ജപത്തിനും ധ്യാനത്തിനും സമയം കിട്ടുന്നില്ല എന്നു പറയുന്നവരോട് സഹജമായ അലസതയാണതിനു കാരണം എന്ന് ഞാന്‍ പറയും. മനുഷ്യന് ജനിച്ചത് ജപത്തിലൂടെയും ധ്യാനത്തിലൂടെ ആത്മശുദ്ധീകരണം നേടാനാണെങ്കില്‍ അതിനുള്ള സമയം അപഹരിക്കാന്‍ താരതമ്യേന നിസാരമായ മറ്റു ജോലികള്ക്കെങ്ങനെ കഴിയും? ഓരോ പ്രഭാതത്തിലും മരണത്തിന്റെ മാറില്‍ നിന്നുണര്ന്നെഴുക്കേല്ക്കുകയാണെന്ന് കരുതുക. എന്നിട്ട് സ്രഷ്ടാവിനോടിങ്ങനെ പ്രാര്‍ത്ഥിക്കുക. “എന്റെ ഈ പുനര്‍ജനിയില്‍ മൃദുലവും മധുരവുമായ രീതിയില്‍ സംസാരിക്കാനും സഹജീവികളോട് കുളിര്മയേകുന്ന തരത്തില്‍ സുഖകരമായി പെരുമാറാനും എനിക്കിടയാക്കണമേ. നല്ല ആശയങ്ങളും നല്ല പ്രവൃത്തികളും കൊണ്ട് ആളുകളെ സന്തുഷ്ടമാക്കാന്‍ എനിക്കവസരം തരേണമേ”
കടലിലെ വെള്ളമെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാന്‍ ശ്രമിച്ചു നോക്കൂ. ആ ശ്രമം ഓക്കാനത്തിന്റെ വക്കില്‍ നിങ്ങളെ എത്തിക്കും. അതുപോലെയാണ് ഈശ്വരന്റെ ദിവ്യാനുഗ്രഹത്തോടൊപ്പം വൈഷയികസുഖങ്ങളെ കലര്‍ത്താനുള്ള നീക്കവും വൈഷയികസുഖമാകുന്ന കടല്‍വെള്ളവും ഈശ്വരാനുഗ്രഹമാകുന്ന മധുരമധുവും ഒന്നിച്ചാസ്വാദിക്കാന് ശ്രമിക്കുന്ന പാഴ്വേലയില്നിന്ന് എത്രയുംവേഗം പിന്തിരിയുന്നോ അത്രയും നന്ന്.
ഒരാളുടെ അധമ വികാരങ്ങളുടെയും വൈഷയികസുഖാസക്തിയുടെയും മേല്‍ അയാളുടെ ഉദാത്തഭാവനയും ഉള്ക്കൃഷ്ടചിന്തകളും ആധിപത്യം സ്ഥാപിക്കുന്നതോടെ മോക്ഷത്തിലേക്കുള്ള പുരോഗതിയെ ഈശ്വരന് ത്വരിപ്പിക്കും. അതല്ല ഭൗതിക സുഖഭോഗങ്ങളുടെ വിഭ്രാന്തികളില്‍ മുഴുകി കഴിയാനാണാഗ്രഹിക്കുന്നതെങ്കില്‍ മുക്തിക്കുവേണ്ടി വളരെക്കാലം അയാള്‍ കാത്തിരിക്കേണ്ടിവരും. തനിക്കു രക്ഷകനായി ആരുമില്ലല്ലോ എന്ന് വൃഥാ വിലപിക്കരുത്. എല്ലാവരും സനാഥരാണ്. ഈശ്വരന് മാത്രമേ ഇവിടെ അനാഥനായിട്ടുള്ളൂ. എല്ലാ ജീവജാലങ്ങളുടെയും ഉള്ളില്‍ ബോധകേന്ദ്രമായും വെളിയില്‍ സംരക്ഷകനും വഴികാട്ടിയുമായും ഈശ്വരന് സദാ നിങ്ങളോടൊത്തുണ്ട്.
പരമാത്മാവ്, പ്രകൃതി ജീവാത്മാവ് ഇങ്ങനെ മൂന്നു പ്രതിഭാസങ്ങളാണ് ലോകത്തുള്ളത്. ജീവാത്മാവ് അഥവാ മനുഷ്യന് പ്രകൃതിയിലൂടെ പരമാത്മാവിനെ അന്വേഷിക്കയും ആരാധിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥനാണ്. ഈശ്വരന്റെ മഹിമ മനുഷ്യനെ ബോധ്യപ്പെടുത്തുന്നത് അത്ഭുതങ്ങളുടെ ഉറവിടമായ ഈ അനന്തവിശാലമായ മായിക പ്രപഞ്ചമാണ്. മായ ഈശ്വരന്റെ കണ്ണഞ്ചിക്കുന്ന പ്രഭാവലയമാണ്. ഈശ്വര സൗന്ദര്യത്തെ മറയ്ക്കാനും വെളിവാക്കാനും ആ ചൈതന്യജ്വാലയ്ക്ക് കഴിയും. പ്രകൃതി വിഭവങ്ങളെ അതിന്റെ സ്രഷ്ടാവിനെ മറന്ന് സ്വന്തം സുഖത്തിനായി മാത്രം വിനിയോഗിക്കരുത്. പ്രകൃതിയെ നയിക്കുന്ന മഹത്തായ ആ ബുദ്ധിശക്തിയുടെ ഉറവിടം തേടുകയാണ് അഭിലഷണീയം.
ശരിയെയും തെറ്റിനെയും പറ്റി നിങ്ങളുടെ എല്ലാ കണക്കുകൂട്ടലും അവസാനിപ്പിച്ച് ആ ഇച്ഛാശക്തി എനിക്ക് അടിയറ വയ്ക്കുക. എന്റെ ഇച്ഛാശക്തിയുമായി അതിനെ ബന്ധപ്പെടുത്തിയാല്‍ പിന്നെ കുഴിയില്‍ വീഴ്ത്താതെ നിങ്ങളെ നേരായ വഴിയിലൂടെ നയിക്കുന്ന ജോലി എന്റേതായിത്തീരും. അച്ഛന്റെ കൈയ്യില്‍ തൂങ്ങി നടക്കുന്ന ഒരു കുട്ടിയെപ്പോലെ പിന്നെ നിങ്ങള്‍ക്ക് യാതൊരാശങ്കയുമില്ലാതെ അത്യാനന്ദത്തോടെ തുള്ളിച്ചാടി നടക്കാം. ‘തേഷാം നിത്യാഭിയുക്തനാം യോഗക്ഷേമം വഹാമ്യഹം’ എന്ന് കുരുക്ഷേത്രഭൂമിയില്വച്ച് നടത്തിയ പ്രതിജ്ഞ ഒരിക്കലും ഞാന്‍ ലംഘിക്കയില്ല. ഔദ്ധത്യത്തിന്റെ വിഷപ്പല്ലുപോകുമ്പോള് അഹന്തയുടെ പത്തി താനേ താഴും. വിനയംകൊണ്ട് കുനിയുന്ന മുഖം പിടിച്ചുയര്ത്തുന്നതിലാണെനിക്കു രസം. വിനയത്തിന്റെ പടിയിലൂടെയാണ് ശരണാഗതിയിലേക്കിറങ്ങി വരേണ്ടത്. ഈശ്വരസാക്ഷാത്കാരവും ഈശ്വര മഹത്ത്വത്തിന്റെ മാറത്ത് ഒരു കൈക്കുഞ്ഞിനെപ്പോലെ ലയിച്ചു കിടക്കലുമാണ് ജീവിതത്തിന്റെ പരമലക്ഷ്യം.
വാക്കുകളും പ്രവൃത്തികളും സത്യധര്‍മങ്ങളുടെ കുടക്കീഴില് കഴിയുന്നിടത്തോളം നിങ്ങള്‍ക്ക് സന്താപമുണ്ടാവില്ല. വാക്കര്‍മങ്ങള്‍ പ്രേമത്തിന്റെ മധുരിമയിലും ശാന്തിയുടെ സൗമ്യ പ്രഖാസത്തിലും മുഴുകികഴിയുന്ന കാലത്തോളം യാതൊരാശങ്കയ്ക്കും വകയില്ല. ഈശ്വരാനുഗ്രഹത്തിന്റെ അമൃതമഴ എപ്പോഴും നിങ്ങളുടെ മേല്‍ പൊഴിഞ്ഞുക്കൊണ്ടിരിക്കും.
നിങ്ങളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിപ്പൂ വിടര്‍ന്നു നില്ക്കട്ടെ. എന്നെക്കാണാന്‍ തിക്കിത്തിരക്കുന്നവരുടെ ഇടയില്‍ കടന്നു ചെല്ലാതിരിക്കുക. നിങ്ങളെ അവര്‍ ശക്തിയായി തള്ളിമാറ്റിയെന്നു വരാം. അങ്ങനെ സംഭവിച്ചാല്‍ ഉടനെ പകരംവീട്ടാന്‍ മുഷ്ടിചുരുട്ടി പാഞ്ഞുചെന്നു കളയരുത്. സൗമ്യമായ ഒരു പുഞ്ചിരിയോടെ മന്ദമധുരമായ ഒരു ക്ഷമാപണത്തോടെ-മര്യാദ കൊണ്ടു കൂമ്പിയ ഒരു കൂപ്പുകൈയോടെ നിങ്ങള്‍ അവിടെനിന്നും ഒഴിഞ്ഞുമാറുക. അവര്‍ സൗകര്യമായി കാണട്ടെ നിങ്ങള്‍ക്ക് എന്നെക്കാണാന ഇനി എത്രയോ അവസരങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു.
എന്നോടുള്ള അടുപ്പം ശാരീരികമായ സാമീപ്യംകൊണ്ടുമാത്രം ഉണ്ടാവുന്നതല്ല. എന്റെ തൊട്ടടുത്തായാലും ചിലര്‍ എന്നില്‍നിന്നും വളരെ വിദൂരത്തിലായിരിക്കും. നേരെമറിച്ച് വളരെ ദൂരത്തിരിക്കുന്ന ആത്മാര്‍ത്ഥതയുള്ള ഒരു ഭക്തന് എന്റെ മാറോടുരുമ്മി എന്റെ വാത്സല്യപൂര്‍ണമായ കരവലയത്തിലായിരിക്കും എപ്പോഴും കഴിയുക. നിങ്ങളുടെയുള്ളില്‍ സത്യധര്മശാന്തിപ്രേമങ്ങള് തുടിക്കുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോടു നന്നേ ചേര്ന്നിരിക്കയാവും. എന്നിലേക്കുള്ള ദൂരമളക്കാനുള്ള നാഴികക്കല്ലുകളാണ് സത്യധര്മശാന്തി പ്രേമങ്ങള്‍.
സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: