അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് കനത്തതിരിച്ചടി. കോണ്‍ഗ്രസ് ഭരണത്തിലുള്ള അപൂര്‍വ്വം കോര്‍പ്പറേഷനുകളിലൊന്നായ ഗാന്ധിനഗറില്‍ മേയറടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഭരണം നഷ്ടപ്പെടുകയായിരുന്നു.
തലസ്ഥാന നഗരിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനായ ഗാന്ധിനഗര്‍ കഴിഞ്ഞവര്‍ഷമാണ് നിലവില്‍ വന്നത്. 33 അംഗ നിയമസഭയില്‍ 18 സീറ്റ്നേടി ആദ്യവിജയം കോണ്‍ഗ്രസിനായിരുന്നു. അടുത്തിടെ മേയര്‍ മഹേന്ദ്രസിംഗ് റാണ സംസ്ഥാനമുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസന പദ്ധതികളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് കത്തെഴുതിയത് പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബുധനാഴ്ച മേയര്‍ മറ്റു രണ്ട് അംഗങ്ങള്‍ക്കൊപ്പം ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ ബിജെപി കോര്‍പ്പറേഷനില്‍ ഭൂരിപക്ഷംനേടി. കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേരാന്‍ ഒരുക്കമാണെന്ന് മേയറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കൂറുമാറ്റ നിയമം കോര്പ്പറേഷന് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണ് കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി മാറാതിരിക്കുന്നത്. ഗുജറാത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിടുന്ന കോണ്‍ഗ്രസിന് എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിലവില്‍ ഒന്നില്‍ മാത്രമാണ് ഭരണമുള്ളത്. ആകെയുള്ള 180 മുനിസിപ്പാലിറ്റികളില്‍ 150ലും ബിജെപിയാണ് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: