ലോകത്തില്‍ മനുസ്മൃതിയോളം വിമര്‍ശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന് സംശയമാണ്. വിമര്‍ശനഗ്രന്ഥം പഠിക്കാതെ, കാണുക, പോലും ചെയ്യാതെ തനിക്ക് മുമ്പ് പറഞ്ഞവരുടെ ഉദ്ധരണികളെ മാത്രം കണ്ട് വിമര്ശിക്കുന്നവരാണ്പലരും. സ്ത്രീകളേയും അധ:സ്ഥിതരേയും മനുഷ്യരായിപോലും കണക്കാക്കാത്തവനാണ് മനുവെന്നും, നെറികേടിന്റേയും വിവേചനത്തിന്റേയും പര്യായമാണ് ഇദ്ദേഹമെന്നും വരെ ചിലര്‍ പറഞ്ഞുവെച്ചു. ഈയൊരുസാഹചര്യത്തില്‍ മനുസ്മൃതിയെ സത്യസന്ധമായി അവതരിപ്പിക്കേണ്ടത് അന്ത്യന്താപേക്ഷിതമാണെന്ന ബോധത്തില്‍ നിന്നാണ് വേദപ്രചരണത്തിന്റെ ഭാഗം കൂടിയായി, ആചാര്യ എം.ആര്.രാജേഷ് മനുസ്മൃതി സത്യവും മിഥ്യയും എന്ന ഗ്രന്ഥരചനയ്ക്ക് തന്റെ സമയം വിനിയോഗിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മനുസ്മൃതിയുടെ മൂലരൂപത്തേയും പ്രക്ഷിപ്തങ്ങളെയും കണ്ടെത്തി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെചെയ്യുന്നത്.
മനുസ്മൃതിയുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുമ്പോള്‍ ഒരു കാലത്ത് മനുസ്മൃതിയ്ക്ക് എത്രമാത്രം പ്രാമാണികത്വം ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടും. ഭാരതത്തിലെ ഭരണഘടനാനിര്മ്മാണസഭപോലും ഭരണഘടനയ്ക്ക് രൂപം നല്കുമ്പോള്ആശ്രയിച്ച ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം മനുസ്മൃതിയാണെന്ന് അറിയാന്‍ കഴിയും.
വിധിക്കുകയും ആ വിധി നടപ്പിലാക്കുകയുംചെയ്യുക എന്ന സാമൂഹ്യമായ ഒരു നീതി ശാസ്ത്രത്തിന്റെ കെട്ടില്പെടുന്ന ഒന്നാണ് മനുസ്മൃതി. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍, വ്യക്തി-സമുദായം എന്നിവതമ്മിലും ഒറ്റയ്ക്കുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദിത്തങ്ങള്‍ രാജ്യഭരണം, ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ എന്നിവയെല്ലാം മനുസ്മൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്തകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട മനുഷ്യജീവിതത്തിന്റെ നിയമാവലിതന്നെയായ ഈ ഗ്രന്ഥം വേദനത്തില്‍ അധിഷ്ഠിതമായി തന്നെയാണ് മനുതയ്യാറാക്കിയത്. എന്നിട്ടും എന്തുകൊണ്ട് ഈയൊരു കൃതിയ്ക്ക് ഇത്രയും വിമര്‍ശനങ്ങളെ ഏറ്റുവാങ്ങേണ്ടിവന്നു എന്ന് പഠിച്ച് വിലയിരുത്തുകയാണ് ആചാര്യ എം.ആര്.രാജേഷ് ഈ ഗ്രന്ഥത്തില്‍.
നിരവധി സ്മൃതികള്‍ പ്രാചീനകാലത്ത് ഭാരതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രാധാന്യവും പ്രാമാണികത്വവും മനുസ്മൃതിയ്ക്കാണ് ലഭിച്ചത്. സ്വയംഭൂ മനുവാണ് ഇതിന്റെ കര്‍ത്താവ്. മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത എന്നൊക്കെ ഇതിന് പേരുണ്ട്. ധര്‍മ്മത്തിന്റെ വേര് വേദമാണെന്ന് പറഞ്ഞ മനു തന്റെ ഗ്രന്ഥത്തില്‍ വേദാനുകൂലമായ ചിന്തകള്‍ മാത്രമേ നിരത്തിയിട്ടുള്ളൂ.
തന്റെ ജീവിത കാലത്തു തന്നെ ആരാധ്യനായി മാറിയ. തത്ത്വദൃഷ്ടാവും ധര്മ്മമര്മ്മജ്ഞനുമായ ഒരു ഋഷി വേദവിരുദ്ധമായി വല്ലതും പറയുമെന്ന് സംശയിക്കേണ്ടതായി പോലുമില്ല. ഋഷിമാര്‍പോലും തങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടത് മനുമഹര്‍ഷിയുടെ സന്നിധിയില്‍ നിന്നുമായിരുന്നു. സമ്പൂര്‍ണ ബ്രഹ്മചര്യത്തോടെ സാംഗോപാംഗം വേദങ്ങള്‍ പഠിച്ചവര്‍ക്കും മന്ത്രാര്‍ത്ഥം പ്രത്യക്ഷമാക്കിയയോഗികള്ക്കും മാത്രമേ ഋഷിമാര്‍ക്ക് സംശയനിവൃത്തിചെയ്യാന് അധികാരമുള്ളൂ എന്നിരിയ്ക്കെ, മനുവിന് അത് സാധിച്ചിരുന്നു എങ്കില്‍ എവിടെയാണ് മനുവിന്റെ സ്ഥാനം?
മനു പറഞ്ഞിട്ടുള്ളത് മനുഷ്യന് ഔഷധമാണെന്ന് പ്രാചീനഗ്രന്ഥങ്ങള്‍ പറയുന്നു.വാല്മീകി രാമായണത്തിലും മഹാഭാരതത്തിലും ധര്‍മ്മാധര്‍മ്മ ചിന്തവരുമ്പോള്‍ മനുവിനെ ഉദ്ധരിക്കുന്നതായികാണാം. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രസക്തി നമുക്ക് ഊഹിക്കാം. പിന്നീട് വന്ന ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാരെല്ലാം മനുവിനെ പലപ്പോഴായി ഉദ്ധരിച്ചിട്ടുണ്ട്.
മനുസ്മൃതിയുടെ കര്‍ത്താവിനെ കുറിച്ചുള്ള വിശദമായ ചിന്തതന്നെ ഈ ഗ്രന്ഥത്തില്‍ നടക്കുന്നുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ജീവിതകാലം പരമ്പര, മന്വന്തരത്തിന്റെ ശാസ്ത്രീയമായകണക്ക് എന്നിവയെല്ലാം വിശദീകരിച്ചതിനുശേഷം ബ്രാഹ്മണങ്ങള്‍ രചിക്കപ്പെടുന്നതിനു മുമ്പാണ് മനുവിന്റെജീവിതകാലം എന്ന് ഗ്രന്ഥകര്‍ത്താവ് കുറിക്കുന്നു.
മനുസ്മൃതി വിമര്ശിക്കപ്പെടാന് പ്രധാനകാരണം അതിലെ പ്രക്ഷിപ്തങ്ങളാണ്. പ്രക്ഷിപ്തശ്ലോകങ്ങല് അടങ്ങിയ മനുസ്മൃതി വായിച്ചാല്‍ ഭാരതീയ സംസ്കാരം അങ്ങേയറ്റം വികൃതവും ഹീനവും പൈശാചികവും ആണെന്ന് തെറ്റിദ്ധരിക്കുന്നതില്‍ അത്ഭുതമില്ല. മനുസ്മൃതിയുടെ യഥാര്‍ത്ഥ ഭാവത്തെ കണ്ടറിയാന്‍ ഒരു ചരിത്രകാരനും ശ്രമിച്ചതുമില്ല. നമ്മുടെ പൂര്‍വ്വികരെ നിന്ദിക്കാന്‍ ചെറുപ്പക്കാര്‍ക്ക് പ്രചോദനമാവും വിധമാണ് മനുസ്മൃതിയെ പലരും ഉദ്ധരിച്ചത്.
ഇന്ന് നമുക്ക് ലഭിക്കുന്ന മനുസ്മൃതിയില്‍ വിഷയവിരുദ്ധവും പരസ്പരവിരുദ്ധവും സന്ദര്ഭവിരുദ്ധവും പൂര്വ്വാചാരബന്ധമില്ലാത്തവയും പുനരുക്തികളും ധാരാളമായി കടന്നു വന്നിട്ടുണ്ട്. ഒരു ശ്ലോകത്തില്‍ പറഞ്ഞതിന് നേരെ വിരുദ്ധമായി തൊട്ടടുത്ത ശ്ലോകത്തില്പറഞ്ഞത് കാണാം. മനുവിനെ പോലുള്ള ഒരു മഹാമനീഷിയ്ക്ക് ഇത്തരത്തിലുള്ള തെറ്റുകള്‍ പറ്റാന്‍ സാധ്യതയില്ലെന്നുപോലും ചിന്തിക്കാന്‍ അക്കാഡമി സ്റ്റുകള്ക്കാവില്ല. പിന്നീട് വന്നവര്‍ തങ്ങളുടെ സൗകര്യങ്ങള്‍ക്കുവേണ്ടി പ്രക്ഷിപ്തങ്ങള്‍ എഴുതി ചേര്‍ക്കുമ്പോള്‍ ചില പഴയ ശ്ലോകങ്ങള്‍ നീക്കം ചെയ്യുകയും ചിലതിന് പാഠഭേദം വരുത്തുകയും ചെയ്തു. ദേഹശുദ്ധി എന്നത് പ്രേതശുദ്ധി എന്നാക്കാന്‍ പോലും അവര്‍ മടിച്ചില്ല.
ചിലരാകട്ടെ മനുസ്മൃതിയുടെ മഹത്വം വര്‍ദ്ധിപ്പിക്കാനായി ഈ ഗ്രന്ഥത്തെ ബ്രഹ്മാവുമായി ബന്ധപ്പെടുത്തി കുറെ ശ്ലോകങ്ങള്‍ എഴുതി ഉണ്ടാക്കി. കൂടാതെ ഭൃഗുവിനെയും മനുസ്മൃതിയുമായി കൂട്ടിയിണക്കി ശ്ലോകങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
മനുസ്മൃതി പഠിക്കുന്ന ഒരാള്‍ക്ക് ഇതിലെ പ്രക്ഷിപ്തങ്ങളെ കണ്ടെത്താന്‍ ആറ് വഴികളുണ്ടെന്ന് ഈ ഗ്രന്ഥത്തില്‍ പറയുന്നു. വിഷയവിരോധം, സന്ദര്‍ഭവിരുദ്ധം, ശ്ലോകങ്ങളിലെ പരസ്പരവിരോധം, പുനരുക്തി, ശൈലീവിരോധം, വേദവിരുദ്ധം എന്നിവയാണ് ഇവ. ഇവയ്ക്കോരോന്നിനും തെളിവുകള്‍ സഹിതം ഉദാഹരണങ്ങള്‍ നല്കുമ്പോള് ഇത്രയും കാലം മനുസ്മൃതിയെ തെറ്റിദ്ധരിച്ച് അതിനെ ചുട്ടുകരിച്ചവരുള്പ്പെടെ ഈ ഗ്രന്ഥത്തെ പുനര്‍ വായനയ്ക്ക് വിധേയമാക്കണമെന്ന് തോന്നിപ്പോകും. മനുസ്മൃതിയില്‍ പറയുന്ന ഓരോ ശ്ലോകത്തേയും ഉദ്ധരിച്ചുകൊണ്ട് അതിന്റെ വേദപ്രാമാണ്യത്തേയും നിരുക്താര്ത്ഥത്തേയും വിശദമായി പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ ചെയ്യുന്നത്.
പ്രക്ഷിപ്തങ്ങള്‍ കൊണ്ട് മനുസ്മൃതിയ്ക്കുണ്ടായ ദോഷങ്ങളെ വിലയിരുത്തുകയാണ് മൂന്നാമത്തെ അധ്യായത്തില്‍. പ്രക്ഷിപ്തങ്ങള്‍ മനുസ്മൃതിയ്ക്ക് മാത്രമല്ല സനാതന വൈദികധര്‍മ്മത്തിന് പോലും ഉണ്ടാക്കിയ കളങ്കം അത്രവലുതാണ്. മനുസ്മൃതി അതിന്റെ മൗലികരൂപത്തില്‍ ശുദ്ധവും പരിഷ്കൃതവും , പക്ഷപാതരഹിതവും ദുരാഗ്രഹമില്ലാത്തതും ഉത്തമാദര്ശയുക്തവുമാണ്: പ്രക്ഷിപ്തങ്ങള്‍ വന്നതോടെയാണ് അത് വികലമായത്.
മനുവിന്റെ കാലത്ത് സനാതനധര്‍മ്മം അകളങ്കമായിരുന്നു. എന്നാല്‍ കൂട്ടിച്ചേര്‍ക്കലിലൂടെ നമ്മുടെ പൂര്‍വ്വികര്‍ മാംസഭുക്കുകളും, യാഗങ്ങളില്‍ പശുഹിംസ ചെയ്തവരും ബഹുഭാര്യാത്വമുള്ളവരും ഒക്കെയാണെന്ന് വരുത്തിവെച്ചു. പ്രക്ഷിപ്തങ്ങള്‍ കാരണം ഈ ഗ്രന്ഥകര്‍ത്താവ് ആരെന്ന സംശയംപോലും വന്നുചേര്‍ന്നു. ഇന്ന് ആളുകള്‍ക്ക് മനുസ്മൃതിയോട് വെറുപ്പാണ്.സ്ത്രീകളെ നിന്ദിക്കുന്നവരുടെ നാടെന്ന് ഭാരതം ഇകഴ്ത്തപ്പെട്ടു.
2685 ശ്ലോകങ്ങളുള്ള മനുസ്മൃതിയില്‍ 1471 ശ്ലോകങ്ങളും പ്രക്ഷിപ്തങ്ങള്‍ ആണെന്നറിയുമ്പോഴാണ് നമുക്ക് അത്ഭുതം തോന്നുക . മനുസ്മൃതിയിലെ 12 അധ്യായങ്ങളിലും ഉള്ള ശ്ലോകങ്ങളില്‍ എത്ര പ്രക്ഷിപ്തങ്ങള്‍ എത്ര മൗലികങ്ങള്‍ എന്ന പട്ടിക നല്‍കുന്നതിലൂടെ വായനക്കാര്‍ക്ക് മൂലകൃതി സംശയലേശമന്യേ പഠനത്തിന് വിധേയമാക്കാനാവും.
മനുവിന്റെ സിദ്ധാന്തങ്ങള്‍ ഏതൊക്കെയെന്ന് മൂന്നാം അധ്യായത്തില്‍ വിശദീകരിക്കുന്നു. എന്താണ് മനുവിന്റെ കാലത്തെ വര്‍ണ്ണ വ്യവസ്ഥ; സ്ത്രീകളെകുറിച്ച് മനുവിന്റെ അഭിപ്രായം? ശൂദ്രനെന്ന കാഴ്ചപ്പാട് എന്താണ്? മനുവിന്റെ ദൃഷ്ടിയില് എന്താണ് സ്വര്‍ഗ്ഗനരകങ്ങള്‍, എന്താണ് പ്രായശ്ചിത്തം, മനുസ്മൃതിയിലെ സ്വത്തവകാശം, വിവാഹപ്രായം, ആയുര്‍വേദവും, വിവാഹകാലവും, വിഭിന്നമനുഷ്യഭാവങ്ങള്, ആരാണ് ഋഷി, ആരാണ് ദേവത പിതൃക്കള്‍ ആരാണ്? രാക്ഷസന്മാരും പിശാചുക്കളും ആരാണ്? ആര്യ അനാര്യന്മാര്ആര്? ആരാണ് ദസ്യുക്കള്‍ എന്നിങ്ങനെ മനുസ്മൃതിയുടെവായനയില് സംശയമുദിക്കാവുന്ന വിഷയങ്ങളെ നിരുക്താര്ത്ഥങ്ങളുടെ സഹായത്തോടെ വിവരിക്കുകയാണ് ലേഖകന്‍.തുടര്‍ന്ന് നാലാമദ്ധ്യായത്തില്‍ മനുപറയുന്ന പഞ്ചമഹായജ്ഞങ്ങളേയും ഷോഡശസ്ത്രക്രിയകളേയും സനാതന ആചാരങ്ങളേയും പരിചയപ്പെടുത്തുന്നു. ഓരോന്നിനേയും പട്ടികതിരിച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
സനാതനവൈദിക ധര്‍മ്മത്തേയും മനുസ്മൃതിയേയും അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരുചൂണ്ടുപലകയാണ് ഈ ഗ്രന്ഥം. ഒപ്പം ഇത്രയും കാലം മനുസ്മൃതിയെ വിമര്‍ശിച്ചവര്‍ക്കും ചുട്ടുകരിച്ചവര്ക്കുമുള്ള ചുട്ടമറുപടിയും. ഇതുകൊണ്ട് തന്നെ ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ ആചാര്യ എം.ആര്.രാജേഷ് സനാതന ധര്മ്മത്തിനേറ്റവലിയൊരു കളങ്കത്തെയാണ് കഴുകികളയുന്നത്.
പേജ് 80, വില: 80 കെ.വി.ആര് എഫ് പബ്ലിക്കേഷന്‍, കോഴിക്കോട്
>> ശശികമ്മട്ടേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: