കേരളപിറവിദിനമായ ഇന്നലെ മലയാള സര്‍വകലാശാല ഉദ്ഘാടനം ചെയ്യപ്പെട്ടത് സ്വാഗതാര്‍ഹമാണ്. തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ഓര്‍മ്മകള്‍ തത്തിക്കളിക്കുന്ന തിരൂരില്‍തന്നെ അതിന്റെ ആസ്ഥാനമാക്കിയതും ഉചിതമായി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം ഒഴിച്ച് എല്ലാറ്റിനും സര്‍വകലാശാലകളും ശ്രേഷ്ഠപദവിയുമുണ്ട്. മലയാളത്തിന്റെ ഒരു പോരായ്മ നികത്തപ്പെട്ടെങ്കിലും ഇനിയും ഒരുപാട് മുന്നേറാനിരിക്കുകയാണ്. മലയാളത്തിന് പരിഷ്കരണവും ഗവേഷണവും നടത്താനുള്ള ആസ്ഥാനം വരുന്നതിനെ ആഹ്ലാദത്തോടെയാണ് എല്ലാവരും കാണുന്നത്. സര്‍വകലാശാലയുടെ പ്രഥമവൈസ്ചാന്സലറായി കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക, ഔദ്യോഗിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച കെ.ജയകുമാര്‍ തന്നെ നിയോഗിക്കപ്പെട്ടതും അഭിനന്ദനാര്‍ഹമാണ്. ഈ സര്‍വകലാശാലയ്ക്കായി പദ്ധതി രേഖ തയ്യാറാക്കിയതു മുതല്‍ സ്പെഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ എല്ലാകാര്യങ്ങളും നിയന്ത്രിച്ച വ്യക്തിയാണ് ജയകുമാര്‍ എന്നതിനാല്‍ അധികം ബാലാരിഷ്ടതകള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാശിക്കാം.
കേരളത്തില്‍ സര്‍വകലാശാലയ്ക്ക് പഞ്ഞമൊന്നുമില്ല. അവിടങ്ങളില്‍ ലക്ഷണമൊത്ത പഠനസംവിധാനങ്ങളോ സൗകര്യങ്ങളോ ഇല്ലെന്നത് വസ്തുതയാണ്. രാഷ്ട്രീയക്കാരുടെ അതിപ്രസരവും രാഷ്ട്രീയ ഭിഷാംദേഹികളുടെ കേളീരംഗവുമായി സര്‍വകലാശാലകള്‍ മാറി എന്ന പരാതി എക്കാലവും ഉയരാറുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും നിലവാരമില്ലാത്ത അധ്യയനവിഷയങ്ങളും അദ്ധ്യാപകരുമെല്ലാം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വന്തമെന്നവകാശപ്പെട്ട കാലമുണ്ടായിരുന്നു. പലപ്പോഴും ലക്ഷ്യവും നടപടികളും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകാറില്ല. സംസ്കൃത സര്‍വകലാശാലതന്നെ അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ശൃംഗേരി ശങ്കരാചാര്യരുടെ ശക്തമായ പിന്‍ബലവും സഹായവും സ്വീകരിച്ച് സംസ്കൃത സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ വളരെ പ്രതീക്ഷയും പ്രത്യാശയും ജനിപ്പിച്ചതായിരുന്നു. എന്നാല്‍ ഏറെ കഴിയുംമുമ്പ് ആക്ഷേപങ്ങളുടെ കൂമ്പാരംതന്നെ ആ സ്ഥാപനം നേടിയെടുത്തു. സംസ്കൃതം എനിക്ക് നിശ്ചയമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന വ്യക്തി വൈസ്ചാന്‍സലര്‍ പദവി നേടിയെടുത്തു. സംസ്കൃതം മൃതഭാഷയെന്നും അതിന് പിന്തിരിപ്പന് സ്വഭാവമുണ്ടെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ തലപ്പത്തുവന്നാല്‍ എന്താകും അതിന്റെ ഭാവി എന്ന് ഊഹിക്കാവുന്നതേയുള്ളു.
തുടക്കത്തില്‍ രാഷ്ട്രീയത്തിനതീതമായ പ്രശസ്തനും പ്രഗത്ഭനുമായ വ്യക്തിയെ മലയാള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ സ്ഥാനത്ത് ലഭിച്ചു. അത് എത്രകാലം എന്ന് കണ്ടറിയണം. കാലാവധി തീരുമ്പോള്‍ തിരുകിക്കയറ്റാന്‍ ഇപ്പോള്‍ത്തന്നെ ആളെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാകും. അല്ലെങ്കില്‍ അതിനായി തയ്യാറെടുപ്പ് ആരംഭിച്ചിരിക്കും. അതാണ് അനുഭവം. മലയാളത്തിന്റെ ശക്തിയും പ്രസക്തിയും വര്‍ധിക്കാന്‍ സര്‍വകലാശാല മാത്രം പോര. ആത്മാര്‍പ്പണത്തോടെ അതിനായി പ്രവര്‍ത്തിക്കാന്‍ ശേഷിയും ശേമുഷിയുമുള്ളവര് അതിന്റെ എല്ലാതലങ്ങളിലും ഉണ്ടാകണം. മലയാള ഭാഷയുടെയും കേരളീയ കലകളുടെയും സംസ്കാരത്തിന്റെയും പതാകാവാഹകര്‍ സര്‍വകലാശാലയുടെ സുഗമമായ പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. മലയാളത്തെ അറിയാത്ത, അവജ്ഞയോടെ വീക്ഷിക്കുന്ന ഒരു തലമുറയുടെ സാന്നിദ്ധ്യം കേരളത്തിലുണ്ടെന്നത് മറുന്നകൂടാ. മലയാളത്തില്‍ മിണ്ടുന്നതും മുണ്ടുടുത്ത് വിദ്യാലയങ്ങളില്‍ ചെല്ലുന്നതും മ്ലേച്ഛമായി കരുതുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും നിലനില്ക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചേപറ്റൂ. മലയാളത്തെ ഒന്നാംഭാഷയാക്കി, നിര്‍ബന്ധിത പഠനഭാഷയാക്കി മാറ്റുമെന്ന ഭരണാധികാരികളുടെ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: