കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു മുഖം കൈവന്നിരിക്കുകയാണെന്നു തോന്നുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ തെരുവുനായ്ക്കള്ക്കെതിരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലും ഇത് സജീവമായിരിക്കുന്നു. രാത്രികാലങ്ങളില്‍ നടക്കുന്ന ആയുധ പരിശീലനങ്ങളുടെ ഭാഗമായാണ് നായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. ബൈക്കുകളില്‍ യാത്ര ചെയ്ത് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ തെരുവുനായ്ക്കള്‍ക്കെതിരെ പ്രയോഗിക്കുകയാണ്. ഇങ്ങനെയാവുമ്പോള്‍ ഓപ്പറേഷന് നന്നായി നടത്തുകയുമാവാം, ആരും അതത്ര കാര്യമാക്കുകയുമില്ല എന്നതാവാം ഇത്തരം സംഭവങ്ങള്‍ അനുദിനം നടമാടാന് കാരണം. ചെറുപ്പക്കാരുടെ സംഘങ്ങള്‍ക്ക് തീവ്രവാദസംഘടനകള്‍ പരിശീലനം നല്‍കിവരുന്നത് ഇവിടെ അത്ര രഹസ്യമൊന്നുമല്ല. പോലീസില്‍ നിന്നും പട്ടാളത്തില്‍ നിന്നും മറ്റു സുരക്ഷാവിഭാഗങ്ങളില് നിന്നും പെന്ഷന് പറ്റുന്നവരെ ഇത്തരം സംഘടനകള്‍ റാഞ്ചിക്കൊണ്ടു പോയി പരിശീലനകേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. അവരാണ് തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ശാസ്ത്രീയമായി പഠിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഭാരിച്ച പണവും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. അന്വേഷകരെ കബളിപ്പിക്കുന്ന തരത്തിലാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രായോഗിക പരിശീലനം എന്ന നിലയ്ക്കാണ് തെരുവു നായകളിലേക്ക് ഓപ്പറേഷന് നീങ്ങുന്നത്. വെട്ടേറ്റ് പ്രാണന് പോകാതെ പിടഞ്ഞുകൊണ്ട് പോവുന്ന മിണ്ടാപ്രാണികളുടെ ചേഷ്ടകള്‍ കരളലിയിക്കുന്നതാണ്. മുറിവ് പഴുത്ത് പുഴു നുരയ്ക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അവ നാലുപാടും ഓടുന്നു, ചിലവ വേച്ചു വീഴുന്നു, ചത്തുപോവുന്നു. കൊച്ചുകേരളത്തിലെ ഓരോ ജില്ലയിലും ഇത് നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ അതീവഗുരുതരാവസ്ഥയിലേക്കാണ് പോവുന്നത്.
തീവ്രവാദസംഘടനകള്‍ക്ക് വളക്കൂറുള്ള കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത് എന്നതാണ് ഏറെ ഭീതിദമാവുന്നത്. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വെറും ചടങ്ങായിത്തീരുകയാണ്. അന്വേഷണോദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയല്ല പ്രശ്നം. അവരെ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സ്ഥിതിഗതികള്‍ മാറ്റി മറിക്കുകയാണ്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇത്തരം ആക്രമണങ്ങള്‍ക്കുപിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അയഞ്ഞ സമീപനം സ്വീകരിക്കുകയാണ്. പലരേയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അന്വേഷണം ഫലപ്രദമായി മുന്നേറുന്നില്ല. സര്‍ക്കാറില്‍ തീവ്രവാദസംഘടനകള്‍ക്ക് എന്തുമാത്രം സ്വാധീനം ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. ചില ജില്ലകളിലെ പ്രത്യക കേന്ദ്രങ്ങള്‍ ഇത്തരം സംഭവങ്ങളുടെ ഉറവിടമാണ്. ഇത് കണ്ടെത്തി തകര്‍ക്കാനും കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാനും ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ല എന്നത് ഖേദകരമാണ്. മലപ്പുറം ജില്ലയില്‍ നൂറിലധികം പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. ജില്ലയില്‍ കാളികാവ്, പാണ്ടിക്കാട്, അരീക്കോട്, പെരിന്തല്‍മണ്ണ, ചങ്ങരംകുളം, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലാണ് വെട്ടേറ്റ സംഭവങ്ങള്‍ ഉണ്ടായത്. ഓരോദിവസവും ഇത്തരം അക്രമങ്ങള്‍ കുറയുകയല്ല മറ്റു സ്ഥലങ്ങളിലേക്ക് പടരുകയാണ് എന്നതത്രേ വസ്തുത.
സമൂഹത്തില്‍ ഒരു തരത്തിലുള്ള അശാന്തിയും അരക്ഷിതാവസ്ഥയും പടര്‍ത്തുക എന്ന ഉദ്ദേശ്യമാണ് ഇതിന്റെ പിന്നിലുള്ളത്. തെരുവു നായകള്‍ പൊതുവെ ജനങ്ങള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന അവസ്ഥയില്‍ അവയ്ക്കു നേരെയുള്ള ആക്രമണം പൊതുജനങ്ങള്‍ക്ക് മറ്റൊരു തരത്തില്‍ ഉപകാരമാണെന്ന വശവുമുണ്ട്. മനുഷ്യര്‍ക്കു നേരെ നാളെ ഉയരാവുന്ന വാള്‍ത്തലയാണ് ഇന്ന് നായ്ക്കള്‍ക്കു നേരെ ഉണ്ടാവുന്നതെന്ന തിരിച്ചറിവാണ് വേണ്ടത്. തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പലവഴികളില്‍ ഒന്നായാണ് തീവ്രവാദസംഘടനകള്‍ ഇതു കാണുന്നത്. അതിനവര്‍ക്ക് വന്‍തോതില്‍ പണവും ആയുധങ്ങളും കിട്ടുന്നുണ്ട്. അതിന്റെ മറവില്‍ കള്ളനോട്ടും ഒഴുകുന്നു. പലസ്ഥലത്തു നിന്നും കള്ളനോട്ടുകള്‍ പിടികൂടുന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും തുടരന്വേഷണമോ മറ്റോ ഉണ്ടാവുന്നില്ല. ഉണ്ടാവുന്നെങ്കില്‍ തന്നെ തീരെ പരിമിതപ്പെട്ടുപോകുന്നു. സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ പാകത്തില്‍ സംഭവഗതികള്‍ രൂപപ്പെട്ടിട്ടും സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇത് കണക്കിലെടുത്തിട്ടില്ലെന്നാണ് തോന്നുന്നത്. ഭാവിയില്‍ വന്‍ വിപത്തിലേക്ക് പോയേക്കാവുന്ന സ്ഥിതിഗതികള്‍ക്ക് കടിഞ്ഞാണിടണമെങ്കില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടേ മതിയാവൂ. ഭരണം നിലനിര്‍ത്താന്‍ വേണ്ടിയുള്ള നിസ്സംഗതയും നിലപാടും ആത്മഹത്യാപരമായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ ഭീമാകാരംപൂണ്ട് തനിസ്വഭാവം കാണിച്ചുതുടങ്ങിയാല്‍ അവസാനിപ്പിക്കാന്‍ ആവില്ല തന്നെ.
റെയില്‍ വികസനം
കേരളത്തിലെ റെയില്‍വെ വികസനം ഒരു മരീചികയായിത്തീരുന്നതില് ആരാണ് ഉത്തരവാദിയെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ടതാണ്. ഇടക്കിടെയുള്ള മുറവിളിയല്ലാതെ മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന തരത്തില്‍ ഹോംവര്‍ക്കു ചെയ്ത് കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഏര്‍പ്പാട് കേരളത്തിന് ഇല്ലെന്നതോ പോകട്ടെ, അര്‍ഹിക്കുന്നത് പോലും ചോദിച്ചുവാങ്ങാനാവുന്നില്ല. കേരളത്തിന് അനുവദിച്ച രണ്ട് മെമു വണ്ടികള്‍ ആവശ്യപ്പെടാത്തതുകൊണ്ട് തമിഴ്നാട്ടില്‍ കിടക്കുകയാണത്രെ. കൊല്ലം-നാഗര്‍കോവില്‍, പാലക്കാട്-ഈറോഡ് റൂട്ടില്‍ അനുവദിച്ച മെമുവണ്ടികളാണ് കേരളം ആവശ്യപ്പെടാത്തതുകൊണ്ട് അവിടെത്തന്നെ കിടക്കുന്നത്. അതങ്ങനെ കിടന്നാല്‍ ഗുണം കിട്ടുക തമിഴ്നാട്ടിനാണ്. അതവര് സമ്മര്‍ദ്ദം ചെലുത്തി അവര്‍ക്കാവശ്യമുള്ള റൂട്ടിലൂടെ ഓടിക്കും. അടുത്ത റെയില്‍വെ ബജറ്റിന് മൂന്നുമാസം മാത്രം ഉള്ളപ്പോള്‍, അനുവദിച്ചു കിട്ടിയ വണ്ടികള്‍ പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന സംസ്ഥാനത്തിന് പുതിയ വണ്ടികള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാമോ? ജനപ്രതിനിധികളും മന്ത്രിമാരും സര്‍ക്കാറും ഇങ്ങനെയാണോ കേരളത്തെ സേവിക്കുന്നത് എന്ന് ചോദിച്ചു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: