കാസര്‍കോട്: കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എന്‍ഐഎയുടെ പിടിയിലായ കള്ളനോട്ട് കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി അബൂബക്കറെ അടുത്ത ദിവസം കാസര്‍കോട്, കണ്ണൂറ് ജില്ലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഏറെക്കാലമായി സൗദിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ രഹസ്യാന്വേഷണ ഏജന്‍സികളും വിദേശകാര്യമന്ത്രാലയവും സൗദി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യക്ക് കൈമാറിയത്. 2011 സെപ്തംബര്‍ 18ന് തളിപ്പറമ്പില്‍ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിലും കേരളത്തില്‍ വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയുമാണ് ഇയാള്‍. പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ട് സൗദിയിലേക്ക് ഒളിപ്പിച്ചു കടത്തി അബുബാദിയിലെത്തിച്ചാണ് അബൂബക്കര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. തീവ്രവാദ ബന്ധമുള്ള ഇയാളെ പിടികൂടിയതോടെ ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പാക്കിസ്ഥാനില്‍ അച്ചടിച്ച വ്യാജ കറന്‍സികള്‍ ഇന്ത്യയില്‍ എത്തിക്കുന്നിതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. സംഭവത്തിലെ വിദേശബന്ധം വ്യക്തമായതോടെയാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. തളിപ്പറമ്പ് കള്ളനോട്ട് സംഭവത്തില്‍ പിലാത്തറയിലെ വടക്കേപുരയില്‍ പ്രദീപ് കുമാര്‍, ഹോസ്ദൂര്‍ഗ്ഗ് കടപ്പുറത്ത് കമാല്‍ ഉമ്മര്‍ എന്ന കമാല്‍ഹാജി, എളയാവൂരിലെ എം.പി.ആശിക് എന്നിവരാണ് പിടിയിലായിരുന്നത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിനായി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: