ന്യൂദല്‍ഹി: കള്ളപ്പണം സംബന്ധിച്ച് അമര്‍സിംഗിനെതിരായ കേസ് പിന്‍വലിച്ചതിനെതിരെ വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് രംഗത്തെത്തി. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് അമര്‍സിംഗിനെതിരായ കേസ് പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചതിന് തൊട്ടുപിറകെയാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി കേജ്രിവാള് രംഗത്തെത്തിയത്. അമര്‍സിംഗിനെതിരായ കേസ് പിന്‍വലിച്ചത് ലജ്ജാകരമാണെന്നും ഇത്തരം ക്രിമിനല്‍ രീതിയെ തങ്ങള്‍ അംഗീകരിക്കില്ലെന്നും കേജ്രിവാള് പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്രിവാള് തന്റെ അമര്‍ഷം അറിയിച്ചത്. കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരായ കേസുകള്‍ പിന്‍വലിക്കാനായിരിക്കും മുലായത്തിന്റെ അടുത്ത നീക്കം. പകരം മുലായത്തിനെതിരെയുള്ള കേസുകള്‍ കോണ്‍ഗ്രസും പിന്‍വലിക്കും. ഇതെല്ലാം കാത്തിരിന്നു കാണാമെന്നും കേജ്രിവാള് പറഞ്ഞു.
2009ല്‍ മായാവതി സര്‍ക്കാരിന്റെ കാലത്താണ് അമര്‍സിംഗിനെതിരെ കള്ളപ്പണക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2010ല്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ അമര്‍സിംഗിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ലോകമാഞ്ച് എന്ന പാര്‍ട്ടി അമര്‍സിംഗ് രൂപീകരിച്ചു. കള്ളപ്പണക്കേസില്‍ ബോളിവുഡ് നടന് അമിതാബ് ബച്ചന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സമാജ്വാദി പാര്‍ട്ടിയിലേക്കുള്ള അമര്‍സിംഗിന്റെ മടങ്ങിപ്പോക്കാണ് കേസ് പിന്‍വലിച്ചതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ അമര്സിംഗിനെതിരെയുള്ള കേസ് പിന്‍വലിച്ചത് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് രസിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേജ്രിവാള് വിദേശഏജന്റാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി കുറ്റപ്പെടുത്തി. രാജ്യത്ത് അസ്ഥിരതസൃഷ്ടിക്കാന് വിദേശശക്തികള്‍ കൊണ്ടുവന്ന പാവയാണ് കേജ്രിവാള്. ഫറൂക്കാബാദില്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്ന കേജ്രിവാള് ഫൈസാബാദില്‍ സമുദായകലാപത്തെത്തുടര്ന്ന് ചെലവാക്കപ്പെട്ട കോടിക്കണക്കിന് രൂപയെപ്പറ്റി മൗനം പാലിക്കുകയാണെന്നും കമ്മറ്റി ആരോപിച്ചു. പ്രശാന്ത് ഭൂഷണെപ്പോലെയുള്ള റവന്യൂ കള്ളന്മാരുടെ ഒപ്പമാണ് കേജ്രിവാളിന്റെ നടത്തമെന്നും കമ്മറ്റി പറഞ്ഞു. രാഷ്ട്രീയക്കാരെപ്പറ്റി കള്ളക്കഥകള്‍ കെട്ടിച്ചമച്ച് പറയുന്ന കേജ്രിവാള് അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും പറയണമെന്നും കമ്മറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: