ഭാരതീയ വിചാരകേന്ദ്രം അതിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ മുപ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക ബൗദ്ധിക മണ്ഡലത്തെ ദേശീയോന്മുഖമാക്കാന് പ്രതിജ്ഞാബദ്ധമായ ഭാരതീയ വിചാരകേന്ദ്രം 1982 ഒക്ടോബര്‍ 27ന്, വിജയദശമി ദിനത്തിലാണ് രൂപം കൊള്ളുന്നത്. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപുനര്നിര്മ്മാണത്തിനായുള്ള പഠനഗവേഷണസ്ഥാപനം എന്ന നിലയില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിചാരകേന്ദ്രം ഇതിനോടകം രാജ്യവ്യാപകമായ ശ്രദ്ധ നേടിയ ബൗദ്ധിക പ്രസ്ഥാനമാണ്.
വിചാരകേന്ദ്രത്തെ പ്രസക്തമാക്കുന്നത് കേരളത്തിന്റെ പ്രത്യേക ബൗദ്ധികസാഹചര്യമാണ്. ക്രിയാത്മകമായ ഇടപെടലും, വസ്തുതാപരമായ അന്വേഷണവും, സമഗ്രവീക്ഷണത്തിലൂന്നിയ പ്രവര്‍ത്തനപദ്ധതിയും വിചാരകേന്ദ്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ പ്രവര്‍ത്തനംകൊണ്ട് വിചാരകേന്ദ്രത്തിന് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു ബൗദ്ധിക മുന്നേറ്റത്തിന് വേദി ഒരുക്കാന്‍ വിചാരകേന്ദ്രം പരിശ്രമിക്കുകയാണ്.
വൈദേശിക ചിന്താസരണികളുടെ മേധാവിത്വം തടഞ്ഞ് സനാതന മൂല്യങ്ങളുടെ പന്ഥാവിലൂടെ കേരളസമൂഹത്തെ ആനയിക്കാന്‍ ഇന്ന് വിചാരകേന്ദ്രം പ്രാപ്തമാണ്. കേരളത്തിന്റെ വികസനസാദ്ധ്യതകളെ തച്ചുടച്ച വൈദേശിക വിചാരതന്ത്രത്തെ തകര്‍ക്കാന്‍ ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ ചങ്ങലപൊട്ടിച്ച്, വിശാലഭാരതസംസ്കൃതി നല്കുന്ന ചിന്താസ്വാതന്ത്ര്യം അനുഭവിക്കാന്‍ കേരള സമൂഹത്തെ തയ്യാറാക്കുക എന്നത് വിചാരകേന്ദ്രത്തിന്റെ ദൗത്യമാണ്. ദേശീയ വീക്ഷണവും, ആത്മാഭിമാനവും, സ്വന്തം സംസ്കാരത്തിന്റെ ഭാവാത്മകതലങ്ങളെ തൊട്ടുണര്‍ത്തി സമഗ്രമായൊരു ജീവിതവീക്ഷണവും, വികസനപദ്ധതിയും പരിചയപ്പെടുത്താന്‍ വിചാരകേന്ദ്രം ശ്രമിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ സമ്പൂര്‍ണ്ണമായ ജീവിതവിജയം കൈവരിച്ച് സമൂഹത്തെയും, മാതൃഭൂമിയെയും സ്നേഹിക്കുവാനും, സേവിക്കുവാനും പ്രാപ്തമാക്കുന്ന ജീവിതദര്‍ശനം മുന്നില്‍ വയ്ക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞു. ഭഗവത്ഗീതയെ സമഗ്രദര്‍ശനമായി വിചാരകേന്ദ്രം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.
ഭാരതസംസ്കാരത്തോടും കേരളത്തനിമയോടും മൂല്യസങ്കല്പങ്ങളോടും പൊരുത്തപ്പെടുന്ന സ്വദേശിയിലൂന്നിയ വികസനപന്ഥാവ് ചര്‍ച്ചാവിഷയമാക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. വികസനത്തിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടത് താത്വികതലത്തിലല്ല, മറിച്ച് അത് പാവപ്പെട്ടവരെ എങ്ങിനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കണമെന്ന് ഉറക്കെ പറയാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞു. വികസനത്തിന്റെ മുരടിപ്പും, ആഗോളീകരണത്തിന്റെ കൊടുങ്കാറ്റും ഒത്തുചേരുന്ന സങ്കീര്‍ണ്ണ പരിതസ്ഥിതിയിലാണ് കേരളം ഇന്ന് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ മുതലാളിത്തത്തിനും, കമ്മ്യൂണിസത്തിനും ബദലായ വികസനമാതൃക ആവിഷ്കരിക്കാന്‍ വിചാരകേന്ദ്രം ശ്രമിക്കുന്നു. സമകാലിക സമസ്യകള്‍ക്ക് ഭാരതീയവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ വിചാരകേന്ദ്രം പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നു. ഹിന്ദുസമൂഹത്തിന്റെ ദൗര്‍ബ്ബല്യങ്ങളെ ചൂഷണം ചെയ്ത് ജാതിപരമായ വേര്‍തിരിവുകളെ വളര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുന്ന കേരളരാഷ്ട്രീയസംസ്കാരത്തെയും, കപടപുരോഗമന നാട്യങ്ങളെയും തുറന്നുകാണിക്കാന്‍ വിചാരകേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ സമഗ്രമായ കാഴ്ചപ്പാടില്‍ അവലോകനം ചെയ്യാന്‍ വിചാരകേന്ദ്രം ശ്രമിക്കുന്നു. വസ്തുതാപരമായ അന്വേഷണവും, പഠനവും, അറിവിന്റെ വ്യാപനവും ഒപ്പം അനുയോജ്യമല്ലാത്ത പാശ്ചാത്യ ചിന്താപദ്ധതികളെയും, മാര്‍ക്സിയന്‍ വിചാരതന്ത്രത്തെയും ചരിത്രരചനാ പദ്ധതിയേയും അവഗണിച്ച് ഭാരതീയ കാഴ്ചപ്പാടിലൂന്നിയ വിചാരക്രമത്തെ അവതരിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിയുന്നു. കേരളത്തനിമയും, അതിന്റെ ആത്മാവായ ഹിന്ദുചേതനയും പ്രായോഗിക കര്‍മ്മപരിപാടികളിലൂടെ സുപരിചിതമാക്കാനും, പരിപോഷിപ്പിക്കാനും ഭാരതീയവിചാരകേന്ദ്രം കഴിഞ്ഞ മുപ്പതുവര്‍ഷമായി ശ്രമിക്കുകയാണ്. പ്രതികൂലമായിരുന്ന കേരളത്തിന്റെ ചിന്താമണ്ഡലത്തെ ദേശീയ ധാരയില്‍ കോര്‍ത്തിണക്കുന്നതില്‍ വിചാരകേന്ദ്രം വിജയിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
വിചാരകേന്ദ്രത്തിന്റെ മുപ്പത് വര്‍ഷം സംഭവബഹുലങ്ങളായിരുന്നു. കേരളത്തിന്റെ ബൗദ്ധിക മേഖലയെ തുടര്‍ച്ചയായ ഇടപെടലുകളിലൂടെ അത് നിരന്തരം സ്വാധീനിച്ചുപോന്നിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ പ്രവര്ത്തനപരിപാടികള് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിചാരകേന്ദ്രം സംഘടിപ്പിച്ചു. അഭിപ്രായ ഭിന്നതകളുടെ അതിര്‍വരമ്പുകളെ മറികടന്നു വൈവിധ്യമാര്‍ന്ന ചിന്താഗതികള്‍ ഉള്ക്കൊള്ളുന്നവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് സൈദ്ധാന്തികവും ആനുകാലികവുമായ അസംഖ്യം സംവാദങ്ങളും സമ്മേളനങ്ങളും അതോടൊപ്പം പ്രസിദ്ധീകരണങ്ങളും ഈ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ വിചാരകേന്ദ്രം കാഴ്ചവച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികളെ യഥോചിതം പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട പരിപാടികള്‍ ബൗദ്ധിക കേരളത്തിന്റെ വിചാരമണ്ഡലത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. അന്തര്‍ദേശീയ സെമിനാറുകളിലൂടെ ആശയപ്രചരണത്തിന് വ്യാപ്തിയും ഔന്നത്യവും കൈവരിക്കാന്‍ കഴിഞ്ഞു.
സ്വാമി വിവേകാനന്ദ, മഹര്ഷിഅരവിന്ദോ ദര്‍ശനങ്ങളും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ശ്രീ അയ്യന്‍കാളി ഉള്‍പ്പെടെ കേരളനവോത്ഥാനനായകന്മാരുടെ സാമൂഹ്യസമന്വയത്തിലൂന്നിയ കര്‍മ്മപദ്ധതികളും ജനമനസ്സുകളില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തി. കൂടാതെ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ പരിമിതികള്‍, ഏകീകൃത സിവില്‍കോഡ്, സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്തധാരകള്‍, ആര്യന്‍ആക്രമണം എന്ന കെട്ടുകഥ, കേരളമോഡല്‍ വികസനത്തിന്റെ പരാജയം, ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍, കേരളവും സ്വാതന്ത്ര്യസമരവും, കേരളം നേരിടുന്ന സാംസ്കാരികപ്രതിസന്ധി, ജനസംഖ്യാപരമായ അസന്തുലിതത്വം, അട്ടിമറിക്കപ്പെട്ട സാമൂഹികനവോത്ഥാനം, രാമായണത്തിലെ മാനേജ്മെന്റ്, അന്തര്ദേശീയഗീതാ സെമിനാര്‍, ദേശീയ ഗവേഷകസെമിനാര്, മലയാളഭാഷാദിനാചരണം, ആഗോളഭീകരത, ദേശസുരക്ഷ, ചരിത്രരചനാ പദ്ധതി, മുസരീസ്-പട്ടണം ഖാനനത്തിനു പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍, കാശ്മീര്‍ പ്രശ്നം, തുടങ്ങി നിരവധി വിഷയങ്ങള്‍ കേരളമെമ്പാടും ചര്‍ച്ച ചെയ്യാന്‍ ആവശ്യമായ വേദി ഒരുക്കാനും, ദേശിയതലത്തിലും അന്തര്‍ദേശീയതലത്തിലും അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ വിചാരകേന്ദ്രം വേദിയില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്.
അക്കാദമികരംഗത്ത് കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകളുമായും, യു.ജി.സി, നാക്, ഐ.സി.എസ്.എസ്.ആര്, ഐ.സി.എച്ച്.ആര്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയുമായും ചേര്‍ന്ന് വിവിധ സെമിനാറുകളും, ശില്പശാലകളും നടത്താന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. 2003-ല്‍ “ഗവേഷണം രാഷ്ട്രപുരോഗതിയ്ക്ക്” എന്ന ത്രിദിനശില്പശാല യു.ജി.സിയുടെ സഹായത്തോടെയും, കേരളത്തിലെ മുന്ന് സര്‍വ്വകലാശാലകളുമായും ചേര്‍ന്ന് നടത്തിയതാണ്. തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രം റിസര്‍ച്ച്സെന്റര്‍ രാജസ്ഥാനിലെ മഹര്‍ഷി ദയാനന്ദ സരസ്വതി സര്‍വ്വകലാശാലയുടെ അംഗീകൃത സെന്ററാണ്. ഏഴു വിഷയങ്ങളില്‍ പി.എച്ച്.ഡി ബിരുദം നേടുന്നതിനുള്ള ഗവേഷണത്തിനാണ് വിചാരകേന്ദ്രം സെന്ററിന് അംഗീകാരമുള്ളത്.
2012-ല്‍ കര്‍ണ്ണാടകത്തിലെ തുംകൂര്‍ സര്‍വ്വകലാശാലയുടെ അംഗീകാരവും വിചാരകേന്ദ്രം സെന്ററിന് ലഭിച്ചു. ചരിത്രം, സംസ്കൃതം തുടങ്ങി രണ്ടുവിഷയങ്ങളില്‍ പി.എച്ച്.ഡി നേടുന്നതിനുള്ള അംഗീകാരം തുംകൂര്‍ സര്‍വ്വകലാശാല നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അംഗീകൃത പഠനകേന്ദ്രം വിചാരകേന്ദ്രം ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്റ്പഠനത്തിന് ഏറ്റവും മികച്ച സെന്ററാണ് സംസ്കൃതിഭവനിലെ ഇഗ്നോ പഠനകേന്ദ്രം.
പ്രസിദ്ധീകരണരംഗത്ത് വിചാരകേന്ദ്രം വിലയേറിയ സംഭാവന ചെയ്തിട്ടുണ്ട്. മൂന്ന് ഡസനിലധികം പഠനങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ത് വര്‍ക്കിംഗ് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “പ്രഗതി ഗവേഷണത്രൈമാസിക” അക്കാദമിക രംഗത്ത് ശ്രദ്ധേയമായ ജേര്‍ണലാണ്. മുപ്പതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് രണ്ടു ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. ഡോ. കെ. ജയപ്രസാദ് രചിച്ച് “സാധനാപഥം”-വിചാരകേന്ദ്രത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍” എന്ന ഗ്രന്ഥവും ഡോ. സി.ഐ. ഐസക് എഡിറ്റുചെയ്ത “പട്ടണം, സെന്റ് തോമസ്, ബിനാലെ പിന്നെ കെ.സി.എച്ച്.ആറും” എന്ന ഗ്രന്ഥവുമാണ് വാര്ഷികസമ്മേളനത്തിലെ പൊതുസഭയില്‍ പ്രകാശനം ചെയ്യുന്നത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ 30-ാം വാര്‍ഷിക സമ്മേളനം 2012 നവംബര്‍ 9, 10, 11 തീയതികളില്‍ തിരുവനന്തപുരം സംസ്കൃതിഭവന്‍ ഓഡിറ്റോറിയത്തിലും, സെനറ്റ് ഹാളിലുമായി നടക്കും. നവംബര്‍ 9-ാം തീയതി സംസ്ഥാന സമിതിയോഗമാണ്. 10-ാം തീയി രാവിലെ പത്ത് മണിയ്ക്ക് സംസ്ഥാനസമ്മേളനം പ്രമുഖവിദ്യാഭ്യാസവിദഗ്ധനും, എന്‍.സി.ഇ.ആര്.ടിയുടെ മുന്‍ ഡയറക്ടറുമായ ഡോ. ജെ.എസ്. രജപുത് ഉത്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി, ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് എന്നിവര്‍ ആശംസകള്‍ നേരും. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. കെ. ജയപ്രസാദ്, പി. അശോക് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
മുപ്പതാം വാര്‍ഷികസമ്മേളനത്തില്‍ രണ്ടുദിവസങ്ങളിലായി നാലു വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. “പരിസ്ഥിതി, സ്ത്രീ; വിദ്യാഭ്യാസം പ്രശ്നങ്ങളും പ്രതിവിധികളും; ചരിത്രവും പൈതൃക സംരക്ഷണവും; കേരള വികസനം പ്രശ്നങ്ങളും പരിഹാരങ്ങളും “എന്നീ വിഷയങ്ങളാണ് നാലു സഭകളിലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഡോ.എം.ജി.എസ്.നാരായണന്, ഡോ. മുരളീവല്ലഭന്‍, പ്രൊ.ജെ.പ്രമീളാദേവി (വനിതാ കമ്മീഷന് അംഗം), ഡോ.സി.എം.ജോയി (പരിസ്ഥിതി ശാസ്ത്രജ്ഞന്), ഡോ. ജെ.എസ്. രജപുത്, പ്രൊ. ആര്.വി.ജി. മേനോന്, പ്രൊ. ഹൃദയകുമാരി, ഡോ.കെ.ജയപ്രസാദ്, ഡോ.എം.മോഹന്‍ദാസ്, നീലേശ്വരം ഭാസ്കരന്, കെ.വി. കൃഷ്ണകൈമള്‍, കാ.ഭാ.സുരേന്ദ്രന്, ഡോ. സി.ഐ. ഐസക്, പ്രൊ. എം.എന്‍. നമ്പൂതിരി, ഡോ. ആര്. കരുണാകരന്‍പിള്ള, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ. കെ.എന്‍. നാരായണന് നായര്‍ തുടങ്ങിയവര്‍ വിവിധ സഭകളില്‍ പങ്കെടുക്കും.
മുപ്പതാം വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസഭ, നവംബര്‍ 11-ന് രാവിലെ പത്തുമണിക്ക് കേരള യൂണിവേഴ്സിറ്റി സെനതാളില് നടക്കും. മുതിര്‍ന്ന ബി.ജെ.പി നേതാവും, മുന്‍ പ്രധാനമന്ത്രിയുമായ ശ്രീ. എല്‍.കെ. അദ്വാനി മുഖ്യാതിഥിയായിരിക്കും. ജസ്റ്റിസ് ഡി. ശ്രീദേവി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആമുഖ പ്രഭാഷണം പി. പരമേശ്വരന് നടത്തും. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ്ചാന്സിലര് ഡോ. എന്‍.കെ. ജയകുമാര്‍ പ്രഭാഷണം നടത്തും. ഡോ. എം.ജി.എസ് നാരായണന്, ഡോ. എം. മോഹന്‍ദാസ്, ഡോ. കെ.. ജയപ്രസാദ്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ. പി. ബാലശങ്കര്‍ മന്നത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ രാഷ്ട്രപുനര്നിര്മ്മാണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിചാരകേന്ദ്രം മലയാളികളുടെ വിചാരധാരകളെ രൂപപ്പെടുത്തുന്നതില്‍ അതീവജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭാവി വികസനത്തിന് ശരിയായ മാര്‍ഗ്ഗരേഖ രചിക്കുന്നതിന് ഈ സംസ്ഥാന സമ്മേളനം വേദിയാകും. വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും വ്യാപ്തിയും ഉണ്ടാകുന്നതിന് ഓരോ ദേശസ്നേഹിയും മുന്നോട്ട്വരണമെന്ന് അപേക്ഷിക്കുകയാണ്. ഉപഭോസംസ്കൃതിയിലാണ്ട്, രാഷ്ട്രീയാന്ധതയും, മതാന്ധതയും, മദ്യാസക്തിയും തളര്‍ത്തിയ മലയാളിമനസ്സിനെ, നവോത്ഥാന മൂല്യങ്ങളെ പുനരാവിഷ്കരിച്ച്, തട്ടിയുണര്‍ത്തി ഒരു നവകേരളം സൃഷ്ടിക്കാനുള്ള ആശയപ്രചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രത്തോടൊപ്പം അണിചേരുവാന്‍ സുമനസ്സുകളെ ക്ഷണിക്കുകയാണ്.
>> ഡോ. കെ. ജയപ്രസാദ് (ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: