“പാമ്പന്‍ പാലത്തിന് ഉറപ്പേകുന്ന പിന്‍ബലം” എന്നത് മലയാളം ചാനലുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു സിമന്റ് കമ്പനിയുടെ പരസ്യത്തിലെ വാചകമാണ്. ആ പിന്ബലത്തെപ്പറ്റിയാണ് ഇന്നിവിടെ എഴുതുന്നത്. സിമന്റ് കമ്പനിയെക്കുറിച്ചോ സിമന്റിനെ കുറിച്ചോ അല്ല. പാമ്പന്‍ പാലത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ബലത്തെപ്പറ്റി. ആ ബലത്തിന്റെ ശില്‍പ്പിയെപ്പറ്റി. പഴയ പാമ്പന്‍ പാലം അറുപതുകളുടെ ആരംഭത്തില്‍ തകര്‍ന്നുവീണത് അനേകം മനുഷ്യജീവിതങ്ങളെ അപഹരിച്ചുകൊണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയെ ഞെട്ടിച്ച ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമായിരുന്നു പാമ്പന്‍ പാലത്തിന്റെ പെട്ടെന്നുണ്ടായ തകര്‍ച്ച. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഒരു നിമിഷംപോലും ആലോചിക്കാതെ, അമാന്തിക്കാതെ റെയില്‍ മന്ത്രിപദം രാജിവച്ചൊഴിയാന്‍ അന്ന് ഈ ഇന്ത്യാ മഹാരാജ്യത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി എന്നൊരു ചെറിയ വലിയ മനുഷ്യന് ഉണ്ടായിരുന്നു. പുതിയ പാലം പണിയുകയെന്നത് അക്കാലത്തെ എഞ്ചിനീയറിംഗ് രംഗത്തെ ഒരു ‘ഹെര്‍ക്യൂലിയന്‍ ടാസ്ക്’ ആയിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് അസാമാന്യ വേഗതയില്‍, അത്ഭുതപ്പെടുത്തുന്ന വൈദഗ്ദ്ധ്യത്തോടെ, പാമ്പന്‍ പാലത്തിന്റെ പണി പൂര്‍ത്തിയാക്കി ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ ആകെ പ്രശംസ പിടിച്ചുപറ്റിയത് ഒരു മലയാളി ആയിരുന്നു. വെറും ഒന്നരമാസംകൊണ്ടാണ് ആ ഭഗീരഥയത്നം പൂര്‍ത്തിയാക്കിയത്. പാമ്പന്‍പാലം പണിയാന്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിച്ചിരുന്ന സമയം ആറ് മാസം. എഞ്ചിനീയറിംഗ് രംഗത്തെ ആ ഇന്ദ്രജാലക്കാരനെ അന്ന് അധികം കേരളം ചര്‍ച്ച ചെയ്തില്ല. അറുപതുകളില്‍ അധികം കേരളീയര്‍ക്കും ആ പാലക്കാട്ടുനിന്നുള്ള കൂറ്റനാട്ടുകാരനെ അറിയില്ലാതിരുന്നതിനാലാവാം അത്. എന്നാല്‍ ഇന്ന് അദ്ദേഹത്തെ കേരളവും കേരളീയരും അറിയും. കഴിഞ്ഞ കുറെ നാളുകളായി മലയാളത്തിലെ പത്ര വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും ആ നാമം നിറഞ്ഞുനില്ക്കുന്നു-ഇ.ശ്രീധരന്.
പ്രതിഭകള്‍ സ്വന്തം നാട്ടില്‍ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ അപൂര്‍വമാണെന്ന് പൊതുവെ പറയാറുണ്ട്. മലയാളികളായ പ്രതിഭാശാലികളെ മലയാള നാട് അംഗീകരിക്കാന്‍ അലംഭാവം കാട്ടുക മാത്രമല്ല പലപ്പോഴും അവരെ അവഹേളിക്കുകകൂടി ചെയ്തതാണ് ചരിത്രം. പ്രത്യേകിച്ച് വികസന വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. എം.കെ.കെ.നായര്‍ മുതല്‍ കെ.പി.പി. നമ്പ്യാര്‍ വരെയുള്ളവരുടെ അനുഭവം അതായിരുന്നു. ആ പ്രതിഭാ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇ.ശ്രീധരനാണ്. വിളിച്ചുണര്‍ത്തി അത്താഴമില്ലെന്ന് അറിയിക്കുന്നത് പോലെയാണ് സ്വസ്ഥമായി വിശ്രമജീവിതവുമായി കഴിഞ്ഞിരുന്ന ശ്രീധരനെ സ്വന്തം സംസ്ഥാനത്തിന്റെ സംസാരസാഗരത്തിലേക്ക് വലിച്ചിഴച്ച് വേണമെന്നോ വേണ്ട എന്നോ വ്യക്തമായി പറയാതെ കേരള സര്‍ക്കാര്‍ അനുദിനം കളിയാക്കിക്കൊണ്ടിരിക്കുന്നത്. മകന് മരിച്ചാലും വേണ്ടില്ല മരുമകളുടെ താലിയറ്റു കണ്ടാല്‍ മതിയെന്ന് വാശിപിടിക്കുന്ന ചില അമ്മായിഅമ്മമാരുടെ മനോഭാവമാണ് കേരളത്തില്‍ ശ്രീധരനെതിരെ പാര പണിയുന്ന ‘ക്ലിക്കി’ന്റേത്. ശ്രീധരന് പാര പണിയുന്നതിനിടയില്‍ ഇവരുടെ പ്രവൃത്തി പാരയാവുന്നത് കേരളം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി താലോലിക്കുന്ന കൊച്ചി മെട്രോ റെയില്‍ എന്ന സ്വപ്ന പദ്ധതിക്കാണ്. ‘ജിം’, ‘എമെര്‍ജിംഗ് കേരള’ എന്നിങ്ങനെയുള്ള ഓമനപ്പേരുകളില്‍ കോടികള്‍ ചെലവഴിച്ച് കേരള സര്‍ക്കാര്‍ മാമാങ്കങ്ങള്‍ സംഘടിപ്പിച്ചിട്ടും നിക്ഷേപകര്‍ കേരളത്തിലേക്ക് തിരിഞ്ഞുനോക്കാത്തത് രാഷ്ട്രീയ, ഉദ്യോഗ തലങ്ങളിലെ ഇത്തരം അധോലോക ക്ലിക്കുകള്‍ ഇങ്ങനെ നിരന്തരം നല്കിക്കൊണ്ടിരിക്കുന്ന ‘നെഗേറ്റെവ് മെസേജ്’ കാരണമാണ്. ‘ഹിഡണ്‍ അജണ്ട’ കളുമായി വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും അടങ്ങുന്ന ഇവരുടെ താല്‍പ്പര്യങ്ങള്‍ സാമ്പത്തികം മാത്രമല്ല സാമൂദായികം കൂടിയാണെന്ന് വ്യക്തമാവുമ്പോഴാണ് നമ്മുടെ സംസ്ഥാനം എങ്ങോട്ട് എന്ന് ആശങ്കപ്പെട്ടു പോവുന്നത്.
ഏലാട്ടുവളപ്പില്‍ ശ്രീധരന് എന്ന ഇ.ശ്രീധരന് പാരകള്‍ പക്ഷെ പുത്തരിയല്ല. സ്വന്തം നാട്ടില്‍ തന്റെ പത്തരമാറ്റ് തെളിയിക്കാന്‍ അവസരം കിട്ടുന്നതും ഇത് ആദ്യമല്ല. ഏല്‍പ്പിച്ചതും ഏറ്റെടുത്തതുമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പിരിഞ്ഞു പോവേണ്ടി വന്ന അനുഭവം അദ്ദേഹത്തിന് പണ്ട് കേരളത്തില്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. മുപ്പതാണ്ടിലേറെ മുമ്പായിരുന്നു അത്. കപ്പലുകളിറക്കാന് കഴിയാതെ മറ്റൊരു കേന്ദ്ര പൊതുമേഖല വെള്ളാനയായിത്തീരുമോ എന്ന് ഭയന്നിരുന്ന കൊച്ചി കപ്പല്‍ശാലയുടെ കപ്പിത്താന് എന്ന നിലയ്ക്കായിരുന്നു ആ അനുഭവം. ശ്രീധരന് വന്നു, കണ്ടു, കപ്പലിറക്കി. ആദ്യ കപ്പലായ ‘റാണി പത്മിനി’ കടലിലിറക്കുന്നതിന് കപ്പല്‍ശാലയിലെ ട്രേഡ് യൂണിയന് നേതാക്കള്‍ മുതല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനുമായി വരെ കേരളത്തില്‍ ശ്രീധരന് കൊമ്പു കോര്‍ക്കേണ്ടിവന്നു. രണ്ടാമത്തെ കപ്പലിന്റെ പണി തുടങ്ങുമ്പോഴാണ് കേന്ദ്ര കപ്പല്‍ കാര്യമന്ത്രി ദല്‍ഹിയില്‍ നിന്ന് ശ്രീധരന് ‘ഇണ്ടാസ്’ അയയ്ക്കുന്നത്.
മന്ത്രി പറയുന്ന വിദേശകമ്പനിക്കേ കപ്പലിന്റെ എഞ്ചിന്റെ ‘ഓര്‍ഡര്‍’ നല്‍കാവൂ എന്നതായിരുന്നു അത്. മന്ത്രി ശുപാര്‍ശ ചെയ്യുന്ന കമ്പനിയുടെ എന്ജിന് എത്ര നിലവാരം കുറഞ്ഞതാണെന്ന് കാര്യകാരണസഹിതം അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള കപ്പല്‍ശാലാ ചെയര്‍മാന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടു. മന്ത്രി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. കോടികളുടെ കമ്മീഷന് നഷ്ടപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ശ്രീധരനും ഉറച്ച് തന്നെ നിന്നു, കപ്പല്‍ നിര്‍മ്മാണ രംഗത്തെ കോടികള്‍ കായ്ക്കുന്ന കല്പവൃക്ഷമാണെന്നറിയുമ്പോഴും കൊച്ചി കപ്പല്‍ ശാലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ തനിക്ക് കൂട്ടു നില്‍ക്കാനാവില്ലെന്ന് ശ്രീധരന് മന്ത്രിയോട് വെട്ടിത്തുറന്നു പറഞ്ഞു. മന്ത്രി പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചാല്‍ മന്ത്രിക്കും തനിക്കും ഉണ്ടാവുന്ന നേട്ടവും കപ്പലിനും കപ്പല്‍ശാലയ്ക്കും ഉണ്ടാവുന്ന കോട്ടവും ശ്രീധരന് അക്കാലത്ത് അദ്ദേഹവുമായി സമ്പര്‍ക്കത്തിലായിരുന്ന എനിക്ക് വിശദീകരിച്ചു തന്നിരുന്നു. ആ അനൗപചാരിക കൂടിക്കാഴ്ചയില്‍ ശ്രീധരന് തന്റെ രാജി തീരുമാനവും വെളിപ്പെടുത്തി. പിന്നീട് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ രാജി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
പാമ്പന്‍ പാലത്തിന്റെ മാത്രമല്ല കോംഗ്കണ്‍ റെയില്‍വേയുടേയും പിന്നീട് ദല്‍ഹി മെട്രോ റെയിലിന്റേയും പിന്‍ബലം ശ്രീധരന് തന്നെ. കടലില്‍ തിരകളുമായി മല്ലിട്ടുകൊണ്ടുള്ള സേതുബന്ധനം പോലെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പ്രകൃതിയോടെ പൊരുതി നൂറോളം തുരങ്കങ്ങളും നൂറ്റമ്പതിലേറെ പാലങ്ങളും പണിത്, എഴുന്നൂറ്റി അറുപത് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കോംഗ്കണ്‍ റെയില്‍വേ ഏഴ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നതും. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ ശ്രീധരന് മാത്രമെ ഉള്ളോ എന്ന് ചോദിക്കുന്നവര്‍ ശ്രീധരനെ അറിയാതെയാവാം ആ ചോദ്യമെറിയുന്നത്. അതല്ലെങ്കില്‍ ശ്രീധരനെ അറിയുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ അവഹേളിക്കാന്‍. കൊച്ചി മെട്രോ പദ്ധതിയിലും കോടികളുടെ കമ്മീഷന് വകുപ്പുണ്ടത്രെ. കൊച്ചി കപ്പല്‍ശാലയിലും കോംഗ്കണ്‍ റെയില്‍വേയിലും കമ്മീഷന് നിഷേധിച്ച ശ്രീധരനെ ഇവര്‍ അറിയുന്നു എന്ന് തന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ വികസനത്തിന് എന്നും വിലങ്ങുതടിയായിട്ടുള്ളത് ഇവിടത്തെ സംഘടിത ബ്യൂറോക്രസിയാണെന്ന് ഇതിനു മുമ്പും ഈ പംക്തിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വികസന പദ്ധതികളെ അട്ടിമറിക്കുന്നതും വികസന നായകരെ ആട്ടിയകറ്റുന്നതും എല്ലാക്കാലത്തും ‘ഐഎഎസ്’ എന്ന മൂന്നക്ഷരങ്ങളുടെ മേല്‍ വിലാസത്തില്‍ വിലസുന്ന സ്വര്ഗ്ഗജാതന്മാരുടെ ഈ ‘മോസ്റ്റ് മിലിട്ടന്റ് ട്രേഡ് യൂണിയനാ’ണ്. അവര്‍ക്ക് നോക്കുകൂലി കിട്ടാത്തതൊന്നും അവരിവിടെ അനുവദിക്കില്ല. അത് നിഷേധിക്കുന്നവരെ ആട്ടിപ്പായിക്കും. അതിന് രാഷ്ട്രീയവും മതവുമൊക്കെ അവര്‍ ഉപയോഗിക്കും. പുത്തന്‍ വാദങ്ങളും പുതിയ തന്ത്രങ്ങളുമായി ഇക്കൂട്ടര്‍ ഇപ്പോള്‍ സജീവമായി ശ്രീധരനെതിരെ രംഗത്തുണ്ട്. കൊച്ചി കപ്പല്‍ശാലയില്‍നിന്ന് അന്ന് അദ്ദേഹത്തെ പുകച്ചു പുറത്താക്കിയതിന്റെ പിന്നിലെ സാമ്പത്തികശാസ്ത്രം തന്നെ ഇന്ന് കൊച്ചി മെട്രോയുടെ ചുമതലക്കാരനായി ശ്രീധരന് വരാതിരിക്കുന്നതിനുള്ള നീക്കങ്ങള്‍ രഹസ്യമായും പരസ്യമായും നടത്തുന്നതിന് പിന്നിലും. ഊഹിക്കാനാവാത്ത തരത്തിലുള്ള ഉന്നതന്മാരുടെ അനുഗ്രഹാശിസുകളോടെയാണ് അത്തരം നീക്കങ്ങളെന്ന് വേണം അനുമാനിക്കാന്‍. അതുകൊണ്ടാണല്ലൊ ശ്രീധരനെതിരെ പരസ്യമായി രംഗത്തുവരികയും അദ്ദേഹത്തിനെതിരെ രഹസ്യമായി കേന്ദ്രത്തിലേക്ക് കത്തയക്കുകയും ചെയ്ത ഐഎസുകാരനെതിരെ ഒരു നടപടിയും ഉണ്ടാവാത്തത്. ഒന്നല്ല, പത്തല്ല, നൂറുകണക്കിന് കോടികള്‍ കായ്ക്കുന്ന കല്പ്പവൃക്ഷമാണ് കൊച്ചി മെട്രോ. അതങ്ങനെയങ്ങ് ഉപേക്ഷിക്കാനാവുമോ? പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് അങ്ങ് ദല്‍ഹിയില്‍ നിന്ന് മുഴങ്ങിത്തുടങ്ങിയിരിക്കുമ്പോള്.
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: