വാഷിംഗ്ടണ്‍: ഒക്ടോബറില്‍ യുഎസ് സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 171,000 തൊഴില്‍ അവസരങ്ങളാണ് പുതുതായി സൃഷ്ടിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കഴിഞ്ഞമാസം ജോലി നേടാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ രാജ്യത്ത് ഒരു മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നാണ് തൊഴില്‍വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ 7.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 7.9 ആയി വര്‍ധിച്ചു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം തൊഴിലില്ലായ്മ സംബന്ധിച്ചുള്ളതാണ്.
ഒബാമ ഭരണകൂടത്തിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി എടുത്തുപയോഗിക്കുന്ന പ്രധാന പ്രചാരണായുധവും തൊഴിലില്ലായ്മയാണ്. ഏകദേശം രണ്ടേകാല്‍ കോടിയിലേറെ അമേരിക്കക്കാര്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട്. ഒബാമ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റെടുത്തതിനു ശേഷമാണ് തൊഴിലില്ലായ്മ ഇത്രത്തോളം വഷളായതെന്ന് റോംനി ആരോപിക്കുന്നു.
എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 84,000 തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി ഭരണപക്ഷം പറയുന്നു. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇത്രയധികം തൊഴിലുകള്‍ അധികമായി സൃഷ്ടിക്കാന്‍ കഴിഞ്ഞതു ഭരണനേട്ടമായാണ് ഒബാമ ഉയര്‍ത്തിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: