ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈനികനേതൃത്വവും കോടതിയും തുറന്ന പോരിലേക്ക്. സൈന്യത്തെ താഴ്ത്തിക്കെട്ടാനോ തകര്‍ക്കാനോ കോടതിയും ജഡ്ജിമാരും ശ്രമിക്കരുതെന്ന് സൈനിക ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനി മുന്നറിയിപ്പ് നല്കി. സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന ചീഫ് ജസ്റ്റിസ് ഇഫ്തീക്കര്‍ ചൗധരിയുടെ പരാമര്‍ശമാണ് കയാനിയെ ചൊടിപ്പിച്ചത്.
അറിഞ്ഞോ അറിയാതെയോ ജനങ്ങളേയും സൈന്യത്തേയും തമ്മില്‍ അകറ്റാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് വെച്ചുപൊറിപ്പിക്കില്ലെന്നും കയാനി മുന്നറിയിപ്പ് നല്കി. രാജ്യത്തെ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് സൈന്യം പിന്തുണ നല്‍കുന്നുവെന്ന് പഴയൊരു കേസില്‍ ചൂണ്ടിക്കാട്ടി മുന്‍ എയര്‍മാഷല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനെ വിമര്‍ശിച്ചത്.
സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിടുമ്പോഴും പകുതിയിലധികം കാലം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കഴിഞ്ഞ പാരമ്പര്യമാണ് പാക്കിസ്ഥാനുള്ളത്. വിഷയത്തിന്റെ പ്രാധാന്യം അര്ഹിച്ചുതന്നെ ആരെയും പേരെടുത്ത് പറയാതെയാണ് കയാനി വിമര്‍ശിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ റിട്ടേയ്ഡ് ജഡ്ജിനെതിരെ ഭരണഘടനാപരമായി നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സ്ഥാപനങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും കൂട്ടി യോജിപ്പിക്കുന്നത് ഭരണഘടനയാണെന്ന് തങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ സൈന്യത്തില്‍ ഇടപെടാന്‍ ആരെയയും അനുവദിക്കില്ലെന്നും കയാനി പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ സ്ഥാപനമാണ് സൈന്യം. പാക്കിസ്ഥാനില്‍ താലിബാന് ഭീകരര്ക്കെതിരെയായുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ സൈന്യത്തിനുള്ള അധികാരം താഴേക്കിറങ്ങിച്ചെന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ജനങ്ങളുടെ പിന്തുണയോടെയാണ് സൈന്യം ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുന്നത്. ഈ പിന്തുണ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്നും കയാനി പറഞ്ഞു. റാവല്‍പിണ്ടിയിലെ സൈനിക ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിനെതിരെ വിമര്‍ശനവുമായി ഇതിന്മുമ്പും ചൗധരി രംഗത്തെത്തിയിരുന്നു. സൈന്യത്തെക്കാളും രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരാണ് മെച്ചമെന്നായിരുന്നു പ്രസ്താവന. ജനങ്ങള്‍ക്ക് മതിയായ സുരക്ഷയും ക്ഷേമവും അവകാശങ്ങളും നല്‍കുന്നത് അവരാണെന്നും ചൗധരി പറഞ്ഞിരുന്നു. സൈന്യവും കോടതിയും തമ്മിലുള്ള അതൃപ്തി ഇതിനു മുമ്പ് ഉണ്ടായതാണെങ്കിലും ഇപ്പോഴാണ് ഇത് മറനീക്കി പുറത്തുവരുന്നത്.
സൈന്യത്തിന്റെ നിലപാടുകളെ പാക് മാധ്യമങ്ങളും വിമര്‍ശിച്ചിട്ടുണ്ട്. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെതിരായ യുഎസ് സൈന്യത്തിന്റെ നടപടിയില്‍ പാക്ക് സൈന്യത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാത്തത് കഴിവുകേടാണെന്നായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം. സുരക്ഷാ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ സൈന്യം ഏറെ പിന്നിലാണെന്ന് പാക് ജനതയും വിമര്‍ശിച്ചിരുന്നു. ചില രാഷ്ട്രീയപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത് സഖ്യമുണ്ടാക്കാന്‍ കയാനി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഇപ്പോള്‍ കയാനിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് സൈന്യവും കോടതിയും തമ്മില്‍ അഭിപ്രായ ഭിന്നത പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: