തലശ്ശേരി: കേരള സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കുന്ന 2012-ലെ ശിശുദിന സ്റ്റാമ്പിന്റെ ഏറ്റവും നല്ല ചിത്രമായി തലശ്ശേരി കാവുംഭാഗം സ്വദേശി അഷിക സന്തോഷ് വരച്ച ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. കൊളശ്ശേരി, കാവുംഭാഗം അയോദ്ധ്യാനഗറില് കുണ്ടന്‍ചാലില്‍ സന്തോഷ്ദീപ്തിയില് കെ.സി.സന്തോഷ്-പറമ്പത്ത് ഷബാന ദമ്പതികളുടെ ഏകമകളായ അഷിക ധര്‍മ്മടം റോട്ടറി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കാവുംഭാഗം ശ്രീശാസ്താബാലഗോകുലാംഗമായ അഷിക ഭാസ്കര്‍റാവു സ്മാരക മന്ദിരത്തിലെ സുരംഗ(സുധീര്‍ ഫഡ്കേ സ്മാരക) കലാപീഠത്തിലെ നൃത്തവിദ്യാര്ത്ഥിനിയാണ്.
തലശ്ശേരി സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററില്‍ ജിംനാസ്റ്റിക് പരിശീലനം നടത്തിവരുന്ന അഷിക ചെറുപ്പം മുതല്‍ തന്നെ ചിത്രകലയില്‍ മിടുക്കിയാണ്. പ്രശസ്ത ചിത്രകാരനായ ശശികുമാര്‍ കണ്ടോത്തിന്റെ ശിക്ഷണത്തില്‍ ചിത്രകല പരിശീലിക്കുന്ന അഷിക ഇതിനകം തന്നെ ശ്രദ്ധേയമായ ധാരാളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 800 ല്‍ അധികം കുട്ടികള്‍ പങ്കെടുത്തതില്‍ നിന്നാണ് അഷികാ സന്തോഷിനെ തെരഞ്ഞെടുത്തത്.
ശിശുദിനത്തില്‍ രാവിലെ 9.30ന് തിരുവനന്തപുരത്ത് തൈക്കാട് ശിശുക്ഷേമ സമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ മന്ത്രി എം.കെ.മുനീര്‍ അഷിക സന്തോഷിന് അവാര്‍ഡ് സമ്മാനിക്കും. അഷിക പഠിക്കുന്ന ധര്‍മ്മടം റോട്ടറി സ്കൂളിന് റോളിംഗ് ട്രോഫിയും മന്ത്രി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: