ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും പോലെയുള്ള അവസരങ്ങളില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച് ദേശീയ പതാക ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വലുപ്പം കുറഞ്ഞ ത്രിവര്‍ണ പതാകകള്‍ ദേശീയ പതാകയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ സ്റ്റേഡിയങ്ങളിലും മറ്റും ഉപേക്ഷിക്കപ്പെടുന്നതും പ്ലാസ്റ്റിക് ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയുമാണ് പുതിയ നിര്‍ദ്ദേശത്തിന് പിന്നില്‍.
പാരിസ്ഥിതിക സംരക്ഷണത്തിനും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ന്യൂനതകള്‍ അറിയിക്കുവാനുമാണ് നീക്കത്തിന്റെ മറ്റൊരു ലക്ഷ്യം. സാംസ്ക്കാരിക പരിപാടികളിലും കായിക പരിപാടികളിലും ഉള്‍പ്പെടെ പ്ലാസ്റ്റിക് പതാകകള്‍ക്ക് പകരം പേപ്പറില്‍ നിര്‍മിക്കുന്ന പ്രകൃതി സൗഹൃദ പതാകകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഇറക്കി. പരിപാടികള്‍ക്കുശേഷം പതാകകള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും അവ അര്‍ഹിക്കുന്ന മാന്യതയോടെ ഉപേക്ഷിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോഗിക്കാനാവാത്ത വിധത്തിലുള്ള ത്രിവര്‍ണ പതാകകള്‍ സ്വകാര്യമായാണ് നശിപ്പിക്കേണ്ടത് എന്ന നിയമവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച് അന്ത്യശാസനം നല്‍കിയിട്ടില്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനും നടപ്പിലാക്കാനും സമയം അനുവദിച്ചിട്ടുണ്ട്.
ദേശീയ പതാകയെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന പക്ഷം ഇവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനും നിയമത്തില്‍ പറയുന്നുണ്ട്. 2003 ലെ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ നിയമപ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാവുന്നതാണ്. പൊതുസ്ഥലങ്ങളില്‍വെച്ച് ദേശീയ പതാക കത്തിക്കുകയോ, നശിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുകയാണെങ്കില്‍ ശിക്ഷ ലഭിക്കാവുന്നതാണ്. പേപ്പറോ തുണികൊണ്ടുള്ള പതാകയോ ഭാവിയില്‍ ഉപയോഗിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: