ദേവസ്വം ബോര്‍ഡിന്റെ ഭരണം പിടിക്കാന്‍ നിയമഭേദഗതിക്കൊരുങ്ങുകയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും നേതൃത്വം നല്കുന്ന യുഡിഎഫ്. കേരളീയ സമൂഹത്തില്‍ യുഡിഎഫിനുണ്ടായ അനിവാര്യമായ ഒരു പതനമാണിത്. പ്രത്യേകിച്ചും കോണ്‍ഗ്രസിന്. എംഎല്‍എമാരില്‍ വിശ്വാസികള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്ന ആശയം നല്ലതാണ്. എന്നാല്‍ അതിലേക്കെത്തിച്ച സാഹചര്യമാണ് വിചാരണ ചെയ്യപ്പെടേണ്ടത്. ഹിന്ദുക്കള്‍ വോട്ടു ചെയ്യാന്‍ മടിക്കുന്ന ഒരു പ്രസ്ഥാനമായി യുഡിഎഫ് മാറിക്കൊണ്ടിരിക്കുന്നു. ഗതികിട്ടാ പ്രേതങ്ങളെപ്പോലെ അലയുന്ന ചിലരല്ലാതെ, പേരെടുത്തു പറയാന്‍ ആജ്ഞാശക്തിയുള്ള ഒരു ഹിന്ദു നേതാവില്ല കോണ്‍ഗ്രസില്‍. വാലു മുറിഞ്ഞ ചിലരുണ്ടെങ്കിലും ഉള്ളവര്‍ തന്നെ വാലാട്ടുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ്.
‘വക്കത്തു’നിന്ന് തുടങ്ങാം. ആചാര്യനായ സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന് ക്രിസ്തുവിന്റെ കോപ്പിയടിക്കാരന് മാത്രമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പ്രസ്താവിച്ചത് സിഎസ്ഐ സദസ്സിനെ സുഖിപ്പിക്കാന്‍! യേശു പറഞ്ഞത് മാത്രമാണ് വഴിയും സത്യവും ജീവനുമെന്നാണ്. അവനവന് തന്നെ വഴിയും സത്യവുമാകുന്നു. തത്വമസിപ്പൊരുളായ അദ്വൈതമാണ് ശ്രീനാരായണ ദര്‍ശനം. രണ്ടുപേരുടേയും അടിസ്ഥാന ചിന്തകള്‍ തന്നെ പരസ്പ്പര വിരുദ്ധമാണ്. മാത്രവുമല്ല, ശ്രീനാരായണനൊരിക്കലും മനുഷ്യനെ പാപിയായി കണ്ടിട്ടുമില്ല. തന്റെ ചിന്തകള്‍ ക്രിസ്തുവിന്റെ ദര്‍ശനങ്ങളുമായി ഒത്തുപോകുന്നവയായിരുന്നെങ്കില് ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ പ്രലോഭനമുണ്ടായിരുന്നിട്ടും മതം മാറുവാന്‍ ഗുരുദേവന് പിന്നെയെന്തായിരുന്നു തടസ്സം? മറിച്ച് മതം മാറ്റക്കാരെ “അടിച്ചകത്താക്കാനാണ്” അദ്ദേഹം ഉപദേശിച്ചത്. വക്കം പറഞ്ഞത്, പണ്ട് കെ.ആര്.നാരായണന് പറഞ്ഞതുപോലെയായി-ശ്രീ ശങ്കരന്റെ അദ്വൈത ദര്‍ശനം പ്രവാചകനില്‍നിന്ന് കടമെടുത്തതാണത്രെ! അദ്വൈത ദര്‍ശനവും ഇസ്ലാമിക വീക്ഷണവും കടലും കടലാടിയും പോലെയാണ് വക്കത്തെപ്പോലെ കോണ്‍ഗ്രസ് സംസ്ക്കാരനായിരുന്ന കെ.ആര്.നാരായണന് മുസ്ലീം സദസ്സിനെ സുഖിപ്പിക്കേണ്ടിയിരുന്നു. അതുപോലെ ക്ഷേത്രപ്രവേശന വിളംബരത്തെ വില കുറച്ചു കാണുക വഴി സിഎസ്ഐക്കാരുടെ കയ്യടിക്കുവേണ്ടി ഹൈന്ദവ നവോത്ഥാന നായകരെ ചെരിപ്പ് മാലയണിയിക്കുന്നുമുണ്ട് വക്കം. യജമാനനെ സുഖിപ്പിക്കാന്‍ കൂട്ടിക്കൊടുപ്പിനുപോലും തയ്യാറാകുന്ന ദാസന്മാരെപ്പോലെ സംഘടിതമത യജമാനന്മാരെ സുഖിപ്പിക്കാന്‍ സ്വന്തം സാംസ്ക്കാരിക പൈതൃകത്തെത്തന്നെ താറടിക്കുന്നവര്ക്കെങ്ങിനെ ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ വോട്ടു ചെയ്യും?
എന്റെ ചെറുപ്പത്തില്‍ തീണ്ടലും തൊടീലും കര്‍ശനമായിരുന്നു. തീണ്ടിയതിന്റെ പേരില്‍ ഞാനെത്രയോ തവണ കുളിച്ചിരിക്കുന്നു. ആദ്യമായി ഒരു പുലയ യുവാവുമായി തോളോടുതോള്‍ ചേര്‍ന്നുനിന്നത് ആര്‍എസ്എസ് ശാഖയിലാണ്. മറ്റുള്ളവര്‍ അയിത്താചരണത്തിനെതിരെ പ്രസംഗിച്ചു നടന്നപ്പോള്‍ അത് പ്രവര്‍ത്തിച്ചു കാണിച്ചവരാണ് ആര്‍എസ്എസുകാര്‍. അന്ന് കേവലം പ്രതിമയായിരുന്നു ശ്രീകൃഷ്ണന്. അപുര്‍വം ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ അര്‍ദ്ധരാത്രി പൂജയൊഴിച്ചാല്, അതില്‍ പങ്കെടുത്തിരുന്ന സവര്ണവിഭാഗങ്ങള്ക്കപ്പുറത്തേക്ക്, ലോകമാദരിക്കുന്ന ഭഗവദ്ഗീതയുടെ കര്‍ത്താവ് ഒന്നുമായിരുന്നില്ല. സംഘടിത ന്യൂനപക്ഷ മതപ്രചരണം സൃഷ്ടിച്ച ‘ഗ്രൗണ്ട് സീറോ’യില്‍ നിന്നുകൊണ്ട്, ബാല മനസ്സുകളിലൂടെ കേരളീയ സമൂഹത്തിലേക്ക് ശ്രീകൃഷ്ണ ചിന്തകള്‍ കടത്തിവിട്ടത് ബാലഗോകുലമായിരുന്നു. അവരാണ് ശ്രീകൃഷ്ണജയന്തി കലണ്ടറിലെ അടിവരയിട്ട തീയതിയാക്കി അംഗീകരിപ്പിച്ചത്. ചന്ദനവും കുങ്കുമവും ധരിച്ചു സ്കൂളിലും കോളേജിലും പോകുന്നത് മോശമാണെന്ന് ധരിച്ചിരുന്ന, നാലാള് കാണ്‍കെ അമ്പലത്തിന് മുമ്പില്‍ തൊഴുന്നത് കുറച്ചിലായി കണ്ടിരുന്ന അന്നത്തെ യുവതീ യുവാക്കള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് ഹൈന്ദവ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ഉയരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും അവരായിരുന്നു. ഇന്ന് അഷ്ടമിരോഹിണിതോറും ശ്രീകൃഷ്ണനെ മനസ്സിലും ശരീരത്തിലുമാവാഹിച്ച് കൊച്ചുകുഞ്ഞുങ്ങളും അവരുടെ അച്ഛനമ്മമാരും വര്‍ഗ്ഗ-വര്‍ണ്ണ ഭേദമന്യെ കേരളത്തിന്റെ തെരുവുകളെ സമൃദ്ധമാക്കുമ്പോള്‍ അയിത്താചരണത്തിന്റെ പേരില്‍ ഭ്രാന്താലയമെന്ന് ചീത്ത കേട്ട കേരളത്തില്‍ ഈ ഐക്യത്തിന്റെ നേര്ക്കാഴ്ചയൊരുക്കുന്നതും അവര്‍ തന്നെയെന്ന് തിരിച്ചറിയുക. അധികാരം കയ്യാളിയിട്ടും കോണ്‍ഗ്രസിന് സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ സാമൂഹ്യ ചലനങ്ങള്‍ അധികാരത്തിന് പുറത്തുനിന്നുകൊണ്ടുതന്നെ അവര്‍ സൃഷ്ടിച്ചു. അവരെയാണ് ഒരു പൗണ്ഡ്രക വാസുദേവന്‍, ഒരു കപട വിഷ്ണുനാമധാരി തീവ്രവാദിയെന്ന് വിളിച്ചത് ബിന്ലാദന്മാരെ സുഖിപ്പിക്കാന്‍….! മറ്റൊരു കോണ്‍ഗ്രസ് സംസ്ക്കാരിയായ പൗലോസ് മാസ്റ്ററുടെ ശ്രീനാരായണ നിന്ദയും ഇതോടു ചേര്‍ത്തുവായിക്കണം.
ഹിന്ദുക്കള്‍ തന്നെ ഹൈന്ദവാചാര്യന്മാരെ നിലത്തിട്ട് ചവിട്ടിയാല്‍, തക്കം പാര്‍ത്തിരിക്കുന്ന മറ്റുള്ളവരും കേറി കൈവയ്ക്കാതിരിക്കുമോ? മാസ്റ്ററതേ ചെയ്തുള്ളൂ.
കൈ വെട്ടിയും തലയരിഞ്ഞും പ്രതിഷേധിക്കുന്നവരെ ഭയമുണ്ട്. അവരാവശ്യപ്പെടുന്നതെന്തും നിരോധിച്ചുകൊടുക്കാനും അവരെ സുഖിപ്പിക്കാനും മത്സരമാണ്. അവര്‍ യജമാനന്മാരാണെങ്കില്‍, കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ച് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവര്‍ വെറും വാല്യക്കാരാണ്. (പൗലോസ് മാസ്റ്റര്‍ ഇന്നും അവിടെയുണ്ട്. ജോസഫ് സാറിന്റെ കാര്യമോ?) അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ വിദ്വാന്മാരൊക്കെ ഹിന്ദുവിന്റെ വിശ്വാസങ്ങളില്‍ കയറി നിരങ്ങുന്നത്. ബാലറ്റു പേപ്പറില്‍ ചിഹ്നം കാണുമ്പോള്‍ പക്ഷെ അരിയാഹാരം കഴിക്കുന്ന ഹിന്ദുക്കളില്‍ ചിലര്‍ ഇതൊക്കെ ഓര്ത്തുകൂടായ്കയില്ല. അത് യുഡിഎഫിനേയും കോണ്‍ഗ്രസിനേയും കൂടുതല്‍ വലിയ പതനത്തിലെത്തിക്കും. ഇത്തവണ ദേവസ്വം ബോര്‍ഡ് പിടിക്കാന്‍ ‘വിശ്വാസി എംഎല്‍എ’ മാര്‍ക്കു മാത്രമായി വോട്ടവകാശം ചുരുക്കേണ്ടിവന്നവര്ക്ക്, ഇനിയൊരിക്കല്‍ രക്ഷപ്പെടാന്‍ മറ്റുമത വിശ്വാസികള്‍ക്കുകൂടി വോട്ടവകാശം നല്കുന്ന ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരും, ഇങ്ങനെ പോയാല്‍…
വാസുദേവന്‍ പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: