പ്രതിഷേധം ഉയര്‍ന്നതുമാണ്. ക്ഷേത്രത്തിന്റെ സമ്പത്തും കാണിക്കയും എല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കേണ്ടത്. അതെടുത്തു ചെലവിടാന്‍ സര്‍ക്കാരിന് അവകാശമില്ല.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരം ഇടപെടല്‍ രാഷ്ട്രീയക്കാരോ സര്‍ക്കാരോ നടത്തുന്നില്ല. ഇതിന് നേര്‍ക്ക് എന്തുകൊണ്ടാണ് സിപിഎം കണ്ണടക്കുന്നത്? ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തിനായി കരുതിയിട്ടുള്ള സ്വത്താണെന്നും ഇത് ശ്രീപത്മനാഭന്റെ സ്വത്തുമാത്രമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നതിന്റെ സത്യം പിണറായി ഉള്‍ക്കൊള്ളുമോ? ക്ഷേത്രനിലവറകളില്‍ കണ്ടെത്തിയ അപൂര്‍വ്വവും അമൂല്യവുമായ ഈ ശേഖരങ്ങള്‍ പത്മനാഭസ്വാമിയുടേതായി കണക്കാക്കി ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇത് പൊതുമുതലാക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ ശരിയല്ലെന്നും എന്‍എസ്എസ് നേതാവ് വ്യക്തമാക്കിയിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തും ഭരണവും പൊതുവാക്കണമെന്ന പിണറായി വിജയന്റെ അഭിപ്രായം ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറയുന്നത് സിപിഎമ്മുകാരായ ഹിന്ദുക്കളുടെകൂടി അഭിപ്രായമാണ്. പത്മനാഭസ്വാമിക്ഷേത്രം നിലനില്‍ക്കുന്നത്ക്ഷേത്രഭക്തജനങ്ങളും പത്മനാഭസ്വാമിയും പത്മനാഭദാസനായി ഭരിക്കുന്ന രാജാവുമടങ്ങുന്ന ത്രിമാനബിന്ദുവിലാണ്. അതില്‍ സര്‍ക്കാരോ ബാഹ്യശക്തികളോ ഇടപെടുന്നത് ശരിയല്ല. മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാകേന്ദ്രത്തില്‍ മാത്രം ഇടപെടണമെന്നും ഭരിക്കണമെന്നും ശഠിക്കുന്നത് ദുരുദ്ദേശപരമാണ് എന്ന കുമ്മനത്തിന്റെ മുന്നറിയിപ്പ് മറ്റാരേക്കാളും സിപിഎമ്മിനുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: