നവംബര്‍ ഒന്ന് മലയാള ഭാഷ ദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അമേരിക്കയില്‍ കുടിയേറിയ മലയാളികള്‍ക്ക് ഗൃഹാതുരത്വം കൊണ്ട് മാതൃഭാഷയോട് കൂടുതല്‍ ആഭിമുഖ്യമുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ മലയാളമെന്ന് കേട്ടാല്‍ അലര്‍ജി ഉള്ളവരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിച്ചുവരികയാണെന്ന് പറയേണ്ടി വന്നിരിക്കുന്നു.
ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡെസ്പ്ലയിന്‍സിലെ ഒരുസ്കൂളില്‍ രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് മകളുടെ കുട്ടിയോടൊപ്പം ഇതെഴുതുന്നയാള്‍ക്ക് പോകേണ്ടി വന്നു. അവിടെയുള്ള മലയാളി കുട്ടികളുടെ മാതാപിതാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ എന്നുകരുതിയാണ് മകള്‍ക്ക് പകരം ഞാന്‍ വേഷംകെട്ടി ഇറങ്ങിത്തിരിച്ചത്. സ്കൂളില്‍ ചെന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെ ധാരാളം മലയാളികളെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ അവരെല്ലാവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനാണ് താല്‍പ്പര്യം കാണിച്ചത്. അവരുടെ കുട്ടികളാകട്ടെ ഭാവം കൊണ്ടുമാത്രമല്ല ചേഷ്ടകള്കൊണ്ടുപോലും സാക്ഷാല്‍ അമേരിക്കക്കാരായി മാറിക്കഴിഞ്ഞു. മനംമടുപ്പിക്കുന്ന ഏകാന്തതയില്‍നിന്നും രക്ഷപ്പെടാനും നാട്ടുകാരുമായിപച്ച മലയാളത്തില്‍ അല്‍പ്പം സംസാരിക്കാനും പോയ എനിക്ക് നിരാശനാകേണ്ടി വന്നു. വീട്ടില്‍ വന്നപ്പോള്‍ കൊച്ചുമോന് അവന്റെ മമ്മിയോട് പറയുന്നത് കേട്ടു. ഈ മുത്തശ്ശന്റെ ഒരു മുറിയിംഗ്ലീഷ്. ഞാനാകെ ചമ്മിപ്പോയി.
അമേരിക്കയിലെ ഗ്ലെന്‍വ്യൂവില്‍ മലയാളികളുടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഇടയായി. യോഗ നടപടികളില്‍ അമേരിക്കന്‍ സ്വാധീനമാണ് നിഴലിച്ചു കണ്ടത്. മലയാളികളുടെ യോഗമാണെങ്കിലും പ്രസംഗം ഇംഗ്ലീഷിലായാല്‍ മാത്രമേ ഗമയുള്ളൂ എന്നു വിശ്വസിക്കുന്നവരാണ് അമേരിക്കന്‍ മലയാളികളില്‍ ഏറെപ്പേരും എന്നു മനസ്സിലായി.
അടുത്തകാലത്തായി കേരളവും അമേരിക്കന്‍ സംസ്ക്കാരത്തിന് അടിമപ്പെടുകയാണെന്ന് തോന്നുന്നു. ഒരു മലയാളം വാക്കെങ്കിലും അറിയാതെ ഉച്ചരിച്ചുപോയാല്‍ ഉച്ചഭക്ഷണം തടയുന്ന സ്ഥാപനങ്ങളുണ്ട്. ഇംഗ്ലീഷുകാര്‍ നമ്മുടെ നാടുവിട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തില്‍ ഇപ്പോള്‍ ഇംഗ്ലീഷിന്റെ സ്വാധീനം കൂടി വരികയാണ്. മലയാള ഭാഷയേയും മലയാളികളുടെ സംസ്ക്കാരത്തേയും വികലപ്പെടുത്തുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്കും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ടെലിവിഷന്‍ പരിപാടികളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത് ‘റിയാലിറ്റി ഷോ’ എന്നറിയപ്പെടുന്ന മത്സരപരിപാടിക്കാണ്. സംഗീത സാഹിത്യാദി കാര്യങ്ങളില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമുള്ളവര്‍ ആകാംഷാപൂര്‍വമാണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്.
ഏതെല്ലാം രീതിയില്‍ മലയാള ഭാഷയേയും സംസ്ക്കാരത്തേയും അപമാനിക്കാമെന്ന കാര്യത്തിലാണ് ചിലര്‍ മത്സരിക്കുന്നത്. മാതൃഭാഷാ സ്നേഹികളെ സംബന്ധിച്ചിടത്തോളം അസഹനീയമാണ് ചിലരുടെ ഉച്ചാരണ വൈകല്യം. മലയാളം പറയുന്നതിനിടെയുള്ള ഇംഗ്ലീഷ് പ്രയോഗം ഓക്കാനം വരുത്തും. വളരെ ഡിഫിക്കല്‍റ്റിയോടുകൂടി മലയാളം കുരച്ചു കുരച്ചു സ്പീക്ക് ചെയ്യാനാണ് ചിലര്‍ കഷ്ടപ്പെടുന്നത്. ചില അവതാരകരുടെ വേഷം കെട്ടലും മലയാളികളുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല. അമേരിക്കയിലെ വസ്ത്രധാരണരീതി കേരളത്തിലുംതുടങ്ങിവെക്കാനായിരിക്കാം ചിലര്‍ ശ്രമിക്കുന്നത്. ഏതായാലും മലയാളത്തേയും സംസ്ക്കാരത്തേയും അവഹേളിക്കുന്നവരെ നിയന്ത്രിക്കുവാന്‍ സമയമായിരിക്കുന്നു.
മലയാളിത്തമുള്ള ചില സ്ഥല നാമങ്ങള്‍ ഇംഗ്ലീഷീകരിച്ച് വികൃതമാക്കിയവരും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴും ട്രിവാന്‍ഡ്രത്തുനിന്നും ക്വയിലോണ്‍, ആലപ്പി, ട്രിച്ചൂര് വഴി കാലിക്കറ്റിന് പോകുന്നതാണ് പലര്‍ക്കും ഇഷ്ടം. തൊടുപുഴക്ക് പകരം ‘ടച്ച് റിവര്‍’ എന്നും ചില പരിഷ്ക്കാരികള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അമ്മിഞ്ഞപ്പാലിനോടൊപ്പം നാവിലുണരുന്ന അമ്മക്ക് പകരം മമ്മിയാണോ നമുക്ക് വേണ്ടത്. ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനത്തിനുള്ള സമയം സമാഗതമായിരിക്കുന്നു.
>> വി.എസ്.ബാലകൃഷ്ണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: