മനാമ: ബഹ്റിന് തലസ്ഥാനമായ മനാമയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഒരു ഇന്ത്യാക്കാരന് ഉള്‍പ്പടെ രണ്ട് പേര് കൊല്ലപ്പെട്ടു. ബംഗ്ലാദേശിയും തമിഴ്നാട്ടുകാരനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയായിരുന്നു സ്ഫോടനങ്ങള്‍.
ഏഷ്യക്കാരായ രണ്ട്പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബഹ്റിന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏത് ഏഷ്യന്‍ രാജ്യക്കാരാണ് ഇവരെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. ജനവാസ, വാണിജ്യ കേന്ദ്രമായ ഖുദൈബിയ, മനാമയ്ക്ക് തെക്കുള്ള ആഢംബരമേഖലയായ അദ്ലിയ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം. മൂന്ന് സ്ഫോടനങ്ങളാണുണ്ടായത്. നാടന്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നടന്നു പോയ ഒരാള്‍ കാലു കൊണ്ട് ബോംബ് തട്ടിയപ്പോഴായിരുന്നു ഒരിടത്ത് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെട്ടു. ഖുദൈബിയയിലെ അവാല്‍ സിനിമ തീയേറ്ററിന് സമീപമായിരുന്നു ഒരു സ്ഫോടനമുണ്ടായത്. ഇതിലും ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു മരിച്ചത്. അദ്ലിയയിലുണ്ടായ സ്ഫോടനത്തില്‍ തെരുവു വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്നും പോലീസിനെ അറിയിക്കണമെന്നും ജനങ്ങളോട് മനാമയിലെ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ച ബഹ്റിനില്‍ ഇതിന്റെ മറപിടിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. കഴിഞ്ഞ മാസം ഒരു ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: