ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം സിനിമയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മയാണ് മുംബൈ ഭീകരാക്രമണം സിനിമയാക്കാനൊരുങ്ങുന്നത്. എന്നാല്‍ സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ 200 ഓളം സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുംബൈയിലെ താജ്മഹല്‍ പാലസ്, ടവര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായിട്ടാണ് രാംഗോപാല്‍ വര്‍മ്മ എടുത്തിരുന്നത്. എന്നാല്‍ ചിത്രീകരണം തടഞ്ഞ സമാജ്വാദി പാര്‍ട്ടിയുടെ യുവജന പ്രവര്‍ത്തകര്‍ കറുത്ത കൊടി കാണിച്ചു.
സിനിമ ചിത്രീകരിക്കുന്നതിന് നേരത്തെ അനുമതി വാങ്ങിയിരുന്നില്ലെന്നും മുംബൈ നഗരത്തില്‍ തന്നെ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കരുതെന്നും പാര്‍ട്ടി പ്രസിഡന്റ് അബു ഫര്ഹാന് ആസ്മി പറഞ്ഞു. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന് നാല് വര്‍ഷം മുമ്പ് തന്നെ രാംഗോപാല്‍ വര്‍മ്മ ഉറപ്പ് നല്‍കിയിരുന്നതാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനാണ് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുമെന്നാണ് സംവിധായകന്റെ നിലപാട്.
സിനിമയുടെ ചിത്രീകരണം മുംബൈ നഗരത്തില്‍നിന്നും മാറ്റി പകരം സ്റ്റുഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ദേശ്മുഖിന് നല്കിയ ഉറപ്പ് ലംഘിച്ച് സിനിമ ചിത്രീകരിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനുശേഷം മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാവൂ എന്നും പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭീകരാക്രമണം നടന്ന താജ് ഹോട്ടല്‍ രാംഗോപാല്‍ വര്‍മ്മ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സിനിമ ഒരിക്കലും സംവിധാനം ചെയ്യില്ലെന്നാണ് അന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞത്. ഉറപ്പുകള്‍ ലംഘിച്ച് സിനിമാ ചിത്രീകരണം തുടരുകയാണെങ്കില്‍ വന്‍ പ്രതിഷേധ പരിപാടി ആരംഭിക്കുമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: