കാസര്‍കോട്: ചെന്നൈയില്‍ ചുഴലിക്കൊടുങ്കാറ്റിനിടെയുണ്ടായ കപ്പല്‍ ദുരന്തത്തില്‍ അധികൃതരുടെ അനാസ്ഥ മൂലം രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും തുടരുന്ന മൗനം അപലപനീയമാണെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. അധികൃതരുടെ അനാസ്ഥമൂലമാണ് ദുരന്തം ഉണ്ടായതെന്നതിണ്റ്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടും സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ട്. നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയ കപ്പല്‍ ശരത് പവാറിണ്റ്റെതാണെന്നും അപകടമുണ്ടാകുമെന്ന് 72 മണിക്കൂറ് മുന്‍പ് മുന്നറിയിപ്പ് ലഭിച്ചിട്ടും സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഉടമസ്ഥരും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും തയ്യാറായില്ലെന്നും വ്യക്തമായിട്ടുണ്ട്. നീതി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തങ്ങള്‍ക്കുണ്ടായ വേദനകള്‍ കത്തയച്ച് സര്‍ക്കാറിനെയും ജനപ്രതിനിധികളെയും ബോധിപ്പിക്കേണ്ട ഗതികേടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍. കേസ് അട്ടിമറിക്കപ്പെടുകയാണെന്നതിണ്റ്റെ വിവരങ്ങള്‍ പുറത്തു വന്ന സ്ഥിതിക്കും ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കുള്ള ആശങ്കയും പരിഗണിച്ച് സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടണം. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമുള്ള വീട്ടുകാരുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതിന് ബി.ജെ.പി. എല്ലാവിധ സഹായങ്ങളും നല്‍കും. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഒന്നര ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചെങ്കിലും കേരള സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം പോലും കൈക്കൊണ്ടില്ല. ജില്ലയിലെ എം.എല്‍.എമാരും എം.പിയും ഇക്കാര്യത്തില്‍ മനുഷ്യത്വരഹിതമായ നിലപാട് തന്നെയാണ് കൈക്കൊള്ളുന്നത്. പ്രകൃതിക്ഷോഭത്തിണ്റ്റെ പേരില്‍ തങ്ങളുടെ അനാസ്ഥ ന്യായീകരിക്കുന്ന കപ്പല്‍ ഉടമസ്ഥരുടെയും അധികൃതരുടെയും മനോഭാവമാണ് കേന്ദ്ര, കേരള സര്‍ക്കാറിനും ജനപ്രതിനിധികള്‍ക്കും. കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതുവരെ ബി.ജെ.പി. പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: