കേരളം ഇന്ന് ഭരിക്കുന്നത് സംഘടിത മതന്യൂനപക്ഷ ശക്തികളാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും മുഖ്യമായും മുസ്ലീം ക്രിസ്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ബജറ്റിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ഇവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലൂടെയാണ്. ഇവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയെ അതിജീവിക്കാന്‍ വേണ്ട ശക്തിഇന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനില്ല. ഈ സാഹചര്യം കേരളത്തില്‍ സാമൂഹ്യമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഹിന്ദു താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ന്യായമായും ഹിന്ദുവിന് ലഭിക്കേണ്ട അവസരങ്ങള്‍ നിഷേധിക്കുകയാണ്. ഗ്രാമീണ തലം മുതല്‍ സംസ്ഥാന തലംവരെ സംഘടിത മതശക്തികളുടെ ആധിപത്യം ദൃഢമാവുകയാണ്.
ഈ സാഹചര്യത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് കൂടിയാവണം കേരളത്തില്‍ ഇന്ന് ഒരു ഹിന്ദു ഏകീകരണത്തിനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടുള്ളത്. പ്രബല സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. മറ്റ് ഹിന്ദു സംഘടനകളും ഈ ഹിന്ദു ഐക്യ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചുവരികയാണ്. നേതാക്കന്മാരുടെ ആഹ്വാനങ്ങള്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്.
എന്നാല്‍ ഹിന്ദുഐക്യം സംഘടനകളുടെ ഐക്യമാണോ? നേതാക്കന്മാരുടെ ഐക്യമാണോ? കേരളത്തിലെ ഹിന്ദു ഏകീകരണത്തിന്റെ ചരിത്രം നിരാശാജനകമാണ്. ഐക്യം രൂപപ്പെട്ടു വന്ന അവസരങ്ങളിലെല്ലാം അതിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്. നേതാക്കന്മാരെ കയ്യിലെടുത്തുകൊണ്ട് അല്ലെങ്കില്‍ സ്വാധീനിച്ചുകൊണ്ട്, അതുമല്ലെങ്കില്‍ ബ്ലാക്ക്മെയില്‍ ചെയ്തുകൊണ്ട്, രാഷ്ട്രീയക്കാര്‍ വിജയിക്കാറാണ് പതിവ്. ഈ അനുഭവങ്ങള്‍ ജനങ്ങളില്‍ സംശയം ഉളവാക്കുന്നുണ്ട്. കൂടുതല്‍ കരുതലോടെ കൂടുതല്‍ സത്യസന്ധമായി നേതാക്കന്മാര് പെരുമാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇപ്പോഴത്തെ ഹിന്ദു ഐക്യ പ്രവര്‍ത്തനങ്ങള്‍ പ്രതിക്രിയാത്മകമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന അതിരു കടന്ന ന്യൂനപക്ഷ പ്രീണനവും ആ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സംഘടിത മതന്യൂനപക്ഷങ്ങള്‍ പൊതുജീവിതത്തില്‍ ചെലുത്തുന്ന ആധിപത്യവും അതിലൂടെ ഹിന്ദു സമൂഹത്തിന് ഉണ്ടാവുന്ന നീതിനിഷേധവും പാര്‍ശ്വവല്‍ക്കരണവും ഇപ്പോഴത്തെ ഹിന്ദു ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ ഹിന്ദു ഐക്യം സാമാന്യ ഹിന്ദു സമൂഹത്തില്‍ ഉണ്ടാവുന്ന ഹിന്ദുജാഗരണമാണ്. ഇപ്പോള്‍ ഹിന്ദു സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുജാഗരണമാണ്, സാമുദായിക സംഘടനകളെ പോലും ഹിന്ദു ഐക്യത്തിന് വേണ്ടി ചിന്തിപ്പിക്കാത്തത്. ഹിന്ദു ഐക്യത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ ലഭിക്കുന്ന ആവേശകരമായ സ്വീകരണവും ഹിന്ദുഐക്യത്തിന് നിരക്കാത്തവിധം പെരുമാറുമ്പോള്‍ ഉണ്ടാവുന്ന വിമര്‍ശനവും ജനങ്ങളുടെ മനോവികാരങ്ങളുടെ പ്രകടനമാണ്. ഇതിന്റെ സ്വാഭാവികമായ സ്വാധീനമാണ് നേതാക്കളിലൂടെ പ്രകടമാവുന്നത്. എന്നാല്‍ ഐക്യത്തിന്റെ സ്ഥായിയായ അടിത്തറ സമ്പൂര്‍ണ സമൂഹത്തിലും ഉണ്ടാവുന്ന സാംസ്ക്കാരിക നവോത്ഥാനമാണ്. സാമൂഹ്യബോധമാണ്. സ്വാമി വിവേകാനന്ദന് പറഞ്ഞപോലെ എപ്പോഴാണൊ ഹിന്ദു എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിരകളില്‍ മിന്നല്‍ പിണരുണ്ടാവുന്നത് അപ്പോള്‍ മാത്രമേ നീയൊരു യഥാര്‍ത്ഥ ഹിന്ദു ആവുകയുളളൂ. ഈ നവോത്ഥാനത്തിന് വഴിയൊരുക്കാന്‍ ലഭിച്ചിരിക്കുന്ന ഒരു അസുലഭ അവസരമാണ് സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷം.
ഹിന്ദുത്വത്തിന്റെ മര്‍മ്മം അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ സന്ദേശം പഠിക്കണം. സ്വാമിജിയിലൂടെ ഇന്ത്യയെ അറിയണം. മഹാകവി ടാഗോര്‍ പറഞ്ഞതുപോലെ അദ്ദേഹത്തില്‍ ഒന്നും നെഗേറ്റെവ് ആയിട്ടില്ല. എല്ലാം ഭാവാത്മകമാണ്.
ചിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ 1893 സപ്തംബര്‍ 11-ാം തീയതി നടത്തിയ ആദ്യ പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാചീനമായ സന്ന്യാസി പരമ്പരയുടെ പിന്തുടര്ച്ചക്കാരനായാണ് ഞാന്‍ ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. മതങ്ങളുടെ മാതാവായ ഹിന്ദുമതത്തിന്റെ പ്രതിനിധിയായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. നമുക്കോരോരുത്തര്‍ക്കും ഈ പൈതൃകം അവകാശപ്പെട്ടതാണ്. അതില്നിന്നുണ്ടാവുന്ന ആത്മവിശ്വാസവും അഭിമാനബോധവും അനന്തമാണ്.
അദ്ദേഹം തുടരുകയാണ്. ലോകം മുഴുവന്‍ വേട്ടയാടപ്പെട്ട് ജനവിഭാഗങ്ങള്‍ക്ക് അഭയം നല്കിയ നാടാണ് ഭാരതം. ചെറുപ്പം മുതല്‍ ഉരുവിട്ട് പഠിച്ച എവിടെ പെയ്യുന്ന മഴയും പല ചാലുകളിലൂടെ സമുദ്രത്തില്‍ തന്നെ എത്തിച്ചേരുന്നതുപോലെ ഏത് രൂപത്തിലുള്ള ഈശ്വര ആരാധനയും ഒരേ സത്യത്തില്‍ എത്തിച്ചേരുന്നു എന്ന് നാം വിശ്വസിക്കണം. ഭാരതത്തില്‍ മതസൗഹാര്‍ദ്ദം ഒരു നയമല്ല. ജീവിതരീതിയാണ്. ഹിന്ദുത്വം സാര്‍വലൗകിക മതസിദ്ധാന്തമാണ്. അതുകൊണ്ടാണ് നാം വസുധൈവ കുടുംബകം എന്ന് ചിന്തിച്ചത്. ലോക സമസ്ത സുഖിനൊ ഭവന്തു എന്ന് പ്രാര്‍ത്ഥിച്ചത്. സര്‍വെ ഭവന്തു സുഖിന. സര്‍വെ സന്തു നിരാമയ എന്ന് ആഗ്രഹിച്ചത്. ഏകം സത് വിപ്രാ ബുധാവദന്തി എന്ന് കണ്ടെത്തിയത്. ഈ സാര്‍വലൗകിക ഹിന്ദുത്വത്തിലേക്കാണ് നാം ഉയരേണ്ടത്. ഈ കാഴ്ചപ്പാടാണ് നാം സാക്ഷാത്കരിക്കേണ്ടത്. ഈ സത്യസാക്ഷാത്കാരത്തിലൂടെയാണ് ഹിന്ദു വിശ്വപൗരനായി വളരേണ്ടത്. ഈ സന്ദേശമാണ് നമുക്ക് ലോകത്തിന് നല്‍കാനുള്ളത്.
ചിക്കാഗോ മതമഹാസമ്മേളനത്തിലൂടെ സ്വാമിജി ലോകത്തിന് നല്കിയ സന്ദേശം ദേശിയ നവോത്ഥാനത്തിന് ആവേശം പകര്‍ന്ന സ്വാമിജിയുടെ സന്ദേശം ആര്ഷസംസ്ക്കാരത്തെക്കുറിച്ച് സ്വാമിജി നല്കിയ സന്ദേശം വീണ്ടും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിക്കൊണ്ട് ഭാരതത്തെ ഉണര്‍ത്താനുള്ള അവസരമാണ് സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷം. ഭാരതം മുഴുവന്‍ അതിനായി തയ്യാറെടുക്കുകയാണ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ജില്ലകളിലും പഞ്ചായത്തുകളിലും വരെ ആഘോഷ സമിതികള്‍ രൂപീകരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്ന യുവജനങ്ങള്‍, മഹിളകള്‍, പ്രബുദ്ധജനങ്ങള്‍, ഗ്രാമീണ ജനങ്ങള്‍ വനവാസി ജനവിഭാഗങ്ങള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളിലും എത്തുന്നവിധം പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നു. പുസ്തകങ്ങളും ലഘുലേഖകളും ചിത്രങ്ങളും പോസ്റ്ററുകളും അടങ്ങുന്ന പ്രചരണ സാമഗ്രികള്‍ തയ്യാറാവുന്നു. ശോഭായാത്രകളും സാമൂഹിക സൂര്യനമസ്ക്കാര യജ്ഞവും ജനങ്ങളെ ഉണര്‍ത്തുന്ന മാരത്തോണ്‍ ഓട്ടവും ആയി വിളംബര പരിപാടികള്‍ ചിന്തിച്ചിരിക്കുന്നു. ലഘുലേഖകളും ചിത്രവും പുസ്തകവുമായി മുഴുവന്‍ വീടുകളിലുമെത്തുന്നു. വമ്പിച്ച ജനസമ്പര്‍ക്ക പരിപാടി ചിന്തിച്ചിരിക്കുന്നു. പഞ്ചായത്ത് തലത്തില്‍ ചേരുന്ന ആഘോഷസമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന നേതൃസമ്മേളനങ്ങള്‍ യുവജനസമ്മേളനങ്ങള്‍ മഹിള ശക്തി സമ്മേളനങ്ങള്‍ ദമ്പതി സമ്മേളനങ്ങള്‍ സേവന പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രഭാഷണ പരമ്പരകള്‍ കഥ പ്രവചനങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികളിലൂടെ വലിയൊരു നവോത്ഥാനമാണ് നടക്കാന്‍ പോകുന്നത്.
പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന നല്ല ജനപങ്കാളിത്തമുള്ള ഈ പരിപാടികളിലൂടെ സ്വാഭാവികമായ ഹിന്ദുഐക്യം രൂപപ്പെടണം. ഒന്നിച്ചുവരാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അവസരമുണ്ടാവുമ്പോഴാണ് ഒന്നിച്ച് ചിന്തിക്കാനും ആരംഭിക്കുന്നത്. സംസ്ക്കാരം കൊണ്ട് കോര്‍ത്തിണക്കപ്പെട്ട ഹിന്ദു സമാജം ഉണ്ടാവണം. ഹിന്ദു നേതൃത്വം ഉണ്ടാവണം. ഹിന്ദു അവഗണനകള്‍ക്കും നീതി നിഷേധത്തിനും എതിരായ പ്രതികരണങ്ങള്‍ ഉണ്ടാവണം. വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ആകത്തുകയായി സാമൂഹ്യ സമരസത കൈവരിക്കാനാവണം. ഗ്രാമീണ തലത്തില്‍ ഹിന്ദു സമാജം ഹിന്ദു നേതൃത്വം എന്നിവ വളര്‍ന്ന് വരണം. ഹിന്ദുമതം-ഹിന്ദു ധര്‍മം ആദ്ധ്യാത്മികത ഇവ സജീവമാകണം. ഹിന്ദു സാംസ്ക്കാരിക മുദ്രകളെല്ലാം പ്രതിഷ്ഠിതമാവണം. ഹിന്ദു ജാഗരണം ഹിന്ദു നവോത്ഥാനം ഹിന്ദു സംഘടന എന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകണം. മതപരമായ ചടങ്ങുകളും രാഷ്ട്രീയ താല്‍പ്പര്യങ്ങളും ഈ ആഘോഷപരിപാടികളില്‍ നിന്നും നമുക്ക് ഒഴിവാക്കി നിറുത്താം. പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ആത്യന്തിക വിജയം ഉറപ്പാക്കുന്നത്.
പി.എന്‍.ഈശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: