ജ്ഞാനം നമ്മുടെ മിഥ്യാവ്യക്തിത്വത്തെ, അതിന്റെ എല്ലാ മിഥ്യാബന്ധങ്ങളോടുംകൂടി, നശിപ്പിക്കുന്നു; ബോധകേന്ദ്രത്തെ ശരീര മനസുകളില്‍ നിന്ന് ആത്മാവിലേയ്ക്ക്, ജഡത്തില്‍ നിന്ന് ചേതനത്തിലേയ്ക്ക്, മാറ്റുന്നു. നമ്മുടെ ഇന്നത്തെ വ്യക്തിത്വം ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, അഹങ്കാരം എന്നിവയുടെ ഒരു സങ്കലനമാണ്. അദ്ധ്യാത്മജീവിതമെന്നാല് ഈ സങ്കലനത്തെ ഉടച്ച് ബോധകേന്ദ്രത്തെ അതില്നിന്നാത്മവിലേയ്ക്കു മാറ്റുകയാണ് -അതില്‍ക്കൂടുതലൊന്നുമില്ല. എന്നാല്‍ മുറയ്ക്കുള്ള അദ്ധ്യാത്മസാധനകൊണ്ടുമാത്രമേ ഈ സങ്കലനത്തെ ഉടയ്ക്കാന്‍ പറ്റൂ. ഇതു വളരെ പ്രധാനമാണ്. ഈ ഉടയ്ക്കുന്ന കാര്യത്തില്‍ അത്ഭുതവും രഹസ്യവും ഒന്നുമില്ല; അത് വളരെ നിശ്ചിതവും വ്യക്തവും ക്ലിപ്തവുമാണ് – യാതൊരു രഹസ്യകര്മവുമല്ല. രഹസ്യമെന്നു പറഞ്ഞുനടക്കലൊന്നും പാടില്ല. യോഗമെന്നു പറയുന്നത് ഒരു രഹസ്യപദ്ധതിയുമല്ല. അത് വളരെ ലളിതമായ ഒന്നാണ്. നാം ഈ വിചിത്രസംഘാതത്തോട് നമ്മെ തെറ്റായി താദാത്മ്യപ്പെടുത്തിയിരിക്കുന്നു. ഈ സംഘാതത്തെ ഉടച്ച് ശരിക്കുള്ള ജീവിതത്തിലേയ്ക്കു പ്രവേശിക്കുകയാണ് അദ്ധ്യാത്മജീവിതമെന്നാലര്ത്ഥം. വളരെ ലളിതമാണത്. എന്നാല്‍ നീണ്ടകാലത്തെ മുറയ്ക്കുള്ള സാധന കൂടാതെ ഇതു മനസിലാക്കാന്‍ സാദ്ധ്യമല്ല.
അജ്ഞാനമാണ് ഇവയെല്ലാം കൂട്ടിക്കെട്ടിനിര്ത്തുന്നത്. അജ്ഞാനം നശിക്കുമ്പോള്‍ ഈ സംഘാതം കുറച്ചുകാലംകൂടി തുടര്‍ന്ന് പിന്നെ നില്ക്കുന്നു. നാം തുഴയുന്നതു നിര്‍ത്തിയാലും അതുവരെയുള്ള വേഗം കാരണം തോണി കുറച്ചുകൂടി മുന്നോട്ടുപോകുന്നു. നാം നമ്മെ ശരീരം, മനസ് തുടങ്ങിയ വസ്തുക്കളുടെ ഈ സംഘാതത്തിനോട് താദാത്മ്യപ്പെടുത്തുന്നത് നിര്‍ത്തുന്നുണ്ടോ എന്നതാണ് ഊരകല്ല്, പരമമായ ജ്ഞാനം കൈവന്നപ്പോള്‍ ബുദ്ധന് പറഞ്ഞു.
ശോകമയമായ ഈ ഇന്ദ്രിയങ്ങളുടെ തടവറ കെട്ടിയ ആളെ അന്വേഷിച്ച് ഞാന്‍ പല ജീവിതങ്ങള്‍ കഴിച്ചു. എന്റെ അറുതിയില്ലാത്ത ക്ലേശം അതിദുഃഖകരം. പക്ഷേ ഈ വഴിയമ്പലത്തിന്റെ നിര്‍മാതാവായ നിന്നെ ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ദുഃഖത്തിന്റെ ഈ ചുമരുകള്‍ നീയിനി കെട്ടില്ല; വഞ്ചനകളുടെ മേല്‍പ്പുര പണിയില്ല; മണ്ണില്‍ പുതിയ തൂണുകള്‍ നാട്ടില്ല; ഈ വീടിന്റെ മേല്‍പ്പുര തകര്‍ന്നു കഴിഞ്ഞു; ഭ്രാന്തിയാണതിനെ കടഞ്ഞെടുത്തത്. മോക്ഷസാധനാര്ത്ഥം ഞാനതില്‍നിന്ന് സുരക്ഷിതനായി പോകുന്നു.
ആദ്യം നാം ലോഹത്തിന്റെ അയിരിനെ മണ്ണ്, ചെളി, മണല്‍ എന്നീ ഉപയോഗശൂന്യമായ വസ്തുക്കളില്‍നിന്നു വേര്‍തിരിച്ച് തീയിലിടണം. ഇതാണ് ആദ്യത്തെ വേര്‍തിരിവ്. പിന്നെ അയിരിലെ നീചാംശം മുഴുവന്‍ കത്തി നശിച്ച് ശുദ്ധസ്വര്‍ണം ബാക്കിയാവണം. ഇതാണ് ശുദ്ധീകരണം. അതുപോലെ അദ്ധ്യാത്മജീവിതത്തില്‍ വിവേകംകൊണ്ട് നാം നമ്മുടെ ജീവാത്മാവ് ശരീരമനസുകളില് നിന്നു വ്യതിരിക്തമാണെന്നറിയണം; പിന്നെ നിഷ്ഠാപൂര്‍വമായ സാധനകൊണ്ട് അതിനെ മനസിന്റെ അശുദ്ധികളില്‍നിന്ന് മുക്തമാക്കണം. ഇന്ദ്രിയസംയമം, ബ്രഹ്മചര്യം, ആത്മാനാത്മവിവേകം എന്നിവ നാമെത്രകണ്ട് പരിശീലിക്കുന്നുവോ അത്രയും നമുക്ക് യഥാര്ത്ഥജ്ഞാനമുണ്ടാവുന്നു. അതുകൂടാതെ ജ്ഞാനമുണ്ടാവില്ല. ജ്ഞാനലബ്ധിക്കനുസരിച്ച് നാം ബന്ധത്തില്‍നിന്നും ദുഃഖത്തില്‍നിന്നും മോചിതരാകുന്നു. പിന്നെ അവസാനം നമ്മില്‍ പരമാനന്ദവും ശാന്തിയും നിറച്ചുകൊണ്ട് ആത്മാവ് വെട്ടിത്തിളങ്ങുന്നു.
സത്യത്തെയും മിഥ്യയെയും കൂട്ടിച്ചേര്ത്തുള്ളൊരു കെട്ട് നമ്മില്ലെല്ലാമുണ്ട്. അതാണ് നമ്മുടെ അഹങ്കാരം. ജ്ഞാനം ഈ ഗ്രന്ഥിയെ ദഹിപ്പിക്കുന്നു; അഹം, അഥവാ ഈ മിത്ഥ്യയായ ആത്മബോധം നശിക്കുമ്പോള്‍ ശരിയായ ആത്മാവിനെ നാം സാക്ഷാത്കരിക്കുന്നു. സര്വഭൂതാവാസമായ, അഖണ്ഡവും അവിജ്ഞേയവുമായ പരമാത്മാവിന്റെ അംശങ്ങളാണ് നാം യഥാര്‍ത്ഥത്തില്‍ എന്ന് അപ്പോള്‍ സാക്ഷാത്കരിക്കുന്നു.
ജ്ഞാന സമ്പാദനത്തിന് വളരെക്കാലം ശ്രമിക്കാതെ അത് ലഭിക്കുകയില്ല. ഇതാണ് മഹത്തായ നിരന്തരപരിശ്രമത്തിന്റെയും അഭ്യാസത്തിന്റെയും ആവശ്യം. ലക്ഷ്യപ്രാപ്തിക്ക് കുറെക്കാലം വേണം. പൂര്‍ണമായ സ്ഥിരനിഷ്ഠയുള്ള ആളേ അവിടെയെത്താന്‍ സാദ്ധ്യതയുള്ളൂ.
യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: