ആലുവ: തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള കവര്‍ച്ചാ സംഘം ആലുവയിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തിയതിനെത്തുടര്‍ന്ന് ആലുവ നഗരത്തില്‍ രാത്രികാല വാഹന പരിശോധനകള്‍ കര്‍ശനമാക്കി. രാത്രി ഒരുമണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിക്കുന്നുണ്ട്. സംശയം തോന്നുന്ന വാഹന ഡ്രൈവര്‍മാരെ ചോദ്യം ചെയ്യും.
അതുപോലെ കടത്തിണ്ണകളില്‍ തങ്ങുന്നവരെയും വിശദമായി നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ കൂടുതലായി തങ്ങുന്ന പ്രദേശങ്ങളില്‍ താല്‍ക്കാലികമായി താമസത്തിന് ആരെങ്കിലും എത്തുന്നുണ്ടോയെന്നതും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ ആലുവായില്‍ മോഷണം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. വീട്ടുടമസ്ഥരെ അക്രമിച്ചാണ് കവര്‍ച്ച നടത്തുന്നത്. കവര്‍ച്ച നടത്തിയശേഷം ഇവര്‍ നഗരം വിടുകയും ചെയ്യും. അതുകൊണ്ടുതന്നെ പല കേസുകളിലും പ്രതികളെ പിടികൂടുവാനും കഴിയുന്നില്ല.
ജനമൈത്രി സജീവമായിരുന്നപ്പോള്‍ വലിയൊരു പരിധിവരെ മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിരുന്നതാണ്. രാത്രികാല റോന്തു ചുറ്റലിനുമായി മാത്രമായി കൂടുതല്‍ പോലീസുകാരെ നഗരത്തിലേക്ക് നിയോഗിക്കണമെന്നാവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.
നഗരത്തിലെ പല കച്ചവടക്കാരും ഇപ്പോള്‍ സെക്യൂരിറ്റികളെ നിയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലേക്ക് മോഷ്ടാക്കള്‍ വഴിമാറാന്‍ കാരണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: