ന്യൂദല്‍ഹി: മതിയാ സുരക്ഷ താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ സത്യസന്ധവും പെട്ടെന്നുള്ള അന്വേഷണം തനിക്കെതിരായ ഭീഷണി സന്ദേശത്തില്‍ ഉണ്ടാകണമെന്ന് ഹരിയാന ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കെംകെ പറഞ്ഞു. കെംകെയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച ഒരാളെ അറസറ്റ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി പി.കെ ചൗധരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുക്കാല്‍മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച തികച്ചും ഔദ്യോഗികമായിരുന്നുവെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറയാനാവില്ലെന്നും കെംകെ പറഞ്ഞു. തനിക്ക് സുരക്ഷ നല്‍കേണ്ട, എന്നാല്‍ അന്വേഷണം എളുപ്പത്തിലാക്കണമെന്നും ഭീഷണിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെംകെ കൂട്ടിച്ചേര്‍ത്തു. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസില്‍ നിന്നും ഒരു പ്രസ്താവന മത്രമെ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും കെംകെ പറഞ്ഞു. സുരക്ഷ നല്‍കുകയെന്നത് സര്‍ക്കാരിന്റെ മാത്രം നിലപാടാണ്. സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും കെംകെ പറഞ്ഞു.
യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരക്കെതിരായ ഭൂമി ഇടപാടുകള്‍ കെംകെ പുറത്തുകൊണ്ടുവരുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം മാറ്റിയ കെംകെക്ക് രണ്ട് തവണ വധഭീഷണി സന്ദേശം വരുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: