ഇന്ത്യ മഹാരാജ്യത്ത് എത്ര ജില്ലകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ 640 എന്ന് പിഎസ്സി പരീക്ഷയ്ക്കുവേണ്ടി ‘മുക്രാ’യിടുന്ന ഏതു ഉദ്യോഗാര്‍ത്ഥിയും പറയും. ഈ 640 ജില്ലയില്‍ ആലപ്പുഴ ജില്ലയ്ക്ക് എത്രാമത് സ്ഥാനം എന്നുചോദിച്ചാല്‍ ഉദ്യോഗാര്‍ത്ഥി പതറും, എന്നിട്ടും മറുചോദ്യമായിരിക്കും ചോദിക്കുക. കള്ളുഷാപ്പുകളുടെ എണ്ണം, സഖാക്കളും എണ്ണം, ക്വട്ടേഷന്‍ സംഘങ്ങള്‍, കത്തി നശിക്കുന്ന ഹൗസ് ബോട്ടുകള്‍, ഹൗസ് ബോട്ടില്‍നിന്ന് വെള്ളത്തില്‍ വീണു ചാകുന്നവര്‍ എന്നീ കണക്കുകളെടുത്താല്‍ ആലപ്പുഴ ജില്ലയാണ് ഏറ്റവും മുന്നില്‍. കേന്ദ്രമന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും ആലപ്പുഴ ജില്ല തന്നെ മുന്നില്‍. പുതുമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് ജില്ലയ്ക്ക് ഈ അസുലഭ സൗഭാഗ്യം കൈവന്നത്. നാല് മന്ത്രിമാരുള്ള മറ്റേതെങ്കിലും ജില്ലയുണ്ടോയെന്ന് ഈ 640 എണ്ണത്തില്‍നിന്ന് ‘സോര്‍ട്ട് ഔട്ട്’ ചെയ്യാന്‍ അല്‍പ്പം നേരമെടുക്കും.
പാര്‍ട്ടിയില്‍ ആദ്യം വന്നയാളെങ്കിലും വയലാര്‍ജി കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധവകുപ്പ് മന്ത്രി ആന്റണിജിക്ക് വളരെ പിന്നിലാണ്. പ്രവാസകാര്യനായ അദ്ദേഹത്തിന്റെ വകുപ്പുകൊണ്ട് എന്ത് പ്രയോജനമെന്ന് ഒരു പ്രവാസിക്കുപോലും തിട്ടമില്ല. ഒരു കാര്യവുമില്ലാത്ത ഒന്നാണ് പ്രവാസികാര്യമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരായ ചില ‘ക്രിമിനല്‍ പുള്ളികള്‍’ പറയുന്നത്. ഈ രണ്ടു ക്യാബിനറ്റന്‍മാര്‍ കഴിഞ്ഞാല്‍ ജില്ലയില്‍നിന്നുള്ള രണ്ടു സഹമന്ത്രിമാരാണ് കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും. കേരളത്തിന് വൈദ്യുതി ചോര്‍ത്തുന്നുവെന്ന് ആര്യാടന് പറഞ്ഞതുകൊണ്ടാണ് വേണുഗോപാലിന് ‘ഊര്‍ജ്ജം’ മാറ്റി വ്യോമയാനം കൊടുത്തത്. ഇതാകുമ്പോള്‍ വല്ലപ്പോഴും വിമാനത്തില്‍ കേരളത്തില്‍ എത്താം, ഉടന്‍ തന്നെ മടങ്ങിപ്പോരുകയുമാവാം. 1996 മുതല്‍ വേണുഗോപാല്‍ ആലപ്പുഴ പ്രതിനിധീകരിക്കുകയാണ്. ആദ്യം എംഎല്‍എ, മന്ത്രി, പിന്നെ എംപി, കേന്ദ്രമന്ത്രി. ആലപ്പുഴയിലെ മുന്‍ മാര്‍ക്സിസ്റ്റ് മന്ത്രിമാരായ ‘സുധാകര-ഐസക്ക് ചങ്ങാത്തം’ കാരണം അടുത്ത 20 വര്‍ഷത്തേയ്ക്ക് ആലപ്പുഴയെക്കുറിച്ച് വേണുഗോപാലിന് പേടിവേണ്ട.
25 വര്‍ഷം മുമ്പു തുടങ്ങിവെച്ചതാണ് ആലപ്പുഴ ബൈപാസ്. വാടക്കനാലിലെ പായല്‍ പല കുറി വാരി കോടികള്‍ തുലച്ചിട്ടും ബൈപാസ് തുടങ്ങിയ ഇടത്തുതന്നെ നില്ക്കുന്നു. വകുപ്പ് വ്യോമയാനമായതുകൊണ്ട് ബൈപാസ് ആകാശത്ത് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി ആലോചന.
യുവാക്കള്‍ക്ക് പുതുതായി തൊഴിലൊന്നും കൊടുക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള സ്ഥിതിക്ക് പുതിയ തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന് കേരളത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ല. 25000 പേര്‍ക്ക് ഉടന്‍ തൊഴില്‍ എന്ന് ആക്രോശിച്ച് അധികാരത്തില്‍ വന്നിട്ട് ഇപ്പോള്‍ പറയുന്നു, യുവാക്കള്‍ സ്വയം തൊഴില്‍ സംരംഭകരാകണമെന്ന്. ആണല്ലോ, കാരുണ്യ ലോട്ടറിയില്‍ സംരംഭകത്വം നടത്തുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ ആലപ്പുഴ ജില്ലയിലുണ്ട്.
മന്ത്രിയാകുന്നതിന് മുന്നോടിയായി കൊടിക്കുന്നില്‍ സുരേഷ്, മുന്‍ മന്ത്രി ആര്.ബാലകൃഷ്ണ പിള്ളയുടെ അനുഗ്രഹം വാങ്ങിയതു നന്നായി. അഴിമതി നടത്തുംമുമ്പ് അഴിമതിക്ക് ശിക്ഷിക്കപ്പെട്ടു ജയില്‍ കിടന്ന ഒരാളുടെ അനുഗ്രഹം ശുഭദായകമാണ്. ഏതിനും വേണമല്ലോ ഒരു മുന്നൊരുക്കം. സ്വന്തം മകനുള്‍പ്പെടെ ആരെയും അനുഗ്രഹിക്കാന്‍ വശമില്ലാതിരിക്കുന്ന പിള്ളയ്ക്ക് കൊടിക്കുന്നിലിനെ അനുഗ്രഹിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി.
ജനത്തിന്റെ മറവിയില്‍ അഴിമതി അലിഞ്ഞുപോകും എന്നതാണ് ശശി തരൂരിന്റെ അനുഭവം. മാനവശേഷിയാണ് അദ്ദേഹത്തിന്റെ വകുപ്പ്. 25 ല്‍ താഴെയുള്ള യുവതികളുടെ ഭാവി സുരക്ഷിതമായി. യുവാക്കളുടെ കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. അവര്‍ക്കൊക്കെ പഴയ ഐപിഎല്‍ ‘വിയര്‍പ്പോഹരി’യുടെ ഒരു വിഹിതം നല്‍കുമായിരിക്കും. അതുകൊണ്ട് ആലപ്പുഴ ജില്ലക്കാര്‍ അധികം ഞെളിയരുത്, ഒടിഞ്ഞുപോകും.
>> കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: