കേരളത്തിലെ ഇരുപത് ലോകസഭാംഗങ്ങളും സജീവമായി പൊതുരംഗത്തും പ്രവര്‍ത്തകരുടെ താല്പര്യ സംരക്ഷണങ്ങള്‍ക്കും ഇടപെടുന്നവരാണ്. ലോകസഭാംഗമല്ലെങ്കില് പോലും പൊതു പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെടാറുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ ചെല്ലാറുണ്ട്. ചിലസമയങ്ങളില്‍ പോലീസുമായി കയര്‍ത്ത് സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുമുണ്ട്. എന്നാല്‍ കണ്ണൂരിലെ എം.പി. മുന്‍മന്ത്രി കൂടിയായ കെ. സുധാകരന് ഈ പതിവുകളെല്ലാം തെറ്റിച്ചിരിക്കുന്നു. മടയില്‍ കയറി നരിയെ കീഴ്പ്പെടുത്തിയെന്ന ഖ്യാതി നേടാനാണോ എന്നറിയില്ല, പോലീസ് സ്റ്റേഷനുകളില്‍ കയറി ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യോങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച വളപട്ടണം പോലീസ് സ്റ്റേഷനില്‍ കടന്നു കയറി നൂറുകണക്കിന് കോണ്‍ഗ്രസ്സുകാരെ സാക്ഷിനിര്‍ത്തി എസ്ഐക്ക് നേരെ കയ്യോങ്ങിയിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും എസ്.ഐയെയും പൊലീസിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഇതിന് കേരളാ പൊലീസ് ആക്ട് 117ാം വകുപ്പ് പ്രകാരം ഔദ്യാഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ടെങ്കിലും അനന്തര നടപടിയൊന്നും ഉണ്ടായില്ല. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചാണ്കെ. സുധാകരന്റെ മാടമ്പിത്തരം കാട്ടലും എസ്.ഐയെയും പൊലീസിനെയും ഭീഷണിപ്പെടുത്തിുകയും ചെയ്തത്. എം.പിയും രണ്ട് എം.എല്‍.എമാരുമടങ്ങിയ സംഘം മണിക്കൂറുകള്‍ക്കുശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിച്ചു കൊണ്ടു പോവുകയും ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിയില്‍നിന്ന് അനധികൃതമായി പൂഴി കടത്തുകയായിരുന്ന നാറാത്ത് സ്വദേശികളായ സമദ്, ഫമീദ് എന്നിവരെ വളപട്ടണം പൊലീസ് അഡീഷനല്‍ എസ്.ഐ രാജനും സംഘവും കസ്റ്റഡിയിലെടുത്തിരുന്നു. പൂഴിലോറിക്ക് അകമ്പടിയായി ബൈക്കില്‍ പോവുകയായിരുന്നു ഇവര്‍. കൈകാണിച്ചിട്ടും നിര്‍ത്താതിരുന്നതിനാല്‍ പൊലീസ് പിന്തുടര്ന്നു പിടികൂടി. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡനൃ കല്ലിക്കോടന്‍ രാഗേഷിനെയും പിടിയിലായ സമദ്, ഫമീദ് എന്നിവരെയും എസ്.ഐ ലോക്കപ്പില്‍ കയറ്റി ക്രൂരമായി മര്ദിച്ചന്നൊണ് ആരോപണം. സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നുത്.
പന്ത്രണ്ട് മണിയോടെയാണ് സുധാകരന് സ്റ്റേഷനിലെത്തിയത്. രാഗേഷിനെ മര്‍ദിച്ച സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടിയുണ്ടാകാതെ പോകില്ലെന്നു പറഞ്ഞായിരുന്നു എം.പി സ്റ്റേഷനകം സമരവേദിയാക്കിയത്. എം.എല്‍.എമാരായ കെ.എം. ഷാജി, എ.പി. അബ്ദുല്ലക്കുട്ടി എന്നിവരും സ്റ്റേഷനിലെത്തി. നിരവധി പ്രവര്‍ത്തകരുമെത്തിയതോടെ വളപട്ടണം സ്റ്റേഷന് പരിസരത്ത് സ്ഫോടനാത്മക അന്തരീക്ഷം തന്നെ സൃഷ്ടിക്കുകയായിരുന്നു. വളപട്ടണം സംഭവത്തില്‍ പോലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്ജ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് എസ്ഐ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷമാണ് എസ്ഐ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതോടെ കണ്ണൂര്‍ എംപിയും എംഎല്‍എമാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അവര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് അറിയാനിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ കയറി വീരസ്യം പ്രകടിപ്പിക്കുകയും പ്രതികളെന്ന് കരുതി കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയും ചെയ്യുന്ന സംഭവം പുതുതൊന്നുമല്ല.
കേരളത്തില്‍ പല സ്ഥലത്തും മാര്‍ക്സിസ്റ്റുകാരും മുസ്ലിം ലീഗുകാരും ഇങ്ങനെ പെരുമാറിയിട്ടുണ്ട്. പോലീസ്റ്റ് സ്റ്റേഷന് അകത്തുവച്ചും ബോംബു നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഎം നേതാവ് ആഭ്യന്തരമന്ത്രിയായപ്പോഴാണ് അദ്ദേഹത്തിന്റെ സ്വരം മാറിയത്. ഇതിനെതിരെ സംസ്ഥാനത്തുടനീളവും നിയമസഭയ്ക്കകത്തുമെല്ലാം ശക്തമായി പ്രതികരിക്കുന്നവരാണ് യുഡിഎഫ് നേതാക്കള്‍. ഭരണകക്ഷി നിയമം കയ്യിലെടുക്കുന്നത് രൂക്ഷമായി അപലപിക്കേണ്ടതുണ്ട്. ഭരണത്തിന് നേതൃത്ത്വം നല്കുന്ന കോണ്‍ഗ്രസ്സിന്റെ ഒരു എംപിയാണ് സുധാകരന്. ആരുമാറിയാലും താന്‍ മാറാനൊരുക്കമല്ലെന്ന ധാര്‍ഷ്ട്യമാണ് കെ. സുധാകരനെന്ന് പറയേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സുധാകരനുണ്ടാക്കിയ സംഘര്‍ഷാവസ്ഥ ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അന്നു പ്രതികളെ മോചിപ്പിക്കുകയായിരുന്നു സുധാകരന്റെ ലക്ഷ്യം. ഇങ്ങിനെയൊക്കെ പെരുമാറുന്ന സുധാകരനെ ന്യായീകരിക്കാനാണ് നിയമം നിയമത്തിന്റെ വഴിക്കുനീങ്ങുമെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. അപ്പോഴാണ് സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നത്. കെ. സുധാകരനെന്താ കൊമ്പുണ്ടോ ? മറുപടി നല്‍കാനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: