ധാക്ക: ബംഗ്ലാദേശില്‍ 1971ലെ സ്വാതന്ത്ര്യ സമരത്തില്‍ സൈന്യം നടത്തിയ കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന് മാപ്പു പറയണമെന്ന് ബംഗ്ലാദേശ്. എന്നാല്‍ ഭൂതകാലം കുഴിച്ചുമൂടല്‍ കാലത്തിന് വിട്ടുകൊടുക്കണമെന്നാണ് പാക്കിസ്ഥാന് പ്രതികരിച്ചത്.
പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ദിപുമോനിയുമായുള്ള കൂടിക്കാഴ്ചയിലാണ് 1971ല്‍ പാക് സൈന്യം നടത്തിയ കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന് മാപ്പുപറയുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഇടയ്ക്കു നില്ക്കുന്ന മറ്റുപ്രശ്നങ്ങളും രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് മോനി ചൂണ്ടിക്കാട്ടിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി മിജാറുള്‍ ഖ്വയേസ് പറഞ്ഞു. 1974 മുതല്‍ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രിമാര്‍ പലപ്പോഴായി പല അവസരങ്ങളില്‍ 1971ന്റെ പശ്ചാത്താപം പ്രകടിപ്പിച്ചു കഴിഞ്ഞതായി ഹിന പ്രതികരിച്ചെന്നും ഖ്വയേസ് പറഞ്ഞു. ബാക്കി നില്‍ക്കുന്നത് കുഴിച്ചുമൂടാന്‍ കാലമെടുക്കുമെന്നും അവര്‍ പറഞ്ഞതായി ഖ്വയേസ് വ്യക്തമാക്കി.
കൂട്ടക്കൊലയില്‍ പാക്കിസ്ഥാന് മാപ്പിരക്കണമെന്ന് മോനി ആവശ്യപ്പെട്ടതായി ഖ്വയേസിന്റെ പ്രസ്താവന സ്വകാര്യ വാര്‍ത്താ ഏജന്‍സികളാണ് പുറത്തുവിട്ടത്.
അവാമി ലീഗ് ബംഗ്ലാദേശില്‍ ഭരണത്തിലെത്തിയ ശേഷം ആദ്യമായി ധാക്ക സന്ദര്‍ശിക്കാനെത്തിയ പാക് വിദേശകാര്യമന്ത്രിയാണ് ഹിന റബ്ബാനി ഖര്. നവംബര്‍ 22ന് ഇസ്ലാമബാദില്‍ നടക്കുന്ന ഡെവലപ്പിംഗ് 8 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശി പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ ക്ഷണിക്കാനാണ് ഖര് ധാക്കയിലെത്തിയത്. അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ഗനാബാബനിലെത്തി ഹസീനയെ നേരില്‍ കണ്ട് പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ക്ഷണക്കത്ത് നല്‍കുകയും ചെയ്തു. മടങ്ങും മുമ്പ് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഖാലിദ സിയയെയും കണ്ടു.
1971 വരെ ബംഗ്ലാദേശ് കിഴക്കന്‍ പാക്കിസ്ഥാനായാണ് നിലകൊണ്ടിരുന്നത്. പാക്കിസ്ഥാന് സൈന്യത്തിനെതിരെ ഒമ്പതുമാസം നീണ്ടുനിന്ന സ്വാതന്ത്ര്യ സമരത്തിനൊടുവില്‍ ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിനെതിരെ പാക്കിസ്ഥാന് സൈന്യം നടത്തിയ ക്രൂരതകളില്‍ ഇസ്ലാമബാദ് ഔദ്യോഗികമായി മാപ്പുപറയണമെന്നാണ് അടുത്തിടെ ഭരണത്തിലേറിയ സര്‍ക്കാരിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: