ന്യൂദല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് അടുത്തമാസം ശ്രീലങ്ക സന്ദര്‍ശിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുകയായിരിക്കും സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യം. തമിഴ്നാട്ടില്‍ പരിശീലനത്തിനെത്തിയ ശ്രീലങ്കന്‍ സൈന്യത്തെ മടക്കിയയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കരസേനാ മേധാവി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്.
ഡിസംബര്‍ മൂന്നാംവാരത്തോടെ ശ്രീലങ്ക സന്ദര്‍ശിക്കാനാണ് തീരുമാനം. ഇന്ത്യാ-ശ്രീലങ്കാ സംയുക്ത പരിശീലനം ആരംഭിക്കുന്നതിനെക്കുറിച്ചും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു മേധാവികളും ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം സംയുക്ത പരിശീലനം ആരംഭിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോതാഭ്യ രജപക്സെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ എന്നിവര്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയും സംയുക്ത പരിശീലനം ആരംഭിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്തിരുന്നു. ശ്രീലങ്കയുമായി പ്രതിരോധ സഹകരണം ആരംഭിക്കുന്നതിന് തമിഴ്നാടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും എതിരാണ്. തമിഴ്നാട്ടില്‍ പരിശീലനത്തിനെത്തിയ ലങ്കന്‍ സൈനികരെ മടക്കിയയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തയച്ചിരുന്നു. ശ്രീലങ്കയില്‍നിന്നുള്ള ഒന്‍പത് സൈനികരാണ് ബംഗളൂരുവിലെ തമ്പാരം പരിശീലന കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ എത്തിയത്. തമിഴ്നാട്ടില്‍നിന്നുള്ള ശക്തമായ പ്രതിഷേധത്തിനിടയില്‍ ലങ്കന്‍ സൈനികര്‍ക്കുള്ള പരിശീലനം തുടരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ശ്രീലങ്കയുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ക്കുള്ള പരിശീലനം തുടരുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: