ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അദിലാബാദ് സ്വദേശി സന്തോഷിനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍വ്വകലാശാല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സര്‍ക്കാരിനെതിരായി രൂക്ഷമായ വിമര്‍ശിക്കുന്നത് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനായി എത്തിയ പോലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ ആക്രമാസക്തരായി .പോലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. തെലുങ്കാനയില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും,മന്ത്രിമാരും രാജിവെയ്ക്കാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം. തെലുങ്കാന അനുകൂല മുദ്രവാക്യം ഉയര്‍ത്തിയാണ് പോലീസിനെ തടഞ്ഞത്. എന്നാല്‍ സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രണത്തിലാണെന്ന് പോലീസ് പറഞ്ഞു.
അടുത്ത രണ്ട് ദിവസങ്ങളില്‍ തെലുങ്കാനയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ പഠിപ്പ്മുടക്കല് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തെലുങ്കാന പദവി ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി സര്‍വ്വകലാശാലയില്‍ സംഘര്‍ഷം പതിവാണ്. ഇതിനിടെ 80തിലധികം പേര് പ്രതിഷേധ സൂചകമായി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ അധികവും യുവാക്കളാണ്.
ഇതിനിടെ തെലുങ്ക് ടിവി ചാനല്‍ സിവിആറിന്റെ ഓഫീസിനുനേരെയും ആക്രമണം നടന്നു. ജൂബിലി ഹില്‍സിലെ ഫിലിം നഗര്‍ ക്രോസ് റോഡിലുള്ള ഓഫീസിനു നേരെ ഇന്നലെയാണ് ആക്രമണമുണ്ടായത്. ജനല്‍ ചില്ലുകളും ഓഫീസിനുമുന്നില്‍ കിടന്നിരുന്ന വാഹനവും ആക്രമികള്‍ തകര്‍ത്തു. ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമവുമുണ്ടായി. കോണ്‍ഗ്രസ് എംപി രാജഗോപാലിന്റെ ഉടമസ്ഥതയിലുള്ള ലാന്കൊ കമ്പനിക്കെതിരേ വാര്‍ത്ത കൊടുത്തതില്‍ പ്രതിഷധിച്ചാണ് ആക്രമമെന്നു ചാനല്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: