ലണ്ടന്‍: താലിബാന് ഭീകരരുടെ വെടിയേറ്റ് ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ഈ ആവശ്യവുമായി പതിനായിരക്കണക്കിനാളുകളാണ് ബ്രിട്ടണില്‍ പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില് വെച്ച് മലാലക്ക് വെടിയേറ്റത്. കഴുത്തിലും തലയിലും വെടിയേറ്റ മലാലയെ അടിയന്തര ചികിത്സക്ക് ശേഷമാണ് തുടര്‍ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റിയത്. താലിബാന് ഭീകരര്‍ക്കെതിരെ പോരാടിയ മലാലക്ക് നോബല്‍ സമ്മാനം നല്കി ആദരിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിനാളുകള്‍ ഒപ്പുവെച്ച നിവേദനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്കി.
വെള്ളിയാഴ്ച്ച സംഘടിപ്പിച്ച പ്രചാരണപരിപാടിയില്‍ ബ്രിട്ടണിലേയും പാക്കിസ്ഥാനിലേയും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. താലിബാന് ഭീകരതക്കെതിരെ പോരാടിയതിനാണ് മലാലയെ വധിക്കാന്‍ ഇവര്‍ ശ്രമിച്ചത്. മലാല അവള്‍ക്കുവേണ്ടി മാത്രമല്ല പ്രതികരിച്ചത്. വിദ്യാഭ്യാസം നിഷേധിച്ച ഒരുപറ്റം കുട്ടികള്‍ക്കുവേണ്ടിയാണ് അവള് പ്രവര്‍ത്തിച്ചത്. പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നല്കിയ ഷഹീദ ചൗധരി പറഞ്ഞു.
ബ്രിട്ടണിലേതിന് സമാനമായ പ്രചാരണപരിപാടികള്‍ കാനഡയിലും, ഫ്രാന്‍സിലും, സ്പെയിനിലും ആരംഭിച്ചിട്ടുണ്ട്. സ്വാത് മേഖലയുടെ നിയന്ത്രണം 2008ല്‍ കയ്യടക്കിയ താലിബാന് സ്ക്കൂളുകള്‍ അടച്ചുപൂട്ടുകയും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും താലിബാന് ഭീകരരുടെ ക്രൂരതകളെക്കുറിച്ചും മലാല വ്യാജ പേരില്‍ ബ്ലോഗില്‍ എഴുതിയിരുന്നു. ബിബിസി ഉറുദു ചാനലിനുവേണ്ടിയാണ് ഡയറി എഴുതിയത്. ഇത് ചാനല്‍ പുറത്തുകൊണ്ടുവന്നതോടെയാണ് മലാലയെക്കുറിച്ച പുറംലോകം അറിയുന്നത്.
2009ല്‍ പട്ടാളം സ്വാതില്‍ നിന്ന് താലിബാന്‍കാരെ തുരത്തിയ ശേഷമാണ് സ്ക്കൂളുകള്‍ തുറന്നത്. മലാലയുടെ ധീര പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് കഴിഞ്ഞവര്‍ഷം പാക്ക്സര്‍ക്കാര്‍ ദേശീയ സമാധാന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാഗിലാനിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
അതിനിടെ ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന മലാലയുടെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുസ്തകം വായിക്കുന്ന മലാലയുടെ ചിത്രമാണ് പുറത്തുവിട്ടത്. മലാലയുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓരോ ദിവസവും നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ മാലലയുടെ അച്ഛന് ബ്രിട്ടണിലെ പാക് ഹൈക്കമ്മീഷനില്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: