സ്വിച്ചുവാന്: ടിബറ്റിലെ ചൈനീസ് അധിനിവേശത്തില്‍ പ്രതിഷേധിച്ച് മൂന്ന് യുവഭിക്ഷുക്കളും ഒരു യുവതിയുമടക്കം നാല് പേര് ബുധനാഴ്ച സ്വയം തീകൊളുത്തി . ടിബറ്റന്‍ വിമോചന പ്രക്ഷോഭങ്ങളില്‍ ആദ്യമായാണ് ഒരുദിവസം ഇത്രയേറെപ്പേര്‍ സ്വയം തീകൊളുത്തുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ടിബറ്റില്‍ പ്രതിഷേധം വ്യാപകമാകുന്നതായി ടിബറ്റന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ടിബറ്റിന്റെ സ്വാതന്ത്ര്യവും ആത്മീയ നേതാവ് ദലൈലാമയുടെ മടങ്ങി വരവും ആവശ്യപ്പെട്ട് മൂന്ന് യുവ ഭിക്ഷുക്കള്‍ ഒരുമിച്ച് തീകൊളുത്തുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ സ്വിച്ചുവാന് പ്രവിശ്യയില്‍ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഇവരുടെ ആത്മാഹുതി. ഇതില്‍ 15 വയസ്സുകാരന് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 16 വയസ്സുള്ള യുവാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ടിബറ്റന്‍ വംശീയ മേഖലയായ പടിഞ്ഞാറന്‍ ക്വിന്‍ഹായി പ്രവിശ്യയില്‍ 23 വയസ്സുള്ള യുവതി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ 2011 മാര്‍ച്ച് മുതല്‍ ആത്മാഹുതി ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. സ്വയം തീകൊളുത്തി മരിക്കുന്നവരില്‍ മൂന്നില്‍ രണ്ട് വിഭാഗവും ചൈനീസ് ആധിപത്യത്തിന് കീഴല്‍ വളര്‍ന്ന് വന്ന 25 വയസ്സില്‍ താഴെയുള്ളവരാണ്. വിമര്‍ശനങ്ങളെ തള്ളിക്കളയുന്ന ചൈനീസ് നേതൃത്വം ദലൈലാമയുടെ നേതൃത്വത്തിലുള്ള സന്യാസിമാരെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ചൈനീസ് അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: