ശ്രീനഗര്‍: മുസ്ലീം പുരുഷന്മാര്ക്ക് ഭാര്യമാരെ മൊഴിചൊല്ലാന്‍ പൂര്‍ണ അധികാരമോ അംഗീകാരമോ ഇല്ലെന്ന് ജമ്മു കാശ്മീര്‍ ഹൈക്കോടതി. ജസ്റ്റിസ് ഹസ്നെന്‍ മസൂദിയാണ് 23 പേജു വരുന്ന വിധിന്യായത്തില്‍ ശരീയത്ത് നിയമങ്ങളെയും ഖുറാനിലെ വചനങ്ങളും ഉദ്ധരിച്ച് മുസ്ലീം പുരുഷന്മാര്ക്ക് തലാഖ് ചൊല്ലാന്‍ പൂര്‍ണ അധികാരമോ അംഗീകാരമോ ഇല്ലെന്ന് വ്യക്തമാക്കുന്നത്.
ശരീയത്തിന്റെ മൗലികതയെ അടിസ്ഥാനമാക്കി ഇസ്ലാം മതത്തിലെ വിവാഹസങ്കല്‍പ്പത്തെ വിലയിരുത്തണമെന്ന് വിവാഹക്കരാറിലേര്പ്പെടാനുള്ള കക്ഷികളുടെ അവകാശത്തെയും അത് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ശൈലിയും തരവും ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. വിവാഹബന്ധം തുടരാനുള്ള സാഹചര്യം ഒരുതരത്തിലും ഇല്ലാതിരിക്കുകയും വിവാഹക്കരാര്‍ പാലിക്കാന്‍ കക്ഷികള്‍ക്ക് സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമെ ബന്ധം വേര്‍പെടുത്തല്‍ ഇസ്ലാം അനുവദിക്കുന്നുള്ളൂ. എല്ലാ അര്‍ഥത്തിലും വിവാഹബന്ധം പൂര്‍ണമായും തകര്‍ന്നാല്‍ മാത്രമെ തലാഖ് അനുവദിക്കാവൂ എന്നാണ് ഇസ്ലാമിക കാഴ്ചപ്പാടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വേര്‍പിരിയല്‍ അഥവാ തലാഖ് ഇസ്ലാമിനുള്ളില് മൂന്നു തരത്തിലാണെന്ന് കോടതി വിലയിരുത്തി. തലാഖ് ഇ അഹ്സന് എന്ന ഒന്നാമത്തെ രീതിയില്‍ രണ്ട് ആര്ത്തവകാലത്തിനിടയ്ക്ക് ശാരീരികബന്ധം പുലര്ത്താനാകാത്തവണ്ണം തടസ്സങ്ങള്‍ വന്നാല്‍ ഒരുവട്ടം തലാഖ് ചൊല്ലി പിരിയാം. തലാഖ് ഇ ഹസന് എന്ന രണ്ടാമത്തെ സംവിധാനത്തിലാകട്ടെ മൂന്ന് ആര്ത്തവകാലത്തിനിടയ്ക്ക് ഏതെങ്കിലും കാരണത്താല്‍ ശാരീരികബന്ധത്തിന് സാധിച്ചില്ലെങ്കില്‍ മൂന്നു തവണ തലാഖ് ചൊല്ലി പിരിയാം. മൂന്നാമത്തെ തലാഖ് ഇ ബിന്ദി സംവിധാനത്തില്‍ രണ്ട് ആര്ത്തവകാലത്തിനിടയ്ക്ക് ഒരു വാചകത്തിലോ മൂന്നു വാചകത്തിലോ മൂന്നു തവണ തലാഖ് ചൊല്ലുകയോ എഴുതിക്കൊടുക്കുകയോ അതോ ഭര്‍ത്താവ് മേറ്റ്ന്തെങ്കിലും വിധത്തില്‍ വേര്‍പിരിയില്‍ വെളിപ്പെടുത്തുകയോ ചെയ്യുന്നതാണ്. മൂന്നാമത്തെ തലാഖ് ഇ ബിന്ദി സംവിധാനം ഏറ്റവും നിരുത്സാഹപ്പെടുത്തേണ്ടതും അകറ്റിനിര്ത്തപ്പെടേണ്ടതുമാണെന്നും വേര്‍പിരിയലിന് തലാഖ് ഇ അഹ്സന് മാത്രമാണ് ഉചിതമെന്നും ജസ്റ്റിസ് മസൂദി പറഞ്ഞു.
ഇതാണ് വേര്‍പിരിയലിന് ഏറ്റവും ഉത്തമമായ മാര്‍ഗമെന്ന് ഖുറാനിലെ ആയത്തുകള്‍ ചൂണ്ടിക്കാട്ടി ജഡ്ജി വ്യക്തമാക്കി. ഭാര്യാഭര്ത്താക്കന്മാരുടെ തുല്യ അവകാശങ്ങളും അധികാരങ്ങളും ഓര്‍മപ്പെടുത്തിയ ജഡ്ജി വിധിന്യായത്തില്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് കുടുംബം മുന്നോട്ടുകൊണ്ടു പോകാനുള്ള തുല്യചുമതലയും ഖുറാനിലെ വിവിധ വചനങ്ങള്‍ ഉപയോഗിച്ച് എടുത്തു കാട്ടി.
ദമ്പതിമാരിലാര്ക്കും പ്രത്യേക പരിഗണന ഇസ്ലാം നല്‍കുന്നില്ലെന്നും 30-ാം അധ്യായത്തിലെ 21-ാം സൂറ ലിംഗവിവേചനം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത് മുസ്ലീം പുരുഷനെന്നോ സ്ത്രീയെന്നോ പ്രത്യേകം വ്യവച്ഛേദിക്കുന്നില്ല. ദൈവം പുരുഷനു വേണ്ടി സ്ത്രീയെ സൃഷ്ടിച്ചിരിക്കുകയാണെന്നോ മറിച്ചോ പറഞ്ഞിട്ടില്ല. മറിച്ച് ഇണകളെ സൃഷ്ടിച്ചതായും അത് ദൈവകാരുണ്യത്തിന് തെളിവാണെന്നും പറയുന്നു. ഇത് പുരുഷനും സ്ത്രീയും വിവാഹത്തില്‍ തുല്യപങ്കാളികളാണെന്നു വ്യക്തമാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യാഭര്ത്താക്കന്മാരെ മാതൃകാദമ്പതികള്‍ എന്നര്‍ഥം വരുന്ന സ്വാജ് എന്ന പദം കൊണ്ടാണ് ഖുറാന് വിശേഷിപ്പിക്കുന്നത്. ഇതും ഇസ്ലാമില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യഅവസ്ഥാണുള്ളതെന്ന് വ്യക്തമാക്കുന്നതായി ജസ്റ്റിസ് പറഞ്ഞു.
ഭാര്യയെ സംരക്ഷിക്കാനുള്ള കടമ മറന്നു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗമല്ല തലാഖ്. ഭാര്യയെ ഉപേക്ഷിക്കാനുള്ള തക്കതായ കാരണം ഭര്‍ത്താവ് ബോധ്യപ്പെടുത്തേണ്ടതാണ്. നീതിമാന്മാരായ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ വേണം തലാഖ് ചൊല്ലേണ്ടത്. അത് രണ്ട് ആര്ത്തവകാലത്തിനിടയ്ക്കായിരിക്കുകയും വേണം. ഈ കാലത്തിനിടയ്ക്ക് ദമ്പതികള്‍ തമ്മില്‍ ശാരീരികബന്ധം പുലര്‍ത്താനും ഇടയാകരുത്. ഇതൊക്കെ ഖുറാന് വിശദീകരിക്കുന്നുണ്ട്. തലാഖിന്റെ വിശദീകരണം നല്കി കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: