കേന്ദ്ര സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന യുപിഎ എന്നു കേട്ടാല്‍ പൊടുന്നനെ അഴിമതിയെന്ന പര്യായപദം സ്മൃതിപഥത്തിലെത്തുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനാണ് മന്‍മോഹന്‍സിംഗ് നേതൃത്വം നല്കി വരുന്നത്. ഓരോ ദിവസം കഴിയുന്തോറും സര്‍ക്കാരിന്റെ മോശപ്പെട്ട പ്രതിഛായ ജനങ്ങളുടെ മുമ്പില്‍ കൂടുതല്‍ അരോചകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. 76,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയോട് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്നുതന്നെ ഭരണകൂടം പൊതു മുതല്‍ കൊള്ളയടിക്കുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദു:സ്ഥിതി തെളിഞ്ഞിട്ടുണ്ട്. കോമണ്വെല്ത്തിനുശേഷം ഉയര്‍ന്നുവന്ന ടുജി കുംഭകോണത്തില്‍ ഉള്‍പ്പെട്ട തുക 1.76 ലക്ഷം കോടിയായിരുന്നു. പിന്നീട് അരങ്ങുത്തുവന്ന കല്‍ക്കരിപ്പാട അഴിമതിയായ കോള്ഗേറ്റിലുള്പ്പെട്ട തുക 1.86 ലക്ഷം കോടിയായിരുന്നു. കോടതികളുടെ ഇടപെടലും അന്ത്യശാസനവും കൊണ്ടുമാത്രം അന്വേഷണ വിധേയമാക്കപ്പെട്ടവയാണ് കോമണ്‍വെല്‍ത്ത്-ടുജി സ്പെക്ട്രം അഴിമതികള്‍.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊള്ളയടിക്കപ്പെട്ട പൊതു മുതലിന്റെ കണക്ക് 8 ലക്ഷം കോടി ആണെന്ന് ഈയടുത്തകാലത്ത് ഒരു പ്രമുഖ വാരിക നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാട അഴിമതി തുടങ്ങിയവയെല്ലാം പ്രശ്നങ്ങളായി ഉയര്‍ത്തിക്കാട്ടുന്നതില്‍ സിഐജി ആണ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചത്. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, എയര്‍ ഇന്ത്യയ്ക്കു വേണ്ടി വിമാനം വാങ്ങിയതിലുള്ള അഴിമതി, ദല്‍ഹി എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണ സ്ഥലം നന്നാക്കല്‍ അഴിമതി, രാജ്യരക്ഷാ വകുപ്പ് സ്ഥലം കൈമാറ്റ കുംഭകോണം; ആയുധം വാങ്ങല്‍ കമ്മീഷന് ആരോപണം; അരിയും, വളവും വാങ്ങിയതിലുള്ള അഴിമതി തുടങ്ങി യുപിഎയ്ക്കെതിരേ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി കേസുകളുടെ പട്ടിക നീണ്ടതാണ്.
വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചറിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത ഭരണാധിപന്മാരാണ് ഇപ്പോള്‍ ദല്‍ഹിയില്‍ ഭരണം നിയന്ത്രിക്കുന്നത്. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടും ഇക്കാര്യത്തില്‍ കുറ്റകരമായ മൗനവും അനങ്ങാപ്പാറനയവുമാണ് കോണ്‍ഗ്രസ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ലോകമെമ്പാടും പ്രമുഖ രാജ്യങ്ങള്‍ സ്വിസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സ്വന്തം നാടുകളില്‍ കൊണ്ടുവന്ന് വികസനത്തിനും പുരോഗതിക്കുമായി ഉപയോഗിച്ചുവരുന്ന കാലമാണിത്. എന്നാല്‍ ഭാരത സര്‍ക്കാര്‍ അത്തരം കള്ളപ്പണക്കാരുടെ ലിസ്റ്റുകള്പോലും പരസ്യപ്പെടുത്തിയിട്ടില്ല. കള്ളപ്പണപ്രശ്നത്തിന്മേല് നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറല്ല. പ്രധാന പ്രതിപക്ഷമായ ബിജെപി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഭരണകൂടം ലിസ്റ്റ് വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറുകയാണ്. ഇതില്‍നിന്നുതന്നെ കൊള്ളക്കാരായ നിക്ഷേപകര്‍ ഭരണകൂടത്തിന്റെ അകത്തളങ്ങളിലുള്ളവരാണെന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു. കള്ളപ്പണം ഒരു ഗുരുതരപ്രശ്നമായി രംഗം നിറയുന്നതിന് അരവ്യാഴവട്ടക്കാലം മുമ്പുതന്നെ ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കള്ളപ്പണം പിടിച്ചെടുത്ത് ജനക്ഷേമത്തിനുപയോഗിക്കാന്‍ വേണ്ടി മുറവിളികൂട്ടിയ നേതാവാണ് എല്‍.കെ. അദ്വാനി.
ഭാരതീയ ജീവിതക്രമത്തിന്റെ അടിസ്ഥാനം സംശുദ്ധമായ പൊതുജീവിതം അതുറപ്പു നല്കുന്നു എന്നുള്ളതാണ്. അഴിമതി ആരോപണത്തിന് വിധേയരായാല്‍ നിരപരാധിത്വം തെളിയിക്കുന്നതുവരെ അധികാര സ്ഥാനങ്ങളില്‍ നിന്നും കുറ്റാരോപിതര്‍ മാറി നില്ക്കുന്ന രീതിയാണ് നാം അവലംബിച്ചുവരുന്നത്. അഴിമതി ആരോപണത്തിന് വിധേയരായവരെ സമൂഹം സംശയത്തോടെ വീക്ഷിക്കുകയും പൊതുസമൂഹത്തില്‍ അവര്‍ക്ക് വലിയിടിയുകയും ചെയ്യുന്നുണ്ട്. കുറ്റാരോപണം തെറ്റെന്ന് തെളിയിക്കപ്പെട്ട് അഗ്നിശുദ്ധിവരുത്തി രാജനൈതികതയുടെ നിയാമകരംഗങ്ങളില് കത്തിജ്വലിച്ച് ശോഭ പരത്തിയ എത്രയോ രാഷ്ട്രീയ നേതാക്കന്മാര് നമ്മുടെ നാട്ടിലുണ്ട്. അഴിമതിക്കേസ്സില്പ്പെട്ടാല് കുറ്റാരോപിതര്‍ സ്ഥാനത്യാഗം ചെയ്ത് മാറിനില്‍ക്കുകയാണ് ഇവിടത്തെ പതിവ് രീതി. എന്നാലിപ്പോള്‍ സ്ഥിതി മറിച്ചാണ്. അഴിമതിക്കാര്‍ വാഴ്ത്തപ്പെട്ടവരായി ഇവിടെ വിലസുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉന്നതന്മാര് സംശയത്തിന്റെ കരിനിഴലില്പ്പെടുന്ന അപകടസ്ഥിതിയോളം കാര്യങ്ങള്‍ മേലോട്ടുയരുന്നു.
ഭരണകൂടം അഴിമതിക്കാര്‍ക്ക് കീഴടങ്ങി കുറ്റക്കാരെ വെള്ളപൂശുന്ന സമീപനം ഭാരതീയ സമൂഹം ഒരിക്കലും അംഗീകരിക്കാറില്ല. യുപിഎ ഭരണകൂടത്തിന്റെ അഴിമതിയോടുള്ള സമീപനം ആപത്കരമാണ്. എന്തുവില കൊടുത്തും അഴിമതിക്കാരെ വെള്ളപൂശി സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ മന്ത്രിസഭയും ശ്രമിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ സുബ്രഹ്മണ്യന്‍സ്വാമി കഴിഞ്ഞ ദിവസം സോണിയക്കും കുടുംബത്തിനുമെതിരെ പ്രസിദ്ധപ്പെടുത്തിയ അഴിമതി രേഖകള്‍ വരെ കോണ്‍ഗ്രസ്സും ഇന്ത്യന്‍ ഭരണകൂടവും കാര്യമാക്കാന്‍ തയ്യാറല്ല. അഴിമതിയെ നേരിടുന്ന കാര്യത്തില്‍ സോണിയ-മന്മോഹന് സമീപനവും ഇടപെടലുകളും തടസ്സങ്ങളായി മാറിക്കഴിഞ്ഞു.
അഴിമതി ആരോപണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഈയടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വളരെ അപകടകരമായ ഒരു പുതിയ ശൈലി സ്വീകരിച്ചിരിക്കുകയാണ്. പൊതുരംഗത്തെ അഴിമതി സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കോടതി മുമ്പാകെ ആക്ഷേപക്കാര്‍ പൊയ്ക്കൊള്ളണമെന്നതാണ് പുതിയ ഭരണപക്ഷ നിലപാട്. ഇത്രയും കാലം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയെങ്കിയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും ചില സംഭവങ്ങളിലെങ്കിലും കുറ്റാരോപിതരെ ചുമതലകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനും അവര്‍ തയ്യാറായിരുന്നു. വിറയ്ക്കുന്ന കൈകളോടെയെങ്കിലും കോണ്‍ഗ്രസ് അന്വേഷണത്തിന് ഉത്തരവിട്ട സംഭവങ്ങള്‍ ചരിത്രത്തില്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ഇപ്പോള്‍ വധേരയ്ക്കെതിരേ ഉയര്‍ന്നുവന്ന ഹരിയാനയിലെ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷണത്തിനുപോലും കോണ്‍ഗ്രസ് തയ്യാറല്ല. സോണിയയ്ക്കും രാഹുലിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ചും അന്വേഷണത്തിന് കോണ്‍ഗ്രസ് തയ്യാറല്ല.
സോണിയയ്ക്കും രാഹുലിനുമെതിരെ 1600 കോടി രൂപയുടെ വെട്ടിപ്പ് സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചപ്പോഴും കോണ്‍ഗ്രസ് തള്ളാനും കൊള്ളാനും ആര്‍ജ്ജവം കാട്ടാതെ കോടതിവഴി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിസ്പന്ദമാണു നടത്തിയത്. അഴിമതിയുടെ കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരന്റെ റോളില്‍ കോടതിയില്‍ കേസു കൊടുത്ത് പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ നിലപാട് അപഹാസ്യമാണ്. അഴിമതിക്കു മാന്യത നല്‍കാനും വെള്ളപൂശാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുഖം നോക്കാതെ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയാണ് വേണ്ടത്.
രാജ്യം കണ്ട മോശപ്പെട്ട അഴിമതി ആരോപണളെല്ലാം ഉയര്‍ന്നു വന്നിട്ടുള്ളത് സാഹചര്യ തെളിവുകള്‍ ബോധ്യപ്പെടുന്നവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവിന്റെ അംശമുണ്ടെങ്കില്‍ ഔദ്യോഗിക സംവിധാനംവഴി നടപടി സ്വീകരിക്കുകയാണ് പതിവ് രീതി. അത്തരക്കാരോട് കോടതിയെ സമീപിക്കാന്‍ പറയുന്നത് ജനാധിപത്യവിരുദ്ധവും നീതിനിഷേധിക്കലുമാണ്. കോടതിയില്‍ ഒരു ആരോപണം സംശയാതീതമായി തെളിയിക്കാന്‍ സാധാരണഗതിയില്‍ ഒരു സ്വകാര്യവ്യക്തിക്ക് എളുപ്പമല്ല. അഴിമതിയും ക്രമക്കേടുകളും ഉന്നതന്മാര് ചെയ്യുമ്പോള്‍ അത് ഗോപ്യമായിരിക്കും. സര്‍ക്കാര്‍ ഫയലുകളില്‍ സാധാരണ പൗരന് ഇന്ത്യയില്‍ പ്രവേശനം പരിമിതമാണ്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്കുന്ന വ്യവസ്ഥ നിലവിലുള്ള നമ്മുടെ രാജ്യത്ത് ഒരു അഴിമതി സംഭവം എത്ര ആത്മാര്‍ത്ഥമായി ശ്രമിച്ചാലും കോടതിയില്‍ കേസ് നല്കി തെളിവിലൂടെ കുറ്റക്കാരനെ ശിക്ഷിപ്പിക്കാന്‍ സ്വകാര്യ വ്യക്തിക്ക് എളുപ്പമല്ല. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഭരണതലത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റമെത്തിക്കുകയാണ് ചെയ്യുന്നത്. യുപിഎ പ്രസ്തുത കീഴ്വഴക്കത്തെ അട്ടിമറിക്കുകയാണ്. അഴിമതി ആരോപണമുന്നയിക്കാനുള്ള പൗരന്റെ അവകാശത്തെപ്പോലും സര്‍ക്കാരിവിടെ ചവിട്ടിമെതിക്കുകയാണ്. അഴിമതിയെ പൊതുവല്ക്കരിക്കാനും സ്ഥിരപ്പെടുത്തി നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായിരുന്ന ഫിറോസ്ഗാന്ധി എല്‍ഐസി ഷെയര്‍ കുംഭകോണം പാര്‍ലമെന്റിലുന്നയിച്ച ആഞ്ഞടിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഇതിന്റെ ആഘാതത്തില്‍ ധനകാര്യമന്ത്രി ടി.ടി. കൃഷ്ണമാചാരി കടപുഴകിവീണു. ഫിറോസ് പിന്നീട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് “എന്റെ മനസ്സിന്റെ അസ്വസ്ഥത ആശ്വാസം തേടിയപ്പോഴാണ് ഈ ആരോപണം പാര്‍ലമെന്റിലെത്തിയത്” എന്നായിരുന്നു. അഴിമതി കണ്ടാല്‍ അസ്വസ്ഥമാകുന്ന മനസ്സിന്റെ ഉടമകളെയാണ് നാടിന്നാവശ്യം. എന്നാല്‍ അഴിമതിയില്‍ അഭിരമിക്കുന്നവരും ആനന്ദനൃത്തം ചെയ്യുന്നവരുമാണ് കോണ്‍ഗ്രസ്സിന്റെ കൂടാരങ്ങളിലുള്ളത്. എന്തിനധികം പറയുന്നു ഫിറോസിന്റെ പിന്‍ഗാമികള്‍ തന്നെയല്ലേ അഴിമതിയെ ശക്തമായി നെഞ്ചിലേറ്റി ആവോളമിവിടെ ആസ്വദിക്കുന്നത്? വര്‍ത്തമാന ഇന്ത്യന്‍ ദുരന്തം ഈ കാപട്യമാണ്.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: