കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ അര്‍ധസൈനിക ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു അര്‍ദ്ധസൈനികനും ഉള്‍പ്പെടും. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറാച്ചിയ്ക്ക് അടുത്തുള്ള അബ്ബാസി സഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.പരിക്കേറ്റവരില്‍ പോലീസും സൈനികരും സാധാരണക്കാരും ഉള്‍പ്പെടും. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് നോര്‍ത്ത് നസീമബാദ് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് അതിക്രമിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. കറാച്ചിയിലെ നാസിമബാദില് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഓഫീസിനെ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടന്നതെന്ന് കറാച്ചി പോലീസ് ഓഫീസര്‍ ജാവേദ് ഓദോ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി.സംഭവത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ പുക പടലം കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. 90 മിനിറ്റുകളുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്റിക് ഈ-ഇസ്ലാമിക് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്ഥാന് ന്യൂസ് ചാനല്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.പാക്കിസ്ഥാന്റെ തെക്ക് സ്ഥിതി ചെയ്യുന്ന കറാച്ചി രാജ്യത്തെ വലിയ നഗരങ്ങളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: