നരേന്ദ്രമോഡിയുടെ ചോര രുചിച്ചാലെ തല്‍പ്പരകക്ഷികള്‍ക്ക് ഉറക്കം വരികയുള്ളൂ എന്നു വന്നാല്‍ എന്തുചെയ്യാന്‍. നമ്മുടെ ബഹുമാനപ്പെട്ട ശശിതരൂര്‍ എം.പി. കേന്ദ്രമന്ത്രി പദവിയിലേക്ക് എടുത്തുയര്ത്തപ്പെട്ടപ്പോള് തിര്വന്തോരത്തുകാര് പ്രത്യേകിച്ചും മലയാളികള്‍ പൊതുവിലും ആഹ്ലാദിച്ചു. കോണ്ഗ്രസ്സുകാര് സന്തോഷം എങ്ങനെ പ്രകടിപ്പിക്കേണ്ടൂ എന്നറിയാതെ കുഴങ്ങിയ സമയത്തിങ്കലാണ് പത്നീസമേതം അദ്യം സ്വന്തം മണ്ഡലപട്ടണത്തില് എത്തിയത്. വിമാനത്തില്‍ നിന്ന് ഇറങ്ങിയതും അദ്യത്തെ അണികള്‍ പൊതിഞ്ഞതും സ്വാഭാവികം. അതിനിടയിലെ ചില കൈ പ്രയോഗങ്ങള്‍ ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി കടുകിട തെറ്റിക്കാതെ പോരുന്ന സുനന്ദക്ക് സഹിച്ചില്ല. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തിന്റെ പേരിലായാലും ആര്‍ക്കും അതുസഹിക്കുകവയ്യ. പിന്നെ, കോണ്‍ഗ്രസ്സുകാരല്ലേ അതൊക്കെ സ്വാഭാവികം എന്നങ്ങ് ധരിച്ചാല്‍ മതിയായിരുന്നു. ചാനലുകാരും പത്രക്കാരും അതേറ്റു പിടിച്ചതോടെ കാര്യം വടക്കോട്ടുനീങ്ങി.
ഇത്തരം ഒരു സാഹചര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന വശം അവിടെയിരിക്കെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ നരേന്ദ്രമോദി അഴിമതി വിഷയത്തിലേക്ക് ജനക്കൂട്ടത്തിന്റെ ശ്രദ്ധ തിരിച്ചത്. അമ്പത് കോടിയില്‍പ്പരം രൂപ വിയര്‍പ്പൊഴുക്കി നേടിയ (വിയര്‍പ്പോഹരി എന്ന് ചെല്ലപ്പേര്) സുനന്ദയെ പരാമര്‍ശിച്ചത്. അഴിമതി ഏതൊക്കെ തരത്തില്‍ രാഷ്ട്രീയത്തിന്റെ ഉള്ളറകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രയോഗം. പിടിക്കുമോ അത് തരൂരിന്. കേട്ടവാറെ ടിയാന് പറഞ്ഞു കേവലം കോടിയില്‍ ഒതുങ്ങുന്നതല്ല സ്വന്തം ഭാര്യ സുനന്ദയെന്ന്. അത് മനസ്സിലാവണമെങ്കില്‍ മോദി ആരെയെങ്കിലും സ്നേഹിക്കണമെന്ന്!
ടി സംഗതി ശരിയാണ്. സുനന്ദയെ കോടികള്‍ക്കുള്ളില്‍ വെച്ച് വിലയിരുത്താനാവില്ല. കോടികള്ക്കപ്പുറമുള്ള വിലയില്ലാത്തതിനാലാണല്ലോ മുന്‍ ഭാര്യമാരെ ഒഴിവാക്കേണ്ടി വന്നത്. (ഉഭയകക്ഷി സമ്മത പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയേക്കാം, നല്ലത്.) ഏതായാലും നമുക്കങ്ങ് സമ്മതിച്ചുകൊടുത്തേക്കുക. സ്വന്തം ഭാര്യക്ക് കോടികള്‍ക്കപ്പുറം വിലയുണ്ടെന്ന് മനസ്സിലാക്കിയ ശശി തരൂരിന് നല്ല നമസ്കാരം പറയുക. എല്ലാ ഭര്ത്താക്കന്മാരും ആ മഹദ്വക്തിയുടെ ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ അല്‍പ്പമെങ്കിലും ശ്രദ്ധിക്കുക. ഇനി തേരാപാരാ നടക്കുന്ന ഒരു വിദ്വാന് ഇക്കാര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞത് ഇങ്ങനെ: തരൂര്‍ സ്വന്തം ഭാര്യയെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. മോദി മുഴുവന്‍ നാട്ടുകാരെയും സ്നേഹിക്കുന്നു. ഈ പറഞ്ഞ വിദ്വാനൊപ്പമാണ് ഞാന്‍. പണ്ഡിതനും പ്രഗല്ഭനും പ്രതിഭാധനനുമായ തരൂരിനെക്കാള്‍ വിശകലനം ചെയ്യാന്‍ മേപ്പടി വിദ്വാനാവും എന്നതു തന്നെ കാരണം.
കഴിവുറ്റവന്‍ എന്നു പറയുമ്പോള്‍ അത് രണ്ടുതരത്തിലുണ്ട്. സ്വന്തം നേട്ടത്തിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കുത്തിയിരുന്ന് പരിശ്രമിക്കുന്നയാള്‍. മറ്റൊരാളിലെ കഴിവ് കണ്ടെത്തി അത് മുത്ത് സമാനമാക്കി വളര്‍ത്തിക്കൊണ്ടു വരുന്നയാള്‍. ആദ്യത്തെ വിഭാഗം അനവധിയുണ്ടെങ്കിലും രണ്ടാമത്തെ തരം വിരലിലെണ്ണാന്‍ പോലുമുണ്ടാവില്ല. മറ്റൊരാളിലെ കഴിവ് കണ്ടെത്തി വളര്‍ത്തി അത് സമൂഹത്തിന് (സംഘടനയ്ക്ക്) നല്‍കുന്നതാണ് എത്രയും ശ്രേഷ്ഠകരം. ദിനംതോറും ഇങ്ങനെയുള്ളവര്‍ക്ക് വംശനാശം നേരിടുകയാണെന്ന ദു:ഖസത്യം നിലനില്ക്കുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ വാക്കിന്റെ വാള്ത്തലയെപ്പറ്റി ബോധ്യമുള്ള മഹാസാഹിത്യകാരന് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമായിരുന്നതെന്ന് വിവരിക്കുന്നു കഥാകാരനായ സക്കറിയ. മാധ്യമം ആഴ്ചപ്പതിപ്പി(നവം.5)ല്‍ കാഴ്ചപ്പാട് പംക്തിയില്‍ അദ്ദേഹം കുറിച്ചിട്ട വാക്കുകള്‍ കോരിത്തരിപ്പുളവാക്കുന്നതാണ്. കൂടല്ലൂരിന്റെ കൂട്ടുകാരന് എം.ടി സാഹിത്യകാരന്, പത്രാധിപര്‍ എന്ന നിലയില്‍ എങ്ങനെ പെരുമാറിയെന്നാണ് പി. സക്കറിയ വിശകലനം ചെയ്യുന്നത്. ആധാരശില എന്ന തലക്കെട്ടില്‍ സാഹിത്യലോകത്തെ ആധാരശിലയായ എം.ടിയുടെ പുണ്യം പുലരുന്ന മാനസികാവസ്ഥയിലേക്കാണ് നമ്മെ അദ്ദേഹം നയിക്കുന്നത്. എഴുത്തുകാരെ വളര്‍ത്താന്‍ പത്രാധിപര്‍ എന്ന നിലയില്‍ എം.ടി. ചെയ്ത പ്രവര്‍ത്തനങ്ങളാണ് പരാമര്‍ശിക്കുന്നത്. നോക്കുക: ആധുനികതയുടെ ശക്തികളെയും ദൗര്‍ബല്യങ്ങളെയും ഒരുപോലെ അദ്ദേഹം മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തു. ആ പ്രക്രിയയില്‍, എം.ടി. എന്ന യുവസാഹിത്യകാരനും കൂടിയായ പത്രാധിപര്‍, തനിക്കുതന്നെ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന രചനകളെക്കൂടി ഹൃദയപൂര്‍വ്വം ആശ്ലേഷിച്ചു. ഒരു വശത്ത് തന്നെപ്പറ്റിത്തന്നെയുള്ള ആത്മവിശ്വാസവും മറുവശത്ത് അസാമാന്യമായ ഒരു ഹൃദയവിശാലതയുമായിരുന്നു അത്. ആ ഹൃദയവിശാലത പൂണ്ടടക്കം പിടിച്ച് സാഹിത്യ നക്ഷത്രമണ്ഡലത്തിലേക്ക് കൊണ്ടുവന്നവര്‍ എത്രയെത്ര. നവമുകുളങ്ങളുടെ മുകളില്‍ ചുടുവെള്ളം കോരിയൊഴിച്ച് തന്റെ അല്പത്തം എണ്ണയിട്ടുമിനുക്കുന്ന പത്രാധിപന്മാര് നിറഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത് എം.ടി. അല്‍ഭുതവും ആശ്ചര്യവും ജനിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം. പത്രാധിപത്വത്തിന്റെ ആണിക്കല്ലാവാന്‍ പ്രപഞ്ചശക്തി തന്നെ എം.ടിക്ക് കഴിവുനല്കുകയായിരുന്നോ? ഉള്ളുറപ്പുള്ളവനേ ഉത്തമവിശ്വാസത്തോടെ മുന്നേറാനാവൂ; മറ്റൊരാളെ നയിക്കാനുമാവൂ. സക്കറിയ എഴുതിപ്പോകെ എവിടെയൊക്കെയോ ചെറുകഥയുടെ തീപ്പൊരികള്‍ വീണുകിടക്കുന്നത് നമുക്കനുഭവിക്കാനാവും.
അക്ഷരങ്ങളുടെ തമ്പുരാനില്‍ നിന്ന് വരകളുടെ തമ്പുരാനിലെത്തുമ്പോഴും അടിസ്ഥാനവീക്ഷണത്തില്‍ വ്യതിയാനം സംഭവിക്കുന്നില്ല. ശില്പകലയെന്ന വിഭാഗത്തില്‍ നമ്പൂതിരിച്ചിത്രങ്ങളിലെ ധ്വന്യാത്മകതയും അനുഭൂതിയും നിരത്തുന്നു കെ.വി. മോഹന്‍കുമാര്‍. നമ്പൂതിരി എന്തും ത്രിമാന വീക്ഷണകോണിലൂടെയേ കാണൂ. അതദ്ദേഹത്തിന്റെ അടിസ്ഥാന ഇച്ഛയാവുന്നു. ത്രിമാനതയിലെ നമ്പൂരിത്തം എന്ന തലക്കെട്ടില്‍ അക്ഷരങ്ങളിലൂടെ ചിത്രം വരച്ചിരിക്കുന്നത് പത്രപ്രവര്‍ത്തനവും കവിതയും ഭരണനൈപുണ്യവും ഒത്തുചേര്‍ന്ന കോഴിക്കോട് ജില്ലാകളക്ടറാണ് എന്നതാണ് ഏറെ ആസ്വാദ്യം. ഞാനേതൊരു വസ്തുവിനെയും ത്രിമാനത്തിലേ കാണൂ. ഒരു പൂവ് കണ്ടാല്‍ പോലും ഞാനതിന്റെ ത്രിമാന സ്വഭാവമേ കാണൂ. ഒരു കെട്ടിടം മനസ്സില്‍ കണ്ടാലും ത്രിമാനം. ഒരാളെ വരക്കാന്‍ നോക്കിയാലും ത്രിമാനം. വരയുടെ ശൈവചൈതന്യം തുളുമ്പുന്ന നമ്പൂതിരിയുടെ മൂന്നാം കണ്ണിലൂടെയുള്ള നോട്ടത്തില്‍ ഒന്നും ചാമ്പലാവുന്നില്ല എന്നു മാത്രമല്ല കൂടുതല്‍ തഴച്ചു വളരുകയും ചെയ്യുന്നു. എം.ടി.ക്ക് എം.ടിയും നമ്പൂതിരിക്ക് നമ്പൂതിരിയും സ്വന്തം. വിശ്വമലയാള മഹോത്സവത്തില്‍ പോലും ക്ഷുദ്രതാല്‍പ്പര്യങ്ങളുടെ വിളയാട്ടം കണ്ട നമുക്ക് ഇവരെക്കുറിച്ച് ഉള്ളുതുറന്ന് അഭിമാനിക്കുക; അതിന് ഇത്തിരിയെങ്കിലും വഴിവെച്ച മാധ്യമത്തെക്കുറിച്ചും.
കുടുംബശ്രീയിലെ രാഷ്ട്രീയം തിറയാട്ടം നടത്തി ഒടുവില്‍ തെരുവില്‍ വിജയശ്രീലാളിതയായി എന്നാണല്ലോ മാലോകര്‍ പറയുന്നത്. ഇവിടെയിതാ ജെ. ദേവിക അങ്ങനെയല്ലെന്ന് പറയുന്നു. കുടുംബശ്രീയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നീക്കങ്ങള്‍ പെണ്ണുങ്ങള് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്നാണ് ടിയാള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പി(നവം. 4-10)ലൂടെ നമ്മെ അറിയിക്കുന്നത്. വിഡ്ഢിവേഷങ്ങളുടെ വികസന ഗുണ്ടായിസം എന്ന പേരിലാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. ദേവിക എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അഞ്ചുപേജിലൂടെ കണ്ണോടിക്കേണ്ട. അത് ആ തലക്കെട്ടില്‍ തന്നെ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ദേവികയുടെ രാഷ്ട്രീയത്തിന് മാതൃഭൂമി നല്കിയ പ്രാധാന്യത്തിന് ഒരു നല്ല നമസ്കാരം ബന്ധപ്പെട്ടവര്‍ക്കും നല്‍കുക. വിശ്വാസം… അതാവണമല്ലോ എല്ലാം.
മെട്രോ റെയില്‍വെ സ്വപ്നം കാണുന്ന മലയാളിയുടെ മുമ്പിലേക്ക് വീറ്റോ പവറുമായി വരുന്നതും മലയാളികള്‍ തന്നെയാണെന്ന സത്യം അല്ഭുതപ്പെടുത്തുന്നതൊന്നുമല്ല. മലയാളികള്‍. (മൊത്തത്തില്‍ എടുത്തേക്കല്ലേ) അങ്ങനെയാവാനേ തരമുള്ളൂ. മെട്രോ റെയില്‍ വഴിയിലെ കാഴ്ചകളെക്കുറിച്ചാണ് കലാകൗമുദി (നവം. 04) ഇത്തവണ പറയുന്നത്. അവരുടെ കവര്‍ക്കഥ തന്നെയത്. കൊച്ചി മെട്രോ: വെറുതെ അല്ല വിവാദം എന്ന പേരില്‍ ശ്രീകുമാര്‍ മനയിലിന്റേതാണ് റിപ്പോര്‍ട്ട്. കമ്മീഷന് ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശ്രീധരനല്ല ആരുവിചാരിച്ചാലും നടക്കില്ലെന്ന ധാര്‍ഷ്ട്യവുമായി മസിലുകാട്ടി നാടെമ്പാടും പായുന്നവരെ ഈ റിപ്പോര്‍ട്ടില്‍ കാണാം. ടോം ജോസ് എന്ന ഐ.എ.എസ്സുകാരനോ അങ്ങനെ വ്യക്തിപരമായി ആരെങ്കിലുമോ അല്ല പിന്നില്‍. വന്‍ ശക്തികള്‍ തന്നെ. ഇ. ശ്രീധരന് ഇല്ലാതെ ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റായി വച്ചാല്‍ നേതാക്കള്‍ക്ക് ടെന്‍ഡര്‍ നടപടികളില്‍ കൈകടത്തി കോടിക്കണക്കിന് രൂപ കമ്മീഷന് അടിക്കാം. അതു വേണ്ടെന്ന് പറയാന്‍ ആര്‍ക്കാണ് ധൈര്യം? എന്നു ചോദിക്കുന്നു ശ്രീകുമാര്‍. ഉത്തരമുണ്ടെങ്കില്‍ ടിയാന്റെ മൊബെയില്‍ നമ്പറില്‍ എസ്എംഎസ് അയക്കുക.
തൊട്ടുകൂട്ടാന്‍
പിന്നെയെപ്പോഴായിരുന്നു;
ആയുസ്സിന്റെ വളയങ്ങളില്‍
കറുപ്പൊഴിച്ച്,
അവര്‍,
നമ്മളെയെല്ലാം അന്ധരാക്കിയത്!
കെ.ടി. സൂപ്പി
കവിത: വിപ്ലവകാരി
മലയാളം വാരിക (നവം.02)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: