വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ച കമാന്‍ഡോ ആക്രമണം ആസ്പദമാക്കി നിര്‍മ്മിച്ച ആദ്യ ടിവി ചലച്ചിത്രം കണ്ടത് 27 ലക്ഷം പേര്. സീല്‍ ടീം സിക്സ്:ദ റെയ്ഡ് ഓണ്‍ ഒസാമ ബിന്ലാദന് എന്ന ചിത്രം അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് ദിവസം മുമ്പ് പ്രദര്‍ശിപ്പിച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
അമേരിക്കന്‍ കേബിള്‍ ചാനലിലൂടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് ധനസമാഹരണത്തില്‍ പങ്കെടുത്ത ഹോളിവുഡ് പ്രമുഖരിലൊരാളായ ഹാര്‍ഹി വെന്സ്റ്റൈനാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഇത് തന്നെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കാരണമായത്.
90മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. റൂപര്‍ട്ട് മറഡോക്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ജിയോഗ്രഫിക് ചാനലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട സിനിമയാണ് ഇതെന്നും ചാനലിന്റെ ചരിത്രത്തില്‍ ആറാം സ്ഥാനത്താണ് ഈ പരിപാടി നേടിയ പ്രേക്ഷകസാന്നിധ്യമെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.
ഡോക്യുമെന്ററി രീതിയിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനം കണ്ട് പ്രസിഡന്റ് ഒബാമ അഭിനന്ദിച്ചുവെന്ന് സംവിധായകന് ജോണ്‍ സ്റ്റോക് വെല്‍ പറഞ്ഞു.
അതേസമയം, മികച്ച സംവിധാനത്തിന് ഓസ്കര് അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന് ബിഗ്ലോ ലാദന് വധത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സീറോ ഡാര്‍ക്ക് തേര്‍ട്ടി എന്ന ചിത്രം ജനുവരിയില്‍ തീയറ്ററില്‍ എത്തുമെന്നാണ് സൂചന. ഇറാഖ് യുദ്ധം പ്രമേയമാക്കി സംവിധാനം ചെയ്ത ദ ഹാര്‍ട്ട് ലോക്കര്‍ എന്ന സിനിമയാണ് ബിഗ്ലോക്ക് ഓസ്കര് നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: