ആനമെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്ന് പറയാറുണ്ട്. അതുപോലെയാണ് അമേരിക്കയുടെ സ്ഥിതിയും. സാമ്പത്തികമായി പാടേ ക്ഷീണിച്ച് പരിതാപകരമായ അവസ്ഥയിലെത്തിയിട്ടും അമേരിക്ക അവരുടെ തണ്ടിനും തന്റേടത്തിനും ഒരു കുറവുമില്ലെന്ന് തെളിയിച്ചത് നാലുവര്‍ഷം മുമ്പ് പ്രസിഡന്റ് പദവിയിലെത്തിയ ബാരക് ഒബാമയാണ്. ക്ലിന്റണും ജോര്‍ജ്ജ് ഡബ്ല്യൂ ബുഷും കുളമാക്കിയ സമ്പദ്ഘടനയെ കരകയറ്റാനുള്ള തീവ്രശ്രമം ഒബാമ ശ്രദ്ധയോടെ നടത്തിയെന്ന വിശ്വാസമാണ് ഇപ്പോള്‍ കണ്ട ജനവിധി വ്യക്തമാക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ രണ്ടാം ഊഴം പ്രസിഡന്റ് പദവിയിലെത്താന്‍ ഒബാമയ്ക്ക് കഴിയുമായിരുന്നില്ല. 2008ലെ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിനുവേണ്ടിയാണ് ഒബാമ വോട്ടു ചോദിച്ചത്. ഇത്തവണ നാലു വര്‍ഷത്തെ തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ജനവിധിയെ ഒബാമ വിലയിരുത്തുന്നു. നല്ല മത്സരം കാഴ്ച വച്ച മുഖ്യ എതിര് സ്ഥാനാര്‍ത്ഥി റോംനിയെ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പാണ് നടത്തിയത്.
ഇരു കക്ഷികളും അറുന്നൂറ് കോടി ഡോളര്‍ (ഏകദേശം 33000 കോടി രൂപ) ചെലവാക്കിയാണ് പ്രചാരണ പ്രവത്തനങ്ങള്‍ നടത്തിയത്. വോട്ടെടുപ്പിന് മുമ്പ് അമേരിക്കയില്‍ ആഞ്ഞുവീശിയ സാന്‍ഡി കൊടുങ്കാറ്റ് വന്‍ നാശ നഷ്ടങ്ങളും ഒട്ടേറെ ജീവനാശവും ഉണ്ടാക്കിയതാണ്. ഇതുമൂലം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യംപോലുമുണ്ടായി. തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒബാമയ്ക്ക് അനുകൂലമായ സാഹചര്യമാണുണ്ടാക്കിയത്. പ്രതിയോഗികള്‍പോലും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയുണ്ടായി. അതുകൊണ്ടാവാം നല്ല ഭൂരിപക്ഷം നല്കി ഒബാമയ്ക്ക് ഒരവസരം കൂടി നല്കാന് അമേരിക്കന്‍ ജനത തയ്യാറായത്. അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി നാലുവര്‍ഷം മുമ്പ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ചരിത്രം മാറ്റി കുറിച്ചുകൊണ്ടാണ്. അന്നദ്ദേഹത്തിന് 47 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
വിയറ്റ്നാം യുദ്ധ നായകന് ജോണ്‍ മകെയ്നെ അനായാസമായി പരാജയപ്പെടുത്തിയാണ് ബറാക്ക് ഹുസൈന് ഒബാമ വൈറ്റ് ഹൗസിന്റെ അകത്തളത്തിലേക്ക് നടന്നു കയറിയത്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി. തന്റെ എതിരാളി മകെയിന്റെയോ, മുന്‍ഗാമികളായ ജോര്‍ജ് ബുഷിന്റെയോ ബില്‍ ക്ലിന്റന്റെയോ പാരമ്പര്യമോ പ്രവര്‍ത്തന പരിചയമോ ഹവായ് ദ്വീപില്‍ ജനിച്ച ഒബാമയ്ക്ക് ഉണ്ടായിരുന്നില്ല. ഊര്‍ജസ്വലതയോടെ മാറ്റത്തിന് വേണ്ടിയുളള കാഹളം മുഴക്കിയാണ് അമേരിക്കന്‍ ജനതയോട് ഒബാമ വോട്ട് അഭ്യര്‍ത്ഥിച്ചത്.
സമീപകാലത്തെ എറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം അമേരിക്ക അഭിമുഖികരിക്കുന്ന വേളയിലാണ് ഒബാമ അധികാരത്തിലേറിയത്. �വെല്ലുവിളികളെ തന്റേടത്തോടെ നേരിട്ട അദ്ദേഹം പ്രതിസന്ധികള്‍ക്കിടയിലും നിര്‍ണായകമായ തീരുമാനങ്ങളെടുത്ത് ഭരണകാലത്ത് നടപ്പിലാക്കി. റിപ്പബ്ലിക്കന്‍ സമ്മര്‍ദത്തെ അതിജീവിച്ച് സാമ്പത്തിക ഉത്തേജക പാക്കേജ് പാസ്സാക്കാനും വാള്‍സ്ട്രീറ്റില്‍ പുതിയ നിയമങ്ങള്‍ ആവിഷ്കരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അടുത്ത കാലത്ത് വാള് സ്ട്രീറ്റില്‍ ശക്തിപ്രാപിച്ചിരുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ്. ലോകമാകെ അപ്പോഴൊക്കെ വിലയിരുത്തിയത് രണ്ടാമൂഴത്തിന് ഒബാമയ്ക്ക് ഒട്ടും സാധ്യതയില്ലെന്നാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും തലകീഴാക്കി സ്വതസിദ്ധമായ എളിമയോടെയും തെളിമയാര്‍ന്ന പെരുമാറ്റത്തോടെയും ആത്മവിശ്വാസത്തെടെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിന് പിന്‍ബലം ലഭിച്ചത് നാല് വര്‍ഷക്കാലത്തെ പ്രയത്നഫലം തന്നെയാണ്. ആരോഗ്യമേഖലയില്‍ സമഗ്രപരിഷ്കരണം കൊണ്ടുവന്നതുള്‍പ്പെടെ നിരവധി പുരോഗമനപരമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന പദ്ധതികള്‍ കൊണ്ടുവരാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. സ്കൂളുകളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനുള്ള തീവ്രപദ്ധതി, വാഹനങ്ങളുടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കാനുള്ള തീരുമാനം, പരിസ്ഥിതി ഊര്‍ജനയം കരുതലോടെ നടപ്പാക്കാന്‍ നോക്കി, ഇതെല്ലാം ഒബാമയുടെ നേട്ടങ്ങളാണ്.
അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തലകുനിപ്പിച്ച അല്‍ഖയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെ വധിക്കാനായതും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഘട്ടം ഘട്ടമായി യുഎസ് സേനയെ പിന്‍വലിക്കാനായതും ഇറാഖിലെ പുരോഗതിയും ഒബാമയുടെ നേട്ടങ്ങളാണെന്ന് വിലയിരുത്താവുന്നതാണ്. അധികാരത്തിലേറിയ ആദ്യസമയത്ത് ഉണ്ടായിരുന്ന ആവേശം ഒബാമ ഭരണകൂടത്തിന് പിന്നീട് നഷ്ടപ്പെട്ടതായി പൊതുവെ വിലയിരുത്തപ്പെട്ടു. പല തീരുമാനങ്ങളും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങിയെന്ന ആക്ഷേപവും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു. കെനിയക്കാരനായ ഹുസൈന് ഒബാമയുടെയും വെളുത്ത വര്‍ഗക്കാരിയായ ആന്‍ ഡന്ഹാമിന്റെയും മകനായി 1961ല്‍ ഹവായിലാണ് ബറാക്ക് ഒബാമയുടെ ജനനം.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ഒബാമയുടെ കുട്ടിക്കാലം അധികവും ചെലവിട്ടത് ഹവായിയിലെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ഒബാമ പിന്നിട് ഹാവാര്ഡില് നിയമപഠനത്തിന് ചേര്‍ന്നു. അഭിഭാഷകന്, പ്രഭാഷകന്‍, അധ്യാപകന് എന്നീ നിലകളിലെല്ലാം ശോഭിച്ച ഒബാമ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൊയ്തു എന്ന് കാണാന്‍ സാധിക്കും. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ഒബാമയുടെ കരുത്ത്. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി തോന്നിപ്പിച്ച ഒബാമ പാക്കിസ്ഥാന്റെ ആയുധ സന്നാഹങ്ങളുടെ അപകടം ചൂണ്ടിക്കാണിക്കാനും തയ്യാറായിരുന്നു. ചൈനയുമായി തുടക്കമിട്ട സൗഹൃദത്തിന്റെ ഭാവി ഇന്ത്യ കരുതലോടെയാണ് നിരീക്ഷിക്കേണ്ടത്. ഇന്ത്യയ്ക്കെതിരെ ചൈന ഒരുക്കൂട്ടുന്ന തന്ത്രപരമായ സന്നാഹങ്ങളുടെ സാന്നിധ്യത്തില്‍ പ്രത്യേകിച്ചും. ഒബാമയെ അഭിനന്ദിക്കുമ്പോഴും ഇന്ത്യ കരുതലോടെ ഈ വക കാര്യങ്ങള്‍ സശ്രദ്ധം വീക്ഷിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: